
ശ്രീദേവിഉണ്ണി മകള്ക്കായുള്ള സ്മരണാഞ്ജലി അര്പ്പിച്ചു, നൃത്തത്തിലൂടെ... മോനിഷയെന്ന അനുഗ്രഹീത കലാകാരിയെ വിധി തട്ടിയെടുത്തെങ്കിലും തന്റെ ജീവിത്തിലൂടെ അവളുടെ ഓര്മകളെ ഇന്നും മരണമില്ലാതെ നിലനിര്ത്തുകയാണ് ഈ അമ്മ...
വാര്ധക്യത്തെയും ഒറ്റപ്പെടലിനേയും വെറുത്തുപോകുന്നവരാണ് മിക്കവരും. പക്ഷേ ഈ അമ്മ അതില്നിന്നൊക്കെ വ്യത്യസ്തയാണ്. ഒരു പുഞ്ചിരി സമ്മാനിച്ചെങ്കിലും മറ്റുള്ളവരുടെ ജീവിതത്തിലും സ്വന്തം ജീവിതത്തിലും സന്തോഷം നിറയ്ക്കണം എന്നതാണവരുടെ കാഴ്ചപ്പാട്.
ഒരു നിശാഗന്ധിപൂവുപോലെ മലയാളികളുടെ ഹൃദയത്തില് സുഗന്ധം നിറച്ചുകടന്നുപോയ മോനിഷയെ നമ്മളി ന്നും ഓര്ക്കുന്നത് ശ്രീദേവി എന്ന അമ്മയിലൂടെയാണ്. മകളുടെ ഓര്മകളില് ഓരോ നിമിഷവും ജീവിക്കുന്ന ഒരമ്മയുടെ ജീവിതത്തിലേക്ക്... ഒപ്പം സിനിമയെയും നൃത്തത്തെയും ഒരുപോലെ സ്നേഹിക്കുന്ന ഒരു കലാകാരിയുടെ ജീവിത്തിലേക്കും...
മോനിഷയ്ക്കായി ഒരു നൃത്ത ശില്പ്പം അവതരിപ്പിച്ചല്ലോ?
സൂര്യഫെസ്റ്റിവെലില്ലാണ് അമ്മ-മകള് ബന്ധത്തിന്റെ വൈകാരിക ഭാവങ്ങള് ഉള്ക്കൊണ്ടുകൊണ്ടുള്ള മണ്ഡോദരി സീത എന്ന മോഹിനിയാട്ടം അവതരിപ്പിച്ചത്. എല്ലാ വര്ഷവും അവളുടെ ഓര്മ ദിവസം നൃത്തവുമായി ബന്ധപ്പെട്ട് പ്രോഗ്രാമുകള് ചെയ്യാറുണ്ട്.രാമായണത്തില്നിന്ന് ചിട്ടപ്പെടുത്തിയ നൃത്തരൂപം ഞാനും സഹോദരപുത്രിയും ചേര്ന്നാണ് അവതരിപ്പിച്ചത്.
അരങ്ങില് നില്ക്കെ മനസു നിറയെ മോനിഷയായിരുന്നു. എനിക്ക് എന്നെത്തന്നെ നിയന്ത്രിക്കാന് കഴിഞ്ഞില്ല. എനിക്കവളോടുള്ള എല്ലാ സ്നേഹവും ആ നിമിഷങ്ങളില് അവിടമാകെ നിറഞ്ഞു നിന്നു എന്നാണ് വിശ്വാസം.
നൃത്തത്തോട് ചെറുപ്പത്തിലേ ഇഷ്ടമുണ്ടായിരുന്നോ?
എന്റെ സഹോദരങ്ങളെല്ലാം കലാകാരന്മാരാണ്. ഇന്സ്ട്രമെന്സ് ഒക്കെ വായിക്കും. സഹോദരിമാര് നൃത്തവും പാട്ടും ഒക്കെ അഭ്യസിച്ചിരുന്നു. അമ്മ നിമിഷകവിയായിരുന്നു.മാതൃഭൂമി ആഴ്ചപ്പതിപ്പിലൊക്കെ എഴുതിയിരുന്നു.
