
കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിച്ച അഞ്ചുപേരെ സന്ദര്‍ശിച്ച് പി. ജയരാജന്. പ്രതികളെ സ്വീകരിക്കാൻ സിപിഐഎം പ്രവർത്തകർ ജയിലിന് മുന്നിൽ എത്തിയിരുന്നു. മുദ്രാവാക്യം വിളികളോടെയാണ് കുഞ്ഞിരാമൻ അടക്കമുള്ളവരെ പ്രവർത്തകർ സ്വീകരിച്ചത്.'കേരളം-മുസ്ലീം രാഷ്ട്രീയം രാഷ്ട്രീയ ഇസ്ലാം' എന്ന തന്റെ പുസ്തകം കൈമാറിയെന്നും ജയരാജന് പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു.
ജയിൽ ജീവിതം കമ്മ്യൂണിസ്റ്റുകാർക്ക് വായിക്കാനുള്ള കാലമാണെന്നും പി ജയരാജൻ പറഞ്ഞു. കമ്മ്യൂണിസ്റ്റുകാരെ തടവറ കാട്ടി പേടിപ്പിക്കേണ്ട. എല്ലാ രാഷ്ട്രീയ കൊലയും അവസാനിക്കണം. മാധ്യമങ്ങൾക്ക് മാര്‍ക്സിസ്റ്റ് വിരുദ്ധ ജ്വരമാണ്. ഇരട്ട കൊലയെപ്പറ്റി പറയുമ്പോൾ വെഞ്ഞാറമൂട് കൊലപാതകം ഓർക്കണം. നിയമ പോരാട്ടത്തിന്റെ വഴികൾ ഇപ്പോഴുമുണ്ട്. അവസരങ്ങൾ തങ്ങൾ വിനിയോഗിക്കുമെന്നും പി ജയരാജൻ പറഞ്ഞു.
പെരിയ ഇരട്ടക്കൊലക്കേസില്‍ കെ വി കുഞ്ഞിരാമനടക്കം 14 പ്രതികളെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. പത്ത് പ്രതികളെ കുറ്റവിമുക്തരാക്കുകയും ചെയ്തിരുന്നു. കുറ്റക്കാരെന്ന് കണ്ടെത്തിയ പത്ത് പ്രതികള്‍ക്ക് കോടതി കഴിഞ്ഞ ദിവസം ഇരട്ടജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. പെരിയ ഇരട്ടക്കൊലക്കേസിൽ കെ വി കുഞ്ഞിരാമനടക്കമുള്ള പ്രതികളെ ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് പ്രതികൾ കണ്ണൂരിലെത്തിയത്. കാക്കനാട് ജയിലിൽ നിന്ന് അഞ്ച് പ്രതികളേയും വിയ്യൂർ ജയിലിൽ നിന്ന് ഒൻപത് പ്രതികളേയുമാണ് കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ചത്.






