
തിരുവനന്തപുരം: ആത്മകഥാ വിവാദം കത്തിനില്‍ക്കെ ഇന്ന് ചേരുന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇ.പി. ജയരാജന് പങ്കെടുക്കുമെന്നു സൂചന. ബന്ധപ്പെട്ട കാര്യങ്ങള്‍ അദ്ദേഹം നേരിട്ടു പാര്‍ട്ടിയെ ധരിപ്പിക്കുമെന്ന് അദ്ദേഹവുമായി അടുത്ത കേന്ദ്രങ്ങള്‍ വ്യക്തമാക്കി.
'കട്ടന്‍ചായയും പരിപ്പുവടയും: ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം' എന്ന പേരില്‍ പുസ്തകത്തിന്റെ കവറും ചില ഉള്ളടക്കഭാഗങ്ങളും പുറത്തുവന്നതോടെയാണ് വിവാദങ്ങള്‍ക്കു തുടക്കം. ഇതിനു പിന്നാലെ ജയരാജന് ചില വിശദീകരണങ്ങള്‍ നടത്തുകയും പ്രസാധകരായ ഡി.സി. ബുക്സിനെതിരേ വക്കീല്‍ നോട്ടീസ് അയയ്ക്കുകയും ചെയ്തെങ്കിലും പാര്‍ട്ടി നേതൃത്വത്തിനിടയില്‍ ചില സംശയങ്ങള്‍ ബാക്കിയാണ്.
അതുകൊണ്ടുതന്നെ, പാര്‍ട്ടിതലത്തില്‍ ഇതുമായി ബന്ധപ്പെട്ട് അനേ്വഷണം നടക്കാനിടയുണ്ട്. ഇൗ സാധ്യത നിലനില്‍ക്കെയാണ് സംസ്ഥാന സെക്രട്ടേറിയറ്റില്‍ ജയരാജന് കാര്യങ്ങള്‍ വിശദീകരിക്കുമെന്ന സൂചനകള്‍ പുറത്തുവരുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ തിരുത്തല്‍ നടപടിയുടെ ഭാഗമായാണ് ജയരാജനെ ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്തുനിന്നു മാറ്റിയത്. അതിനുശേഷം ഇ.പി. ജയരാജന് പാര്‍ട്ടികമ്മിറ്റികളില്‍ ഒന്നും പങ്കെടുത്തിരുന്നില്ല. ഇതിനിടെയാണ്, സി.പി.എമ്മിനെ വീണ്ടും വെട്ടിലാക്കി ജയരാജന്റേതെന്ന പേരില്‍ ആത്മകഥയുടെ ഭാഗം പുറത്തുവന്നത്. എന്തായാലും ജയരാജന്റെ വിശദീകരണത്തിനു ശേഷമാകും ഇക്കാര്യത്തില്‍ എന്തുവേണമെന്ന തീരുമാനത്തില്‍ പാര്‍ട്ടി എത്തിച്ചേരുക.
ബി.ജെ.പി. നേതാവ് പ്രകാശ് ജാവ്ദേക്കറുമായുള്ള ബന്ധത്തില്‍ ജയരാജനെതിരേ പാര്‍ട്ടിതല അനേ്വഷണം നടക്കുന്നുണ്ട്. ഇതോടൊപ്പം ആത്മകഥാ വിവാദവും ഉള്‍പ്പെടുത്തുമെന്നാണ് അറിയുന്നത്.
ഡി.സി. ബുക്സിനെതിരേയുള്ള വക്കീല്‍ നോട്ടീസില്‍ പുസ്തകം പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ജയരാജന് ആവശ്യപ്പെട്ടിട്ടുണ്ട്. ആത്മകഥ ഇനിയും എഴുതി പൂര്‍ത്തിയാക്കിയിട്ടില്ലെന്നും അച്ചടിക്കാനോ പ്രസിദ്ധീകരിക്കാനോ ആരെയും ഏല്‍പ്പിച്ചിട്ടില്ലെന്നുമാണ് പരാതിയില്‍. മാധ്യമങ്ങള്‍ വഴി പുറത്തുവന്നത് തെറ്റായ കാര്യങ്ങളാണ്. ആത്മകഥയുടെ പേരോ കവര്‍ പേജോ പോലും തീരുമാനിച്ചിട്ടില്ലെന്നും പരാതിയിലുണ്ട്.