അച്ഛന് നാടകമെഴുതുകയും അഭിനയിക്കുകയും ചെയ്യുമായിരുന്നു. കലയും കലാകാരന്മാരും ഒക്കെ നിറഞ്ഞ അന്തരീക്ഷമായിരുന്നു ജനിച്ചുവീണ പ്പോള് മുതല് ഞാന് കാണുന്നത്.
പ്രത്യേകിച്ച് വേദികള് ഒന്നും വേണ്ട. വീടുതന്നെ ഒരു സ്കൂളായിരുന്നു. വലു തായപ്പോള് മാഷുമാര് വീട്ടില്വന്ന് പഠി പ്പിച്ചു. അതൊരു കാലമായിരുന്നു. എന്റെ മനസില് ഇപ്പോഴും ഞാന് ആദ്യമായി ചെയ്ത നൃത്തത്തിന്റെ വരികളുണ്ട്...
ആനത്തലയോളം വെണ്ണതരാമെടാ...
ആനന്ദ ശ്രീകൃഷ്ണ ഓടിവാടാ...
ചെറിയപ്രായത്തിലേ വിവാഹ ജീവിതത്തിലേക്ക് കടന്നല്ലോ?
ജാതകദോഷം ഉണ്ടായിരുന്നു. 19-ാം വയ സില് വിവാഹം കഴിഞ്ഞില്ലെങ്കില് പിന്നെ 36-ാം വയസിലേ വിവാഹയോഗം ഉള്ളൂ. എത്ര പുരോഗമനവാദികളാണെങ്കിലും മാതാപിതാക്കള്ക്ക് അവിടെ ടെന്ഷന് തുടങ്ങിയില്ലേ? എനിക്ക് താഴെയുള്ള കുട്ടികളുടെ ഭാവി നോക്കണമല്ലോ. അമ്മയ്ക്കാ യിരുന്നു കൂടുതല് ടെന്ഷന്. ആ പ്രായ ത്തില് എന്നെ വിവാഹം കഴിച്ചുവിടാന് അച്ഛന് താല്പര്യമില്ലായിരുന്നു.
ഞാന് ബി.എ കഴിഞ്ഞ് നില്ക്കുകയായിരുന്നു. അക്കാലത്ത് ഞങ്ങള്ക്ക് സ്കൂളും മറ്റ് സ്ഥാപനങ്ങളും ഒക്കെയുണ്ട്. അതൊക്കെ നടത്തേണ്ടത് ഞാനാണെന്നായിരുന്നു അച്ഛന്റെ കണക്കുകൂട്ടല്.
എന്റെ അതേ ജാതകദോഷം ഉണ്ടായിരുന്ന ആളാണ് ഉണ്ണിയേട്ടനും. അപ്പോ അരവും അരവും കിന്നരമായില്ലേ? ഉണ്ണിയേട്ടന്റെ ആലോചന വരുന്നത് ആ സമയത്താണ്. ഞങ്ങള് എല്ലാ കാര്യത്തിലും ഒരേ ടേസ്റ്റുള്ളവരാണ്.
ഉണ്ണിയേട്ടന് പാട്ട് പാടും. ഡാന്സും ഇഷ്ടമാണ്. സന്ധ്യാവിളക്കു തെളിച്ചാല് എന്റെ വീട്ടിലേപോലെതന്നെ ഉണ്ണിയേട്ടന്റെ വീട്ടിലും പാട്ടും നൃത്തവും ഒക്കെയായി അരങ്ങുണരും. അവിടുത്തെ അച്ഛനും അമ്മയ്ക്കും ഇതൊക്കെ വളരെ ഇഷ്ടമായിരുന്നു.
