
ചെന്നൈ: തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ഇന്നലെ ഉച്ചയോടെ ഫെന്‍ഗല്‍ ചുഴലിക്കാറ്റായി മാറി. ഇന്ന് ഉച്ചയോടെ കാരയ്ക്കലിനും മഹാബലിപുരത്തിനുമിടയില്‍ കരതൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 90 കിലോമീറ്റര്‍ വേഗതയില്‍വരെ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ചുഴലിക്കാറ്റിനെത്തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പ്പേട്ട് ജില്ലകളില്‍ സ്കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചു. നിലവില്‍ ചെന്നൈക്ക് 190 കിലോമീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റുള്ളത്. തമിഴ്നാട് -തെക്കന്‍ ആന്ധ്രാ തീരമേഖല അതീവജാഗ്രതയിലാണ്. തമിഴ്നാട്ടില്‍ കനത്ത ജാഗ്രത നിര്‍ദേശം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ചെന്നൈയിലേക്കും തിരിച്ചുമുള്ള 13 വിമാനങ്ങളാണ് ഇന്നലെ റദ്ദാക്കിയത്.
ശനിയാഴ്ച സ്പെഷ്യല്‍ ക്ലാസുകളോ പരീക്ഷകളോ നടത്തരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. സാഹചര്യത്തിനനുസരിച്ച് മഴ മുന്നറിയിപ്പുള്ള മറ്റ് ജില്ലകളിലെ കലക്ടര്‍മാര്‍ക്ക് വിദ്യാഭ്യാസസ്ഥാപനങ്ങളുടെ അവധി സംബന്ധിച്ച തീരുമാനം എടുക്കാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.ഗൂഡല്ലൂര്‍, വിഴുപുരം, കള്ളാക്കുറിച്ചി, മയിലാടുതുറൈ ജില്ലകളിലും കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. ഈസ്റ്റ് കോസ്റ്റ് റോഡ്, ഓള്‍ഡ് മഹാബലിപുരം റോഡ് എന്നിവിടങ്ങളില്‍ ഉച്ചയ്ക്കുശേഷം ഗതാഗതനിയന്ത്രണമുണ്ട്. ബീച്ച്, അമ്യൂസ്മെന്റ് പാര്‍ക്ക് എന്നിവിടങ്ങളിലെ സന്ദര്‍ശനം ഒഴിവാക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കാന്‍ ഐ.ടി. കമ്പനികളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസ്റ്റന്‍സ് എഡ്യുക്കേഷനും മദ്രാസ് യൂണിവേഴ്സിറ്റിയും ശനിയാഴ്ച നടത്താനിരുന്ന യു.ജി. പരീക്ഷകള്‍ മാറ്റിവെച്ചു. ചെന്നൈയിലെ ബീച്ചുകളിലും പാര്‍ക്കുകളിലും ഇന്ന് പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാവില്ലെന്ന് ഗ്രേറ്റര്‍ ചെന്നൈ കോര്പ്പറേഷന് കമ്മിഷണല്‍ ജെ. കുമരഗുരുബരന് അറിയിച്ചു.മുന്നറിയിപ്പിനെത്തുടര്‍ന്ന് തമിഴ്നാട്ടിലേക്കുള്ള രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ സന്ദര്‍ശനം മാറ്റിവെച്ചു.






