
കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളായി ഹണി റോസാണ് സോഷ്യല്‍ മീഡിയയില്‍ താരം. ആദ്യം തന്റെ സോഷ്യല്‍ മീഡിയ കുറിപ്പിലൂടെ പേരു പറയാതെ ഹണി റോസ് തന്നെ അധിക്ഷേപിച്ച ആളിനെക്കുറിച്ച് കുറിച്ചിരുന്നു. പിന്നീട് ബോബി ചെമ്മണ്ണൂരിന്റെ പേര് പറയുകയും പോലീസില്‍ കേസു കൊടുക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയയിലൂടെ ബോബി ചെമ്മണ്ണൂരിനെതിരെ രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു ഹണി പൊലീസില്‍ പരാതി നല്‍കുന്നത്. നാല് മാസം മുമ്പ് നടന്നൊരു പരിപാടിയില്‍ വച്ച് ബോബി ചെമ്മണ്ണൂര്‍ മോശമായി പെരുമാറിയെന്നും തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലൂടെ പിന്തുടര്ന്ന് അധിക്ഷേപിച്ചുവെന്നുമാണ് ഹണി റോസ് പരാതിയില്‍ പറയുന്നത്. ഇന്നലെ താരത്തിന്റെ പരാതിയെ തുടര്‍ന്ന് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡയിലെടുത്തു.
കേസില്‍ ബോബി ചെമ്മണ്ണൂരിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 2 ആണ് വ്യവസായിയെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. താന്‍ അള്‍സര്‍ രോഗിയാണെന്നും രണ്ട് ദിവസം മുമ്പ് കാലിനും നട്ടെല്ലിനും പരുക്കേറ്റിട്ടുണ്ടെന്നും ബോബി ചെമ്മണ്ണൂര്‍ കോടതിയെ അറിയിച്ചുവെങ്കിലും ജാമ്യം നിഷേധിക്കപ്പെടുകയായിരുന്നു.
ഇപ്പോഴിതാ അതിനു പിന്നാലെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഹണി റോസ്. ആരേയും വേദനിപ്പിക്കണമെന്ന് കരുതിയിരുന്നില്ലെന്നും നിര്വത്തികെട്ട് പ്രതികരിച്ചു പോയതാണെന്നും ഹണി റോസ് കുറിക്കുന്നു. യുദ്ധം ജയിച്ചതിന്റെ ആഹ്ലാദത്തിലല്ല താനെന്നും താരം പറയുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ പങ്കുച്ച കുറിപ്പിലൂടെയായിരുന്നു ഹണി റോസിന്റെ പ്രതികരണം.
‘‘ഒരു യുദ്ധം ജയിച്ചതിന്റെ ആഹ്ലാദത്തില്‍ അല്ല ഞാന്‍...നിര്‍ത്താതെ പിന്നെയും പിന്നെയും പിന്നെയും എന്നെ വേദനിപ്പിച്ചത് കൊണ്ട് നിവൃത്തികെട്ട് ഞാന്‍ പ്രതികരിച്ചതാണ്, പ്രതിരോധിച്ചതാണ്. ആരെയും ഉപദ്രവിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിട്ടില്ല. ആരുടെയും വേദനയില്‍ ഞാന്‍ ആഹ്ലാദിക്കുകയും ഇല്ല. ഇനിയും പരാതികളുമായി പൊലീസ് സ്റ്റേഷനില്‍ പോകാന്‍ ഉള്ള അവസ്ഥകള്‍ എനിക്ക് ഉണ്ടാകാതെ ഇരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു, പ്രാര്‍ഥിക്കുന്നു...നമ്മുടെ നിയമവ്യവസ്ഥക്ക് വലിയ ശക്തിയുണ്ട്. സത്യത്തിനും...’’ ഹണി റോസ് കുറിക്കുന്നു.
പ്രതി സമ്പന്നനും പ്രബലനുമായതിനാല് കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നാണ് വാദിഭാഗം കോടതിയില്‍ വാദിച്ചത്. പ്രതി നിരന്തരമായി പരാതിക്കാരിയെ അധിക്ഷേപിച്ചതിന് തെളിവുണ്ടെന്നും പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു. നടിയുടെ കയ്യില്‍ കയറി പിടിച്ചതിന് തെളിവുണ്ട്. നടി എതിര്‍പ്പ് അറിയിച്ച ശേഷവും അധിക്ഷേപം തുടര്‍ന്നതായും പ്രോസിക്യൂഷന് വാദിക്കുകയുണ്ടായി.






