
തമിഴകത്തിന്റെ പ്രിയ താരമായ സൂര്യയുടെ സിനിമകള്‍ക്ക് വേണ്ടി ആരാധകര്‍ കാത്തിരിക്കുന്നത്. രണ്ടു വര്‍ഷം ശാരീരികമായും മാനസികമായും ഏറെ കഷ്ടപ്പെട്ട് ആരാധകര്‍ക്ക് മുന്നിലെത്തിച്ച സിനിമയാണ് സിരുത്തൈ ശിവ സംവിധാനം ചെയ്ത ഫാന്റസി പിരീഡ് ഡ്രാമ ചിത്രം ‘കങ്കുവ’. വലിയ ഹൈപ്പോടെയായിരുന്നു സിനിമയുടെ ഓരോ അപ്ഡേറ്റുകളും പ്രേക്ഷകരുടെ മുന്നിലെത്തിയിരുന്നത്. പക്ഷേ ഏറെ പ്രതീക്ഷകളോടെ പുറത്തിറങ്ങിയ ചിത്രത്തിന് മോശം പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും ലഭിക്കുന്നത്.
ചിത്രത്തിന്റെ ആദ്യ പ്രദർശനം കഴിഞ്ഞത് മുതല്‍ സിനിമയിലെ അമിത ശബ്ദത്തെയും പശ്ചാത്തലസംഗീതത്തെയും കുറിച്ചുള്ള പരാതികള്‍ സോഷ്യല്‍ മീഡിയയില്‍ ഉയർന്നു വന്നു.
ഇപ്പോഴിതാ സിനിമയുടെ നിർമാതാവായ കെഇ ജ്ഞാനവേല്‍ രാജ തന്നെ ഈ പരാതികളോട് പ്രതികരിക്കുകയാണ്. ചിത്രത്തിന്റെ മൊത്തം ശബ്ദത്തില്‍ പ്രശ്നമുണ്ടെന്ന് പരാതി ലഭിച്ചെന്നും അത് പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നുമാണ് ജ്ഞാനവേല്‍ രാജ പറഞ്ഞത്.
‘‘ചിത്രത്തിന്റെ മൊത്തം ശബ്ദത്തില്‍ പ്രശ്നമുണ്ടെന്ന് ഞങ്ങള്‍ക്ക് പരാതികള്‍ ലഭിച്ചിട്ടുണ്ട്. അത് പരിഹരിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നുണ്ട്. എല്ലാ എക്സിബിറ്റർമാരുമായും ഞങ്ങള്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും ചിത്രത്തിന്റെ സൗണ്ട് ലെവല്‍ രണ്ട് പോയിന്റ് കുറക്കാൻ ആവശ്യപ്പെട്ടെന്നും ജ്ഞാനവേല്‍ രാജ കൂട്ടിച്ചേര്‍ത്തു. ഇന്ന് രാത്രി മുതലോ നാളെ രാവിലെയോ ആരംഭിക്കുന്ന ഷോകള്‍ ഈ പ്രശ്നം പരിഹരിച്ചുകൊണ്ടാകും പ്രദർശനം ആരംഭിക്കുന്നത്...’’ ജ്ഞാനവേല്‍ രാജ പറഞ്ഞു.
അതേസമയം സിനിമയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങളില്‍ നിർമാതാവ് കെഇ ജ്ഞാനവേല്‍ രാജ സന്തോഷം പങ്കുവച്ചിട്ടുണ്ട്. ‘‘പല സിനിമകള്‍ക്കും ആദ്യദിനത്തില്‍ സമ്മിശ്ര പ്രതികരണമാണ് ലഭിക്കാറുള്ളത്. എന്നാല്‍ പിന്നീട് അവയുടെ സ്ഥിതി മാറുകയാണ് ചെയ്യാറ്. കങ്കുവയുടെ കാര്യത്തിലും ഞാൻ അങ്ങനെ തന്നെ പ്രതീക്ഷിക്കുന്നു. നാല് ദിവസത്തിനുള്ളില്‍ സൂര്യയുടെ കരിയറിലെ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ ചിത്രമായി
കങ്കുവ മാറും....’’ ജ്ഞാനവേല്‍ രാജ കൂട്ടിച്ചേർത്തു.
ചിത്രത്തിന്റെ ശബ്ദ മിശ്രണം അസഹനീയമാണെന്നും സിനിമ കണ്ടിറങ്ങിയപ്പോള്‍ പോലും തിയേറ്ററികത്തെ ശബ്ദം കൊണ്ടുണ്ടായ ബുദ്ധിമുട്ട് അവസാനിച്ചില്ലെന്നും പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞിരുന്നു. കങ്കുവയുടെ പല സീനുകളിലെയും ശബ്ദം 100 ഡെസിബലിനും മുകളില്‍ ആയിരുന്നെന്ന് തെളിയിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു.
കഴിഞ്ഞ ദിവസം ഓസ്കർ ജേതാവ് റസൂല്‍ പൂക്കുട്ടി ഇതിനെതിരെ പ്രതികരണവുമായി ഇന്നലെ രംഗത്തെത്തിയിരുന്നു. ‘‘നമ്മുടെ ജനപ്രിയ സിനിമകളിലൊന്നിന്റെ സൗണ്ടിനെക്കുറിച്ചുള്ള റിവ്യൂ കാണുമ്ബോള്‍ നിരാശയുണ്ടെന്നും പ്രേക്ഷകർ തലവേദനയെടുത്ത് ഇറങ്ങിപ്പോയാല്‍ ഒരു സിനിമയ്ക്കും റിപീറ്റ് വാല്യു ഉണ്ടാകില്ല...’’ എന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു.
സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍ രാജ, യു വി ക്രിയേഷൻസിന്റെ ബാനറില്‍ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കങ്കുവ, ഫ്രാൻസിസ് എന്നിങ്ങനെ ഇരട്ടവേഷങ്ങളില്‍ സൂര്യ എത്തുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ദിഷ പഠാണിയാണ് നായികാ വേഷം ചെയ്യുന്നത്.
കോവൈ സരള, യോഗി ബാബു, ആനന്ദരാജ്, ജി മാരിമുത്തു, ബാല ശരവണൻ തുടങ്ങിയവരും സിനിമയിലുണ്ട്. ബോളിവുഡ് നടൻ ബോബി ഡിയോളാണ് ചിത്രത്തിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.






