
പി വി അന്വറിന്റെ ആരോപണങ്ങള് തള്ളി മുഖ്യമന്ത്രി പിണറായി വിജയന്. പ്രതിപക്ഷ നേതാവിന് എതിരായ ആരോപണത്തില് തന്റെ ഓഫീസ് ഇടപെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പാര്ട്ടിയില് നിന്ന് തനിക്കെതിരെ ഒരു നീക്കവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അന്വറിന്റെ രാജിയും വന നിയമ ഭേദഗതിയും തമ്മിലുള്ള ബന്ധം സൂചിപ്പിച്ചുകൊണ്ടുള്ള ചോദ്യത്തിന് ചിരി മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
'എന്റെ ഓഫീസ് ആ തരത്തില് ഇടപെടുന്ന ഒരു ഓഫീസ് അല്ല. ഓഫീസിലുള്ള ആരും ഇടപെട്ടതിന്റെ ഭാഗമായി ഈ പറയുന്ന വ്യക്തി അന്നത്തെ നിയമസഭയില് ഉന്നയിച്ചതുമല്ല. നിയമസഭയില് ഉന്നയിച്ചതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളിലേക്ക് ഇപ്പോള് ഞാന് കടക്കേണ്ടതില്ല. അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടിന്റെ ഭാഗമായി മാപ്പ് പറഞ്ഞുകൊണ്ട് ചില കാര്യങ്ങള് ഉദ്ദേശിക്കുന്നുണ്ടാകും. അതിന് സഹായകമാകുമെങ്കില് അത് നടക്കട്ടെ. അതിന് വേണ്ടി ഞങ്ങളെയും എന്റെ ഓഫീസിനെയും ഉപയോഗിക്കേണ്ടതില്ല എന്നേയുള്ളു' - മുഖ്യമന്ത്രി വ്യക്തമാക്കി.
അന്വര് എന്തും പറയുന്ന ആളെന്ന് മുഖ്യമന്ത്രി പറഞ്ഞു. താന് ഇനി തെരഞ്ഞെടുപ്പില് മത്സരിക്കുമോ എന്ന് പറയാനാവില്ലെന്നും താനല്ല അത് തീരുമാനിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പാര്ട്ടിക്ക് അതിന് നിയതമായ രീതിയുണ്ടെന്നും താന് മത്സരിക്കുമോ എന്നത് പറയേണ്ടത് അന്വറല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.







Comments