നടിയാവണമെന്ന് ആഗ്രഹം തോന്നിയത് എപ്പോഴാണ്?
നടിയാവണമെന്നുണ്ടായിരുന്നു. മോനിഷയോടൊപ്പം ഞാന് അഭിനയിച്ചിട്ടുണ്ട്. മഞ്ഞള്പ്രസാദവും എന്ന ഗാനരംഗത്തു മോനിഷയുടെ പിറകിലായി കഥകളി കാണാനിരിക്കുന്നവരില് ഒരാളായി.
കുറേ സിനിമകളില് ചെറിയ വേഷങ്ങള് ചെയ്തു. നീലത്താമര, എല്സമ്മ എന്ന ആ ണ്കുട്ടി, ഡയമണ്ട് നെക്ലെയിസ്, ശൃംഗാരവേലന് അങ്ങനെ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളും ചെയ്യാന് കഴിഞ്ഞു.
മോനിഷയുടെ ആഗ്രഹമായിരുന്നു ഞാന് അഭിനയിക്കുന്നത്. മോള് പോയി ക്കഴിഞ്ഞ് ഞാന് കുറേകാലം കിടപ്പിലായി. അതൊക്കെ ഭേദപ്പെട്ടുവന്ന സമയത്താണ് വി. കെ. പ്രകാശ് പരസ്യത്തില് അഭിനയിക്കാന് വിളിക്കുന്നത്.
ലൊക്കേഷനില് ചെന്നു കോസ്റ്റിയൂം മാറാന് തന്നപ്പോള് മുറിയില് കയറി കതകടച്ച് കുറേ കരഞ്ഞു. കാരണം മോളുടെ കൂടെ എത്രയോ ലൊക്കേഷനില് പോയപ്പോള് അവള്ക്കുള്ള കോസ്റ്റിയമൂം എന്റെ കൈകൊണ്ട് വാങ്ങിയാണ് കൊടുത്തിട്ടുള്ളത്.

ഈ പ്രായത്തിലും ഇത്രയും ആക്ടിവായിരിക്കുന്നതിന്റെ രഹസ്യം?
എന്നെക്കാള് പ്രായമായ എത്രയോ പേര് സ്മാര്ട്ടായിരിക്കുന്നു. അങ്ങനെയല്ലാത്ത വരോട് പറയാനുള്ളത് ഒരു കാര്യമാണ്. പ്രായമായെന്നു കരുതി മരിക്കാന് റെഡി യായിരിക്കുകയല്ല വേണ്ടത്.
നമ്മള് ദു:ഖി ച്ച മുഖവും കൊണ്ടിരുന്നാല് നമ്മുടെ അടുത്തേക്ക് വരുന്നവര്ക്കും നെഗറ്റീവ് എനര്ജിയാണ് ലഭിക്കുക. എല്ലാവരുടെ ഉള്ളിലും എന്തെങ്കിലും ടാലന്റുണ്ട്. ഒന്നു മില്ലെങ്കില് കുട്ടികള്ക്ക് എന്തെങ്കിലും പറ ഞ്ഞുകൊടുക്കാമല്ലോ. ഉണ്ണിയപ്പം ഉണ്ടാ ക്കി വിറ്റാലും പൈസയല്ലേ. സ്വതന്ത്രരാ വാന് പഠിക്കണം.
ചെറുപ്പത്തില് എത്ര പൈസയുണ്ടാ ക്കിയാലും അതെല്ലാം ചെലവായി പോകും. എന്റെ മോഹിനിയാട്ടത്തിന്റെ ഡ്രസൊക്കെ തുന്നിത്തരുന്ന ഒരു ടീച്ചറുണ്ട്. എന്നെക്കാള് പ്രായമാണ്. എന്തായാലും കുറേ കഴിയുമ്പോള് ദേ ഹത്തിനെപ്പോലെ മനസിനു ബലം ഉണ്ടാവില്ല.
