
കുട്ടികളുടെ കാര്യത്തില്‍ ചെറുപ്പം മുതലേ വളരെ ശ്രദ്ധ കൊടുക്കേണ്ടിയിരിയ്ക്കുന്നു. അവരുടെ സ്വഭാവരൂപീകരണം ആരംഭിയ്ക്കുന്നത് തന്നെ വളരെ ചെറുപ്പത്തിലേ ആയിരിയ്ക്കും. കുട്ടി ആയിരിയ്ക്കുമ്പോള്‍ നമ്മള് പഠിച്ച ശീലങ്ങള്‍ എത്ര വലുതായാലും മറക്കുകയില്ല. മാതാപിതാക്കള്‍ വേണം ഇതിന് മുന്‍കൈ എടുക്കേണ്ടത്. ചെറുപ്പത്തിലേ മാതാപിതാക്കള്‍ നല്ലൊരു സ്വഭാവ രൂപീകരണം കുട്ടികളില്‍ ഉണ്ടാക്കിയെടുക്കണം. കുട്ടികളില്‍ നല്ല ശീലങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം......
* കുടുംബവും സമൂഹവും - കുടുംബത്തെ വിലമതിക്കാനും ബഹുമാനിക്കാനും കുട്ടികള്‍ പഠിക്കട്ടെ. കുടുംബത്തിന് വേണ്ടി പ്രവര്‍ത്തിക്കാനും കാര്യങ്ങള്‍ ചെയ്യാനും കുട്ടികളെ പ്രാപ്തരാക്കാം. കുടുംബത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു കുട്ടി സമൂഹത്തിനു വേണ്ടി പ്രവര്‍ത്തിക്കാനും സന്നദ്ധമാകും. സമൂഹത്തിനോടുള്ള ഉത്തരവാദിത്തങ്ങളെക്കുറിച്ചും കടമകളെക്കുറിച്ചും കുട്ടികളെ മനസ്സിലാക്കാം. ഒരു മിഠായി കഴിച്ചാല്‍ അതിന്റെ കടലാസ് അലക്ഷ്യമായി വലിച്ചെറിയരുതെന്ന് ഒരു കുട്ടിയെ പഠിപ്പിക്കുമ്പോള്‍ ആ കുട്ടി സമൂഹത്തിനെ ബഹുമാനിക്കാന്‍ പഠിക്കുകയാണ്. അത്തരത്തില്‍ കുഞ്ഞു കുഞ്ഞു വലിയ കാര്യങ്ങളിലൂടെ നമ്മുടെ കുഞ്ഞുങ്ങളെ വളര്‍ത്താം.
* കുഞ്ഞിലേ മുതല്‍ - കുട്ടിയല്ലേ എന്നു പറഞ്ഞ് കുസൃതികളെല്ലാം അംഗീകരിച്ചു കൊടുക്കുക എന്നത് സാധ്യമായ കാര്യമല്ല. ചെറിയ പ്രായത്തില്‍ തന്നെ അവരെ നേര്‍വഴിയില്‍ നടത്താനുള്ള ശ്രമങ്ങള്‍ ആരംഭിയ്ക്കണം. കുട്ടികള്‍ അവരുടെ ചുറ്റുപാടുകളില്‍ നടക്കുന്നതെല്ലാം കണ്ടും കേട്ടുമാണ് അവരുടെ സ്വഭാവം രൂപീകരിക്കുന്നത്.
* തെറ്റ് തിരുത്തുക - ഒരു തെറ്റ് സംഭവിച്ചാല്‍ അത് തിരുത്തി മുന്നോട്ട് പോകാന്‍ സാധിയ്ക്കണം. തെറ്റിനെക്കുറിച്ച് ഓര്‍ത്ത് വീണ്ടും വീണ്ടും സങ്കടപ്പെട്ട്, പ്രതീക്ഷയില്ലാതായി പോകുന്ന വിധത്തിലേക്ക് കുട്ടികളെ മാറ്റരുത്. തെറ്റുകള്‍ സംഭവിക്കുമ്പോള്‍ എന്താണ് തെറ്റെന്ന് കുട്ടികളെ ബോധ്യപ്പെടുത്തി കൊടുക്കുകയും അത് തിരുത്തി മുന്നോട്ട് പോകാന്‍ അവര്‍ക്ക് ഊര്‍ജ്ജം നല്‍കുകയും വേണം.
