
വഡോദര: വെസ്റ്റ് ഇന്‍ഡീസ് വനിതകള്‍ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് കൂറ്റന്‍ ജയം. വഡോദര, കൊടാംബി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ 211 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 314 റണ്‍സാണ് അടിച്ചെടുത്തത്. മറുപടി ബാറ്റിംഗില്‍ വെസ്റ്റ് ഇന്‍ഡീസ് 26.2 ഓവറില്‍ 103 റണ്‍സിന് എല്ലാവരും പുറത്തായി. അഞ്ച് വിക്കറ്റ് രേണുക താക്കൂറാണ് വിന്‍ഡീസിനെ തകര്‍ത്തത്.
മോശം തുടക്കമായിരുന്നു വിന്‍ഡീസിന്. ഒരു ഘട്ടത്തില്‍ 13 ഓവവറില്‍ ആറിന് 34 എന്ന പരിതാപകരമായ നിലയിലായിരുന്നു വിന്‍ഡീസ്. ഓപ്പണര്‍മാരായ ക്വാന ജോസഫ്, ഹെയ്ലി മാത്യൂസ് എന്നിവര്‍ റണ്‍സെടുക്കും മുമ്പ് മടങ്ങി. ഡിയേന്ദ്ര ഡോട്ടിന് (8), റഷാദ വില്യംസ് (3), ആലിയ അലെയ്നെ (13) എന്നിവര്‍ വന്നത് പോലെ മടങ്ങി. ഷെമെയ്നെ കാംപെല്‍ (21), അഫി ഫ്ളെച്ചര്‍ (22 പന്തില്‍ പുറത്താവാതെ 22) എന്നിവര്‍ മാത്രമാണ് കുറച്ചെങ്കിലും പിടിച്ചുനിന്നത്. ഷാബിക ഗജ്നബി (3ധ, സൈദാ ജെയിംസ് (9), കരിഷ്മ റാംഹരാക് (11), ഷമിലിയ കോന്നല്‍ (8) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 314 റണ്‍സാണ് അടിച്ചെടുത്തത്. 102 പന്തില്‍ 91 റണ്‍സെടുത്ത സ്മൃതി മന്ദാനയാണ് ടോപ് സകോറര്‍. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി.






