
ന്യൂഡല്‍ഹി: പ്രശസ്ത ബ്രിട്ടീഷ്-ഇന്ത്യന്‍ എഴുത്തുകാരന് സല്മാന് റുഷ്ദി(76)യുടെ വിവാദ നോവലായ 'ദ് സാത്താനിക് വേഴ്സസ്' ഇന്ത്യയില്‍ ഇറക്കുമതി ചെയ്യാമെന്നു ഡല്‍ഹി ഹൈക്കോടതി. 1998-ല്‍ രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്തെ തീരുമാനത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ ഉത്തരവ്.
ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നു ആരോപിച്ച് കോണ്‍ഗ്രസ് സര്‍ക്കാര്‍ പുസ്തകം ഇറക്കുമതി ചെയ്യുന്നതും വില്‍ക്കുന്നതും നിരോധിച്ചിരുന്നു. ലോകമെമ്പാടുമുള്ള മുസ്ലീം വിഭാഗങ്ങള്‍ പുസ്തകത്തെ മതനിന്ദയാണെന്നു വിശേഷിപ്പിച്ചതിനാല്‍ ഇത് വലിയ രാജ്യാന്തര വിവാദത്തിനു തിരികൊളുത്തിയിരുന്നു.
1988 ഒക്ടോബര്‍ 5-ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സസ് ആന്‍ഡ് കസ്റ്റംസ് പുറത്തിറക്കിയ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ പുസ്തകം ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്നതു നിരോധിച്ചുകൊണ്ട് തനിക്ക് പുസ്തകം ഇറക്കുമതി ചെയ്യാന്‍ കഴിയില്ലെന്ന് ഹര്‍ജിക്കാരനായ സന്ദീപന്‍ ഖാന് കോടതിയിയെ അറിയിച്ചു.ഇതു സംബന്ധിച്ച വിജ്ഞാപനം വെബ്സൈറ്റില്‍ ലഭ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
വിജ്ഞാപനം ഉദ്യോഗസ്ഥരുടെ അടുത്തുപോലും ഇല്ലെന്നു അദ്ദേഹം കോടതിയില്‍ പറഞ്ഞു. ഈ സാഹചര്യത്തിലാണ് ഇറക്കുമതി നിരോധിച്ച തീരുമാനത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി നടപടികള്‍ അവസാനിപ്പിച്ചുകൊണ്ട് ഉത്തരവായത്. വിജ്ഞാപനം ഇറങ്ങിയെന്നു പറയുന്ന ദിവസം തൊട്ട് ഇതുവരെ അതിന്റെ കോപ്പി കോടതിയില്‍ പോലും ഹാജരാക്കാത്തതിനാല്‍ ഹര്‍ജിക്കാരനു അനുകൂലമായി കോടതി ഉത്തരവിടുകയായിരുന്നു.
2019 മുതല്‍ തീര്‍പ്പുകല്‍പ്പിക്കാത്ത ഹര്‍ജി ഫലശൂന്യമാണെന്നും പുസ്തകവുമായി ബന്ധപ്പെട്ട എല്ലാ നടപടികളും സ്വീകരിക്കാന്‍ ഹര്ജിക്കാരന് അര്‍ഹതയുണ്ടെന്നും ജസ്റ്റിസ് രേഖാ പള്ളിയുടെ നേതൃത്വത്തിലുള്ള ഹൈക്കോടതി ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവില്‍ നിരീക്ഷിച്ചു. ന്യൂയോര്‍ക്കിലാണ് സല്മാന് റുഷ്ദി കഴിയുന്നത്.
1988-ലാണ് 'ദ് സാത്താനിക് വേഴ്സ്' പുറത്തിറങ്ങിയത്. പുസ്തകത്തെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി ദൈവനിന്ദയായി പ്രഖ്യാപിക്കുകയും സല്മാന് റുഷ്ദിയെ ആഗോള ദൈവനിന്ദയുടെ പ്രതീകമാക്കുകയും ചെയ്തു. അന്നു മുതല്‍ അദ്ദേഹം വധഭീഷണി നേരിടുകയാണ്. 2022 ഓഗസ്റ്റില്‍ അദ്ദേഹത്തിനെതിരേ വധശ്രമമുണ്ടായി. ആക്രമണത്തില്‍ അദ്ദേഹത്തിന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമാകുകയും ചെയ്തു.






