
തൃശൂര്‍: ഹോര്‍ത്തൂസ് മലബാറിക്കൂസ് ഇംഗ്ളീഷിലും മലയാളത്തിലും എത്തിച്ച ഗവേഷകനും പ്രമുഖ സസ്യശാസ്ത്രജ്ഞനും പത്മശ്രീ ജേതാവുമായ ഡോ.കെ.എസ്. മണിലാല്‍ അന്തരിച്ചു. ഏറെനാളായി രോഗബാധിതനായി കിടന്ന ശേഷം തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അദ്ദേഹത്തിന് അന്ത്യം സംഭവിച്ചത്.
1938 സെപ്തംബര്‍ 17 ന് പറവൂര്‍ വടക്കേക്കരയില്‍ കാട്ടുങ്ങല്‍ സുബ്രഹ്മണ്യത്തിന്റെയും കെ.കെ.ദേവകിയുടേയും മകനായി ജനിച്ച അദ്ദേഹം മദ്ധ്യപ്രദേശിലെ സാഗര്‍ സര്‍വകലാശാലയില്‍ നിന്നും 1964 ല്‍ സസ്യശാസ്ത്രത്തില്‍ പിഎച്ച്ഡി നേടിയ ശേഷം കേരളാ സര്‍വകലാശാലയുടെ കാലിക്കറ്റ് സെന്ററില്‍ ബോട്ടണി വകുപ്പില്‍ അദ്ധ്യാപകനായി ചേര്‍ന്നു. പിന്നീട് കാലിക്കറ്റ് സര്‍വകലാശാല നിലവില്‍ വന്നപ്പോള്‍ അവിടെ ബോട്ടണി വകുപ്പിന്റെ തലവനായി.
ലാറ്റിന്‍ഭാഷയില്‍ 12 വോള്യങ്ങളായി പ്രസിദ്ധീകരിച്ച പതിനേഴാം നൂറ്റാണ്ടിലെ വിഖ്യാതഗ്രന്ഥം 'ഹോര്‍ത്തൂസ് മലബാറിക്കൂസി'ന്റെ 2003 ലും 2008 ലുമായി പ്രസിദ്ധീകരിച്ച ഇംഗ്ളീഷ്, മലയാളം പതിപ്പുകള്‍ അദ്ദേഹം പ്രസിദ്ധീകരിച്ചു. ശാസ്ത്രമേഖലയില്‍ നല്കിയ സംഭാവനകള്‍ പരിഗണിച്ച് 2020 ല്‍ രാഷ്ട്രം അദ്ദേഹത്തിന് പത്മശ്രീ ബഹുമതി നല്കി ആദരിച്ചിരുന്നു. സസ്യവര്‍ഗ്ഗീകരണ ശാസ്ത്രത്തിന് നല്കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് 2003 ല്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ഇ.കെ. ജാനകി അമ്മാള്‍ പുരസ്ക്കാരവും സമ്മാനിച്ചിരുന്നു.
1958 മുതല്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഹോര്‍ത്തൂസ് മലബാറിക്കസിന്റെ പരിഭാഷയിലേക്ക് എത്തിയത്. കേരളാസര്‍വകലാശാല യായിരുന്നു അദ്ദേഹത്തിന്റെ പിന്നില്‍ ശക്തയായി പ്രവര്‍ത്തിച്ചത്. ഇതിന് പുറമേ കോഴിക്കോട്ടെയും സൈലന്റ് വാലിയിലെയും വിവിധ സസ്യങ്ങഴെക്കുറിച്ചും വര്‍ഷങ്ങള്‍ നീണ്ട പഠനങ്ങള്‍ അദ്ദേഹത്തിന് കീഴില്‍ നടന്നിട്ടുണ്ട്. ഭാര്യ ജ്യോത്സ്ന, മകള്‍ അനിത, മരുമകന് : കെ.പി. പ്രീതന്‍.