മനസിന് ബലം വേണമെങ്കില് മറ്റുള്ളവരുടെ പ്രസന്സുകൂടി വേണം. മക്കള് ഇല്ലാത്തവര്, മക്കള് അടുത്തില്ലാത്തവര്, ഭാര്യയോ ഭര്ത്താവോ മരിച്ചു പോയവര് അവരോടൊക്കെ സമൂഹത്തിന് ചില ബാധ്യതയുണ്ട്.
എല്ലാവര്ക്കും ഒരു പുഞ്ചിരി സമ്മാനിക്കുക, പോസിറ്റീവായി ചിന്തിക്കുക. എന്തായാലും ഇവിടുന്ന് എല്ലാവരും പോവണം. അപ്പോള് കഴിയുന്നതും എല്ലാവരെയും സ്നേഹിക്കണം. സ്വയം അനുഭ വിച്ചാലെ മറ്റുള്ളവര്ക്കും അത് പകര്ന്നു കൊടുക്കാന് കഴിയൂ.
ഇഷ്ടദൈവം ആരാണ്?
ഭഗവതി.സ്വന്തം അമ്മയെയാണ് ഞാന് ഏറെ ആരാധിക്കുന്നത്. അമ്മയുടെ സംസാരം, രീതികള് പ്രവര്ത്തികള് ഇതില്കൂടെയൊക്കെ ഓരോ പാഠങ്ങള് പകര്ന്നു നല്കിയിട്ടുണ്ട്. 92 വയസായാണ് അമ്മ പോയത്.
പഴഞ്ചൊല്ലുകള് പറഞ്ഞുതന്നാണ് ഞങ്ങളെ വളര്ത്തിയിരുന്നത്. ഒറ്റ പഴഞ്ചൊല്ലില് ആ പാഠം ഞങ്ങള് പഠിക്കും. അനാവശ്യ വാക്കുകള് പറയില്ല. ഒരു സ്ത്രീയുടെ ആത്മവിശ്വാസവും ലാളിത്യവും ഒക്കെ അമ്മ എനിക്ക് തന്നു.
മോനിഷയ്ക്ക് അമ്മൂമ്മയുടെ വാത്സല്യം ആവോളം കിട്ടി കാണുമല്ലോ?
മോളുണ്ടായിരുന്നപ്പോള് ഞങ്ങള് കോഴിക്കോടുതന്നെയായിരുന്നു..എന്റെ തുടര്ച്ച മോളാണെന്ന്് അമ്മ എപ്പോഴും പറയാറുണ്ടായിരുന്നു. അവള്ക്ക് ചെറുപ്രായത്തിലേ നല്ല പക്വതയുണ്ടായിരുന്നു. നല്ല പ്രാപ്തിയാണ്.
ജോലിക്കാരുടെ കാര്യമായാലും, ഫ്രണ്ട്സിന്റെ കാര്യമായാലും,അച്ഛനമ്മമാരുടെ കാര്യത്തിലായാലും ഒക്കെ. അതേ പ്രാപ്തിയും കഴിവും എന്റെ അമ്മയ്ക്കും ഉണ്ടായിരുന്നു. സദ്യ ഒരുക്കാനും വിളമ്പാനും ഒക്കെ മോനിഷ മുന്പന്തിയിലുണ്ടായിരുന്നു.
ഇലയില് വിളമ്പുമ്പോള് ഓരോ കറികളും അതത് സ്ഥാനത്ത് വിളമ്പാനൊക്കെ അമ്മൂമ്മയുടെ കയ്യില് നിന്നും പഠിച്ചു വച്ചിരുന്നു. ഓണത്തിന് വിളക്ക് വയ്ക്കുക, വിഷുക്കണി വയ്ക്കുക. അതൊക്കെ അവള് തന്നെയാണ് ചെയ്യുക.







Comments