
ഏറെനാളത്തെ കാത്തിരിപ്പിനൊടുവിലാണ് തെലുങ്ക് സൂപ്പര്‍താരം രാം ചരണിനും ഭാര്യ ഉപാസനയ്ക്കും മകള്‍ ജനിച്ചത്. ഒന്നരവയസുകാരിയായ ക്ലിന് കാര കൊനിഡേലയുടെ ചിത്രങ്ങള്‍ ഇരുവരും പങ്കുവെക്കാറുണ്ടെങ്കിലും അതിലൊന്നും മകളുടെ മുഖം വ്യക്തമായി കാണിക്കാറില്ല. കുഞ്ഞിന്റെ മുഖം ഞങ്ങള്‍ക്കൊന്നു കാണണം എന്ന് ആരാധകര്‍ എപ്പോഴും ഈ ഫോട്ടോകള്‍ക്ക് താഴെ വന്ന് പറയാറുണ്ട്.
ഈ സസ്പെന്‍സിന് എന്ന് വിരാമം കുറിക്കുമെന്ന ആരാധകരുടെ ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് രാം ചരണ്‍. അടുത്തിടെ ഒരു സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നന്ദമൂരി ബാലകൃഷ്ണയുടെ ഷോയില്‍ രാം ചരണ്‍ അതിഥിയായെത്തിയിരുന്നു.ഈ അഭിമുഖത്തില്‍ വെച്ച്
മകളുടെ മുഖം വെളിപ്പെടുത്താന്‍ എന്തെങ്കിലും പദ്ധതിയുണ്ടോയെന്ന് നന്ദമൂരി ബാലകൃഷ്ണ രാം ചരണിനോട് ചോദിച്ചിരുന്നു. ‘ഞാന്‍ അവളുടെ മുഖം കാണിക്കും പക്ഷെ ഒരു നിബന്ധനയുണ്ട്. അവള് എന്നെ നന്നാ(അച്ഛന്) എന്ന് വിളിക്കണം’ എന്നായിരുന്നു രാം ചരണിന്റെ മറുപടി.
അതോടൊപ്പം തന്നെ മകള്‍ ക്ലിന് കാര തന്റെ ജീവിതത്തില്‍ മാത്രമല്ല, അച്ഛന് ചിരഞ്ജീവിയുടെ ജീവിതത്തിലും ഐശ്വര്യം കൊണ്ടുവന്നെന്നന്നും രാംചരണ്‍ പ്രതികരിച്ചു.






