
തമിഴകത്തിന്റെ പ്രിയതാരമായ സൂര്യയുടെ ഓരോ സിനിമയ്ക്കു വേണ്ടിയും വലിയ ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. സിനിമ അനൗണ്‍സ് ചെയ്യുമ്പോള്‍ തന്നെ അതിന്റെ ഓരോ അപ്ഡേഷനും വേണ്ടിയും അവസാനം തിയേറ്ററില്‍ സിനിമയെത്തുമ്പോള്‍ ഹര്‍ഷാരവത്തോടെ സ്വീകരിക്കാനും പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കാറുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ തിയേറ്ററിലെത്തിയ ശിവ സംവിധാനം ചെയ്ത് സൂര്യ നായകനായ ചിത്രമാണ് കങ്കുവ. വമ്പന്‍ ഹൈപ്പ് നല്കി തിയേറ്ററിലെത്തിയ ഈ ചിത്രം രണ്ട് വർഷത്തോളം ഷൂട്ടിങ് ചെയ്തതാണ്. ചിത്രത്തിനായി സൂര്യ നന്നായി കഷ്ടപ്പെട്ടിട്ടുമുണ്ടായിരുന്നു. വലിയ ഹൈപ്പോടെ എത്തിയതു കൊണ്ടാകാം നെഗറ്റീവ് റിവ്യൂകളും സിനിമയ്ക്ക് വരുന്നുണ്ട്. അതിലേറ്റവും മുന്നില്‍ നില്ക്കുന്നതും കൂടുതല്‍ ആളുകള്‍ പറയുന്നതും അതിന്റെ സൗണ്ട് മിക്സിങ് ആണ്. ചെവിയില്‍ തുളച്ച് കയറുന്ന തരത്തിലാണ് സൗണ്ടെന്നും സിനിമ കാണാനെത്തുന്നവർക്ക് തലവേദന ഉണ്ടാക്കുമെന്നും അഭിപ്രായം ഉയർന്നിരുന്നു.
ഇപ്പോഴിതാ ഇതിനോട് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിക്കുകയാണ് റസൂല്‍ പൂക്കുട്ടി. ഇത്തരം പോപ്പുലർ സിനിമകളില്‍ സൗണ്ടിനെക്കുറിച്ച് പരാതി ഉയർന്നുവരുന്നത് നിരാശ ഉണ്ടാക്കുന്നുവെന്നും ഉച്ചത്തിലുള്ള ശബ്ദം കാരണം സിനിമയുടെ കലയും കരകൗശലവും ആരും ശ്രദ്ധിക്കാതെ പോയെന്നും റസൂല്‍ സോഷ്യല്‍ മീഡിയയിലൂടെ കുറിച്ചു. ഇക്കാര്യത്തില്‍ ആരെയാണ് കുറ്റപ്പെടുത്തേണ്ടതെന്നും റസൂല്‍ ചോദിക്കുന്നു.
‘‘എന്റെ ഒരു സുഹൃത്ത്, ഒരു റീ-റെക്കോർഡിംഗ് മിക്സർ എനിക്ക് ഈ ക്ലിപ്പ് അയച്ചുതന്നു. ഇതുപോലെയുള്ള നമ്മുടെ ജനപ്രിയ സിനിമകളിലെ ശബ്ദത്തെക്കുറിച്ചുള്ള ഒരു അവലോകനം കാണുമ്പോൾ നിരാശയുണ്ട്. ശബ്ദത്തിന്റെ യുദ്ധത്തിൽ നമ്മുടെ കരകൗശലവും കലയും അകപ്പെട്ടു... ആരെയാണ് കുറ്റപ്പെടുത്തേണ്ടത് ? സൗണ്ട് ഡിസൈനറെയാണോ ? അല്ലെങ്കിൽ എല്ലാ അരക്ഷിതാവസ്ഥകളും പരിഹരിക്കുന്നതിന് അവസാന നിമിഷത്തിൽ എണ്ണമറ്റ പരിഹാരങ്ങൾ തരുന്നവരെയോ അവസാന നിമിഷം ഈ കുറവുകള്‍ വരുത്തിയവരെയാണോ. ഞങ്ങളുടെ സാഹോദര്യത്തിന് നിങ്ങളുടെ കാലുകൾ താഴ്ത്തി കാര്യങ്ങൾ കാര്യങ്ങള്‍ വ്യക്തമായും ശക്തമായും സംസാരിച്ച് മാപ്പുപറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. തിയേറ്ററിലെത്തുന്നവർക്ക് തലവേദന സമ്മാനിക്കാതിരിക്കാൻ, തലവേദനയുമായി പ്രേക്ഷകർ ഇറങ്ങിപ്പോയാൽ ഒരു സിനിമയ്ക്കും ആവർത്തന മൂല്യമുണ്ടാകില്ല...’’ റസൂല്‍ പൂക്കുട്ടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.






