
ന്യൂഡല്‍ഹി/വാഷിങ്ടണ്‍: അധികാരമേല്‍ക്കുന്നതിനു പിന്നാലെ യു.എസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ 'നാടുകടത്തല്‍' നടപ്പാക്കുമെന്നു നിയുക്ത യു.എസ്. പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. നാടുകടത്താനായി യു.എസ്. ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ഐ.സി.ഇ.) തയാറാക്കിയ പട്ടികയില്‍ ഏകദേശം 18,000 ഇന്ത്യക്കാരെന്ന് റിപ്പോര്‍ട്ട്.
നിയമാനുസൃതമായ രേഖകളില്ലാതെ യു.എസില്‍ താമസിക്കുന്ന, വിവിധ രാജ്യങ്ങളില്‍നിന്നുള്ള ഏകദേശം 15 ലക്ഷം ആളുകളുടെ പട്ടികയാണ് ഐ.സി.ഇ. തയാറാക്കിയത്. നവംബറില്‍ ഐ.സി.ഇ. പുറത്തുവിട്ട രേഖയനുസരിച്ച് ഇതില്‍ 17,940 ഇന്ത്യക്കാരുണ്ട്. 2025 ജനുവരി 20 നാണ് ട്രംപ് സ്ഥാനമേല്‍ക്കുന്നത്. പ്യൂ റിസര്‍ച്ച് സെന്ററിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍നിന്ന് ഏകദേശം 7,25,000 അനധികൃത കുടിയേറ്റക്കാരാണു യു.എസിലുള്ളത്. അനധികൃത കുടിയേറ്റക്കാരുടെ സംഖ്യയില്‍ മെക്സിക്കോയ്ക്കും എല്‍ സാല്‍വഡോറിനും പിന്നില്‍ മൂന്നാം സ്ഥാനത്താണിത്.
ആയിരക്കണക്കിന് ഇന്ത്യക്കാര്‍ യു.എസിലെ തങ്ങളുടെ താമസം നിയമാനുസൃതമാക്കാനുള്ള തത്രപ്പാടിലാണ്. ഐ.സി.യില്‍നിന്നുള്ള അനുമതിക്ക് വര്‍ഷങ്ങളായി കാത്തിരിക്കുന്നവരാണു ഭൂരിപക്ഷവും. അതിനിടെ, കഴിഞ്ഞ മൂന്നു സാമ്പത്തിക വര്‍ഷങ്ങള്‍ക്കിടെ അനധികൃതമായി യു.എസ്. അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതിന് 90,000 ഇന്ത്യക്കാര്‍ പിടിയിലായെന്നാണു റിപ്പോര്‍ട്ട്. ഐ.സി.ഇ. രേഖകള്‍ പ്രകാരം നാടുകടത്തില്‍ പട്ടികയില്‍ മുന്നില്‍ ഹോണ്ടുറസില്നിന്നുള്ളവരാണ്- 261,651 പേര്. ഗ്വാട്ടിമാല, മെക്സിക്കോ, എല്‍ സാല്‍വഡോര്‍ എന്നിവയാ തൊട്ടുപിന്നില്‍.
അതേ സമയം, നാടുകടത്തലുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തങ്ങളുമായി സഹകരിക്കാത്ത രാജ്യമായാണ് ഐ.സി.ഇ. ഇന്ത്യയെ മുദ്രകുത്തുന്നത്. പൗരന്മാരെ തിരിച്ചു സ്വീകരിക്കാനുള്ള നടപടികള്‍ യഥാസമയം സ്വീകരിക്കുന്നല്ലെന്നാണു പരാതി. ഇന്ത്യ, ഭൂട്ടാന്, മ്യാന്മര്, ക്യൂബ, കോംഗോ, എറിത്രിയ, എത്യോപ്യ, ഹോങ്കോംഗ്, ഇറാന്, ലാവോസ്, പാകിസ്താന്, ചൈന, റഷ്യ, സൊമാലിയ, വെനസേ്വല എന്നീ 15 രാജ്യങ്ങളെയാണ് ഐ.സി.ഇ. സഹകരിക്കാത്തവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.






