
ന്യൂഡല്‍ഹി: നീതിപീഠത്തോടു യാത്രപറഞ്ഞ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. 2022 നവംബര്‍ 9-ന് ചുമതലയേറ്റ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ രണ്ട് വര്‍ഷത്തെ കാലാവധി അവസാനിച്ചതോടെയാണ് ഇന്നലെ അദ്ദേഹം പദവിയില്‍നിന്നു വിരമിച്ചത്. ''നാളെ മുതല്‍ എനിക്ക് നീതി നല്കാന് കഴിയില്ല. എങ്കിലും, ഞാന്‍ സംതൃപ്തനാണ്...''- യാത്രയയപ്പ് വേളയില്‍ ചന്ദ്രചൂഡ് മനസ് തുറന്നു.
യാത്രയയപ്പ് ചടങ്ങ് എപ്പോള്‍ ആരംഭിക്കണമെന്ന് രജിസ്ട്രാര്‍ ജുഡീഷ്യല്‍ ചോദിച്ചപ്പോള്‍, ഉച്ചയ്ക്ക് രണ്ടു മണി എന്നാണ് ഞാന്‍ പറഞ്ഞത്. തീര്‍പ്പാക്കാത്ത ഏതാനും കേസുകള്‍ കൂടി പൂര്‍ത്തിയാക്കാമല്ലോ എന്നു കരുതിയായിരുന്നു അത്. പിന്നെ ഞാന്‍ തന്നെ ഓര്‍ത്തു: വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് ആരെങ്കിലും ഇവിടെയുണ്ടാകുമോ? അതോ ഞാന്‍ എന്നെത്തന്നെ സ്ക്രീനില്‍ നോക്കിനില്ക്കുമോ?
തന്റെ കരിയറിനെപ്പറ്റി ചന്ദ്രചൂഡ് പറഞ്ഞു: 'ന്യായാധിപന്മാരുടെ ജോലി തീര്‍ഥാടകര്‍ക്ക് തുല്യമാണ്. സേവനസന്നദ്ധനായി ദിവസവും കോടതിയിലെത്തുന്നു. ചെയ്യുന്ന ജോലികള്‍ വിജയമോ വിനാശമോ വരുത്താം. ഈ കോടതിയെ അലങ്കരിക്കുകയും ബാറ്റണ്‍ കൈമാറുകയും ചെയ്ത മഹാന്മാരായ ജഡ്ജിമാര്‍ക്ക് ആദരമര്‍പ്പിക്കുന്നു.' ഏറെ കഴിവുറ്റ ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ കൈകളില്‍ ബെഞ്ച് ഏല്‍പ്പിക്കുന്നതില്‍ ആശ്വാസവുമുണ്ട്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ ജുഡീഷ്യറിയുടെ 'റോക്ക് സ്റ്റാര്‍' എന്ന് വിശേഷിപ്പിച്ച് സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസിനെ ആദരിക്കാന്‍ അഭിഭാഷകരും ബാര്‍ അംഗങ്ങളും ഒത്തുകൂടി. പിന്‍ഗാമിയായി നവംബര്‍ 11-ന് 51-ാമത് ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്യുന്ന ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു: 'ജസ്റ്റിസ് ചന്ദ്രചൂഡിന്റെ കോടതിയില്‍ ഹാജരാകാന്‍ എനിക്ക് ഒരിക്കലും അവസരം ലഭിച്ചിട്ടില്ല, എന്നാല്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും മറ്റുമായി അദ്ദേഹം ചെയ്തതൊക്കെ താരതമ്യത്തിന് അതീതമാണ്.'
രണ്ടു വര്‍ഷം ഇന്ത്യന്‍ നീതിപീഠത്തിന്റെ തലപ്പത്ത് ആയിരുന്ന വേളയില്‍ ജസ്റ്റിസ് ചന്ദ്രചൂഡ് സുപ്രധാന വിധിന്യായങ്ങളുടെ ഒരു പരമ്പര തന്നെ രചിച്ചു. ജമ്മു കശ്മീരിന്റെ രാഷ്ട്രീയ ഭൂപടത്തെത്തന്നെ മാറ്റിമറിച്ച് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതു ശരിവച്ച ഭരണഘടനാ ബെഞ്ചിന്റെ അധ്യക്ഷത വഹിച്ച ജസ്റ്റിസ് ചന്ദ്രചൂഡ്, 2024 സെപ്റ്റംബറോടെ തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിടുകയും 'എത്രയും വേഗം' സംസ്ഥാന പദവി പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു.
മറ്റൊരു സുപ്രധാന വിധിയില്‍, സ്വവര്‍ഗ വിവാഹങ്ങള്‍ക്കു സാധുത നല്കി സ്പെഷല്‍ മാര്യേജ് ആക്ടില്‍ മാറ്റം വരുത്താന്‍ ജസ്റ്റിസ് ചന്ദ്രചൂഡ് വിസമ്മതിച്ചു. എന്നാലും, എല്‍.ജി.ബി.ടി സമൂഹത്തിന്റെ അവകാശങ്ങള്‍ക്കായി അദ്ദേഹം ഉറച്ചുനിന്നു. ഒടുവില്‍, ഇലക്ടറല്‍ ബോണ്ട് സമ്പ്രദായം അവസാനിപ്പിക്കാന്‍ ഉത്തരവിട്ടതും ഇനി അത്തരം ബോണ്ടുകള്‍ ഇറക്കരുതെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോട് നിര്‍ദേശിച്ചതും ജസ്റ്റിസ് ചന്ദ്രചൂഡിന്റെ ബെഞ്ചായിരുന്നു.






