
1998 ല്‍ ഷാരൂഖ് ഖാനെയും മനീഷ കൊയ്രാളയെയും പ്രധാന കഥാപാത്രങ്ങളാക്കി മണിരത്നം സംവിധാനം ചെയ്ത ചിത്രമായിരുന്നു ദില്‍ സെ. ബോക്സോഫീസില്‍ കാര്യമായ ചലനം ചിത്രം ഉണ്ടാക്കിയില്ലെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തെ ആരാധകര്‍ ഒരു ക്ലാസിക് ചിത്രമായി കണക്കാക്കുന്നുണ്ട്.
ചിത്രത്തില്‍ ഓള് ഇന്ത്യ റേഡിയോയില്‍ ജോലി ചെയ്യുന്ന മാധ്യമപ്രവര്‍ത്തകനായ അമര്‍ ആയിട്ടായിരുന്നു ഷാരൂഖ് എത്തിയത്. ചിത്രത്തിന്റെ ക്ലൈമാക്സില്‍ ഷാരൂഖ് ഖാനും നായികയായ മനീഷ കൊയ്രാളയും കൊല്ലപ്പെടുന്നതായിട്ടായിരുന്നു കാണിച്ചത്.
എന്നാല്‍ ചിത്രത്തിന് മറ്റൊരു ക്ലൈമാക്സ് കൂടി മണിരത്നം തയ്യാറാക്കിയിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിലെ നായികയായിരുന്ന മനീഷ.
ഷാരൂഖ് ഖാന് മരണപ്പെടാതെ അതിജീവിക്കുന്നതായിട്ടായിരുന്നു ഈ ക്ലൈമാക്സ് എന്നും മനീഷ ഒരു അഭിമുഖത്തില്‍ പറഞ്ഞു. 1998 ല്‍ റിലീസ് ചെയ്ത ദില്‍ സെയ്ക്ക് എ ആര് റഹ്മാന് ആയിരുന്നു സംഗീതം പകര്‍ന്നത്.
ചിത്രത്തില്‍ മൊയ്ന എന്ന തീവ്രവാദി സ്ലീപ്പര്‍ സെല്‍ ആയിട്ടായിരുന്നു മനീഷ കൊയ്രാള അഭിനയിച്ചത്. മലയാളിയായ പ്രീതി നായരായി പ്രീതി സിന്റയും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. അസാമിലെ കലാപത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ചിത്രം കഥ പറഞ്ഞത്.
11 കോടി മുതല്‍ മുടക്കില്‍ നിര്‍മിച്ച ചിത്രം ബോക്സോഫീസില്‍ നിന്ന് 28 കോടിയോളം മാത്രമായിരുന്നു ചിത്രം നേടിയത്. തമിഴില്‍ ഉയിരെ എന്ന പേരിലും ചിത്രം റിലീസ് ചെയ്തിരുന്നു.






