
ദശാബ്ദങ്ങളോളം മലയാളികളുടെ മനസുകവർന്ന, കാലഭേദമില്ലാതെ തലമുറകള്‍ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവഗായകന് പി.ജയചന്ദ്രന് മണ്മറഞ്ഞത് ഇന്നലെയാണ്. അര്‍ബുദ ബാധിതനായിരുന്ന ഗായകന് തൃശൂർ അമല ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രാത്രി 7.54 ഓടെ ആയിരുന്നു അന്ത്യം. തന്റെ 78-ാം വയസില്‍ സംഗീത സംവിധായകന് ആയതിന്റെ സന്തോഷം കൂടി പങ്കുട്ടുകൊണ്ടാണ് ഏക്കാലത്തെയും മഹാനായ സംഗീതഞ്ജന്‍ യാത്രയാകുന്നത്.
പി. ജയചന്ദ്രന്റെ സംഗീത സംവിധാനത്തില്‍ ഒരുങ്ങിയ നീലിമേ എന്ന പാട്ടാണ് അദ്ദേഹം സംഗീതം നല്കി നടി മഞ്ജു വാര്യര്‍ തന്റെ ഫേയ്സബുക്ക് പോസ്റ്റിലൂടെ പുറത്ത് വിട്ടത്. ഭാവഗായകന്റെ 78-ാം പിറന്നാള്‍ ദിവസമാണ് ഗാനം റിലീസ് ചെയ്തത്. മുന്‍നിര ഗായകരെയും പുതുമുഖ ഗായകരെയും ഒരുമിച്ച് കൊണ്ടുവന്ന് പുതിയ സംഗീതാനുഭവം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ജയചന്ദ്രന് തന്റെ സംഗീത ജീവിതത്തില്‍ മറ്റൊരു നേട്ടം കൂടി കൈവരിച്ചിട്ടാണ് ഈ ലോകത്തോട് വിട പറയുന്നത്. പ്രിയ സംഗീതഞ്ജന്റെ വേര്‍പാടില്‍ മലയാള സിനിമാലോകവും സംഗീതഞ്ജരും ആരാധരുമടക്കം നിരവധി പേര് തങ്ങളുടെ നൊമ്പരം കുറിക്കുന്നുണ്ട്.
ഇപ്പോഴിതാ ഭാവഗായകന്റെ വേര്‍പാടില്‍ തന്റെ നൊമ്പരക്കുറിപ്പ് പങ്കിടുകയാണ് മഞ്ജുവാര്യര്‍. പി.ജയചിന്ദ്രന്റെ പാട്ട് ഓര്‍മ്മകളാണെന്നും അത് തന്റെ കുട്ടിക്കാലത്തേക്ക് കൊണ്ട് നിര്‍ത്തുമെന്നാണ് താരം കുറിക്കുന്നത്.
‘‘ഓർമകളിലേക്കുള്ള തോണിയാണ് എനിക്ക് ജയേട്ടന്റെ ഓരോ പാട്ടും. എപ്പോൾ കേട്ടാലും അത് കുട്ടിക്കാലത്തിന്റെ അരികത്ത് കൊണ്ടുചെന്ന് നിർത്തും. സിനിമ കാണുന്നത് ഇഷ്ടമില്ലായിരുന്ന ഒരു കുട്ടിയെ ഒരു കളിപ്പാട്ടം പോലെ കൊതിപ്പിക്കുകയും സ്ക്രീനിലേക്ക് നോക്കിയിരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്ത ശബ്ദം. തീയറ്ററിൽ കരഞ്ഞുവഴക്കുണ്ടായ ഏതോ ഒരു സന്ധ്യയിലാണ് ഞാൻ ജയേട്ടന്റെ ശബ്ദം ആദ്യമായി കേട്ടത്. വൈദേഹി കാത്തിരുന്താൾ എന്ന സിനിമയിലെ ‘രാസാത്തി ഉന്നെ കാണാതെ നെഞ്ച്’ എന്ന പാട്ട്. എന്തുകൊണ്ടാണെന്ന് ഇന്നുമറിയില്ല, കേട്ടപ്പോൾ എന്റെ കാതുകൾ ആ പാട്ടിന്റെ വഴിയേ പോയി. നിലാവുള്ള ആ രാത്രിയും, ആരുമില്ലാതെ ഒഴുകിനീങ്ങുന്ന കുട്ടവഞ്ചിയും,കൽപ്പടവുകളിലിരിക്കുന്ന വിജയകാന്തും ആ ശബ്ദത്തിനൊപ്പം എന്നേക്കുമായി ഹൃദയത്തിൽ പതിഞ്ഞു. ഓർമയിലെ ആദ്യത്തെ സിനിമാവിഷ്വൽ.
എന്റെ കുട്ടിക്കാല ഓർമകളിൽ ഏറ്റവും പ്രിയപ്പെട്ടത്. വളരെ വളരെ എന്ന ആവർത്തനം കൊണ്ടുപോലും ആ പാട്ടിനോടുള്ള ഇഷ്ടം വിവരിക്കാനാകില്ല. അത്രയ്ക്കും അധികമാണ് ആ പാട്ട് എപ്പോൾ കേട്ടാലും തരുന്ന ആനന്ദവും ബാല്യത്തെക്കുറിച്ചുള്ള നഷ്ടബോധവും. ഇങ്ങനെ ഏതുതലമുറയ്ക്കും അവരുടെ ബാല്യത്തെയും കൗമാരത്തെയും യൗവനത്തെയും കുറിച്ചുള്ള ഓർമകൾ തിരികെക്കൊടുത്തു ജയേട്ടൻ. ഗൃഹാതുരതയിൽ ശബ്ദത്തെ ചാലിച്ച ഗായകൻ. വർഷങ്ങൾക്ക് ശേഷം ‘എന്നും എപ്പോഴും’ എന്ന സിനിമയിലെ ‘മലർവാകക്കൊമ്പത്ത്’ അദ്ദേഹം പാടിയപ്പോൾ പ്രിയപ്പെട്ട പാട്ടുകളുടെ പട്ടികയിലേക്ക് ഒരെണ്ണം കൂടിയായി. ജയേട്ടന്റെ പാട്ട് നിലയ്ക്കുമ്പോൾ വല്ലാതെ വേദനിക്കുന്നത് അത് ജീവിതത്തിന്റെ എവിടെയൊക്കയോ തൊട്ടുനില്കുന്നതുകൊണ്ടാണ്. പ്രിയപ്പെട്ട പാട്ടുകാരന് യാത്രാമൊഴി...’’ എന്നാണ് മഞ്ജുവാര്യര്‍ കുറിച്ചിരിക്കുന്നത്.