* സംസാരരീതി - അഞ്ചു വയസാകുന്നതിന് മുമ്പു തന്നെ കുട്ടികളെ നിര്‍ബന്ധമായും പഠിപ്പിയ്ക്കേണ്ട ഒന്നാണ് സംസാരരീതി. തന്റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും വികാരങ്ങളും മാന്യമായ രീതിയില്‍ പ്രകടിപ്പിക്കാന്‍ കുട്ടികളെ അഞ്ചു വയസിനുള്ളില്‍ പഠിപ്പിക്കണം. മനോഹരമായ പദസമ്പത്ത് ഉണ്ടാക്കിയെടുക്കാനും ശ്രദ്ധിക്കണം. മാതാപിതാക്കള്‍ ചീത്തവാക്കുകള്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ കുട്ടികളും അത്തരത്തില്‍ മോശം വാക്കുകള്‍ ഉപയോഗിക്കാനുള്ള സാധ്യത ഉണ്ട്. അതുകൊണ്ട് കുട്ടികളോട് സംസാരിക്കുമ്പോള്‍ ഉചിതമായ വാക്കുകള്‍ ഉപയോഗിക്കാന്‍ രക്ഷകര്‍ത്താക്കളും ശ്രദ്ധിക്കണം. കുട്ടികളുടെ ആശയവിനിമയ കഴിവ് വികസിപ്പിച്ച് എടുക്കാനും മനോഹരമായ പദസമ്പത്ത് ഉണ്ടാക്കിയെടുക്കാനും ശ്രദ്ധിക്കണം.
* ഡിജിറ്റല്‍ അഡിക്ഷന് - ഇന്ന് കുട്ടികള്‍ മിക്കവരും ഡിജിറ്റല്‍ അഡിക്ഷന് ഉള്ളവരാണ്. മൊബൈല്‍ ഫോണ്‍, ടിവി, കമ്പ്യൂട്ടര്‍ തുടങ്ങി നിരവധി ഡിജിറ്റല്‍ അഡിക്ഷനുകളാണ് കുട്ടികളില്‍ ഉള്ളത്. പലപ്പോഴും മണിക്കൂറുകളോളം മൊബൈല്‍ ഫോണിനു മുമ്പിലും കമ്പ്യൂട്ടറിന് മുമ്പിലും ടിവിക്ക് മുമ്പിലും കുത്തിയിരിക്കുന്നവരാണ് കുട്ടികള്‍. ഇത് അവര്‍ക്ക് നിരവധിയായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ടു തന്നെ ഏതൊരു ഡിജിറ്റല്‍ ഡിവൈസ് ഉപയോഗിക്കുകയാണെങ്കിലും കൃത്യമായ ഇടവേളകള്‍ എടുക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കുക. കളികളില്‍ ഏര്‍പ്പെടുകയാണെങ്കിലും കൃത്യമായ ഇടവേളയില്‍ വിശ്രമിക്കാനും വെള്ളം കുടിക്കാനും ഭക്ഷണം കഴിക്കാനുമുള്ള പരിശീലനവും കുട്ടികള്‍ക്ക് നല്‍കുക.
* നല്ല സ്പര്‍ശനവും മോശം സ്പര്‍ശനവും - അഞ്ചു വയസിനുള്ളില്‍ ഒരു കുട്ടിക്ക് നല്ല സ്പര്‍ശനവും മോശം സ്പര്‍ശനവും തിരിച്ചറിയാനുള്ള കാര്യങ്ങള്‍ പറഞ്ഞു നല്‍കണം. ശരീരത്തില്‍ ആരെയൊക്കെ തൊടാന്‍ അനുവദിക്കാം, എന്താണ് മോശമായി സ്പര്‍ശിക്കുന്നത്, അത്തരം സ്പര്ശനങ്ങള് ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അതിനോട് എങ്ങനെയാണ് പ്രതികരിക്കേണ്ടത് എന്നു തുടങ്ങി സ്വയരക്ഷയ്ക്ക് അറിഞ്ഞിരിക്കേണ്ട അടിസ്ഥാന കാര്യങ്ങള്‍ നിര്‍ബന്ധമായും കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കണം. അപരിചിതരില്‍ നിന്നും പരിചയമുള്ള ആളുകളില്‍ നിന്നും മോശമായ പെരുമാറ്റം ഉണ്ടായാല്‍ എങ്ങനെയാണ് അതിനെ നേരിടേണ്ടതെന്നും ആരോടാണ് പരാതിപ്പെടേണ്ടതെന്നും കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കാം.






