
തൃശ്ശൂര്‍: കെ-റെയില്‍ പദ്ധതിയെ പിന്തുണച്ച് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. സാങ്കേതിക തടസ്സങ്ങൾ പരിഹരിച്ചാൽ പദ്ധതി നടപ്പാക്കാൻ റെയിൽവേ തയ്യാറാകുകുമെന്ന് അദ്ദേഹം പറഞ്ഞു. തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷന് സന്ദര്‍ശിക്കവേയാണ് അശ്വിനി വൈഷ്ണവ് ഇക്കാര്യം വ്യക്തമാക്കിയത്. അങ്കമാലി എരുമേലി ശബരി പാതയ്ക്ക് കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം തൃശ്ശൂരിൽ പറഞ്ഞു.
സംസ്ഥാന സർക്കാർ തന്നെ കൈവിട്ട പദ്ധതിയാണ് കെ റെയിൽ. പദ്ധതി വൈകാന്‍ കാരണം കേന്ദ്ര അനുമതി ലഭിക്കാത്തതാണെന്നും സര്‍ക്കാര്‍ പറയുന്നു. കേന്ദ്രം മുഖം തിരിച്ചതും, ജനം എതിരായതുമാണ് പദ്ധതിയെ പ്രതിസന്ധിയിലാക്കിയത്. ഈ സമയത്താണ് കെ-റെയില്‍ പദ്ധതിയെ അനുകൂലിച്ച് റെയില്‍വേ മന്ത്രി രംഗത്തെത്തിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനുമായി ഡല്‍ഹില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. കെ- റെയില്‍ നടപ്പാക്കുന്നതില്‍ സാങ്കേതികവും പാരിസ്ഥിതികവുമായ ചില തടസങ്ങളുണ്ട്. അവ പരിഹരിച്ചാല്‍ പദ്ധതി നടപ്പാക്കാന്‍ റെയില്‍വേ സന്നദ്ധമാണെന്ന് അശ്വിനി വൈഷ്ണവ് അറിയിച്ചു.
മഹാരാഷ്ട്രയിൽ നടപ്പാക്കിയ മാതൃകയിൽ അങ്കമാലി എരുമേലി ശബരി പാത നടപ്പാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എറണാകുളം - ഷൊർണൂർ പാത ഒഴിച്ച് മുഴുവൻ മേഖലയിലും സാങ്കേതിക നിലവാരം വർധിപ്പിക്കാൻ ശ്രമം നടന്നു. എറണാകുളം കോട്ടയം തിരുവനന്തപുരം മൂന്ന് വരി പാതയ്ക്ക് 14% ഭൂമി മാത്രമാണ് സംസ്ഥാനം ഏറ്റെടുത്ത് നൽകിയതെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. കേരളത്തിന് കൂടുതൽ മെമു അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മംഗളൂരു-ഷൊര്‍ണൂര്‍ വരെയുള്ള മൂന്നും നാലും പാതകളും ഷൊര്‍ണൂരില്‍ നിന്ന് - എറണാകുളം - കോട്ടയം - തിരുവന്തപുരം വഴി കന്യാകുമാരി വരെയുള്ള മൂന്നാമത്തെയും പാത നിര്‍മിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.






