
തിരുവനന്തപുരം: കഞ്ചിക്കോട് ബ്രൂവറി അനുവദിച്ചതില്‍ അഴിമതി ആരോപിക്കുന്ന പ്രതിപക്ഷം ഇന്നും സഭയില്‍ വിഷയം ഉന്നയിക്കും.
ഗുരുതര അഴിമതി ആരോപണമാണ് കഴിഞ്ഞ ദിവസം പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചത്. ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി ഇന്ന് സഭയില്‍ മറുപടി പറയും. നയ പ്രഖ്യാപന പ്രസംഗത്തിന്റെ നന്ദി പ്രമേയ ചര്‍ച്ചക്കുള്ള മറുപടിയിലാണ് വിവാദങ്ങള്‍ക്ക് മുഖ്യമന്ത്രി ഉത്തരം നല്‍കുക.
ഒയാസിസ് എന്ന ആരോപണങ്ങളുടെ നടുവില്‍ നില്ക്കുന്ന കമ്പനിക്ക് പാലക്കാട് ബ്രുവറി തുടങ്ങുന്നതിന് അനുമതി നല്‍കിയത് സ്വജനപക്ഷപാതവും അഴിമതിയുമാണെന്നു ഇന്നലെ നിയമസഭയില്‍ മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. മഴനിഴല്‍ പ്രദേശമായ പാലക്കാട് മഴവെള്ളം സംഭരിച്ച് കമ്പനി പ്രവര്‍ത്തിക്കുമെന്ന് പറയുമ്പോള്‍ അത് സംബന്ധിച്ച് എന്ത് പഠനണാണ് സര്‍ക്കാര്‍ നടത്തിയിട്ടുള്ളതെന്ന് അദ്ദേഹം ചോദിച്ചു. ടെന്‍ഡര്‍ വിളിക്കാതെ എങ്ങനെയാണ് ഇൗ കമ്പനിയെ ഇതിനായി തെരഞ്ഞെടുത്തതെന്ന ചോദ്യവും അദ്ദേഹം മുന്നോട്ടുവച്ചു.
2018ല്‍ ഇതുപോലെ ബ്രുവറിയും ഡിസ്റ്റലിറികളും അനുവദിക്കാന്‍ തീരുമാനിച്ചിരുന്നുവെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അന്ന് പിന്‍വലിച്ചുകൊണ്ട് പിണറായി പറഞ്ഞത് നനയാതെ വിഴുപ്പ് ചുമക്കേണ്ടതില്ലെന്നാണ്. ഏഴുവര്‍ഷത്തിന് ശേഷം വീണ്ടും നടപ്പാക്കുകയാണ്. അന്ന് രഹസ്യമായി ആരുമറിയാതെ മുഖ്യമന്ത്രിക്ക് ഇഷ്ടമുള്ളവര്‍ക്ക് അനുവദിച്ചുകൊടുക്കുകയായിരുന്നു. ഇന്ന് അതിന് പകരം പൊതുചര്‍ച്ചയാക്കി. ഒരിക്കല്‍ പിടിച്ചാലും വീണ്ടും മോഷണം നടത്തണമെന്ന പ്രവണത ചില മോഷ്ടാക്കള്‍ക്കുണ്ട്.
2018ല്‍ കണ്ടംവഴി ഓടിയവരാണ് ഇപ്പോള്‍ ഇതുമായി വന്നിരിക്കുന്നത്. 2018ല്‍ പിണറായിയെ പ്രോസിക്യൂട്ട് ചെയ്യാനായി താന്‍ നല്കിയ കേസ് ഇപ്പോഴും ഹൈക്കോടതിയിലാണ്. ബ്രുവറി അനുവദിച്ചതിന് പിന്നില്‍ വലിയ അഴിമതിയാണ്. ഇൗ കമ്പനിയെ എങ്ങനെ തെരഞ്ഞെടുത്തു.
ഉത്തരവില്‍ കമ്പനിയെ വല്ലാതെ പുകഴ്ത്തിയിരിക്കുകയാണ്. ഡല്‍ഹി മദ്യനയകേസിലെ പ്രതി. ജലം മലിനീകരിക്കുന്നതില്‍ ആരോപണം നേരിടുന്നവര്‍. ഇൗ കമ്പനിയെ തെരഞ്ഞെടുക്കാന്‍ ടെന്‍ഡര്‍ വിളിച്ചോ? ഇതിനു പിന്നില്‍ സ്വജനപക്ഷാപാതവും അഴിമതിയുമാണ്. സര്‍ക്കാരിന്റെ കമ്പനിയാണല്ലോ മലബാര്‍ ഡിസ്റ്റലറീസ്. എന്തുകൊണ്ട് അവര്‍ക്ക് അനുമതി നല്‍കിയില്ല.
ജവാന് മദ്യം നിര്‍മ്മിക്കുന്നവര്‍ക്ക് വെള്ളം നല്‍കുന്നില്ല. കിന്‍ഫ്രയില്‍ വെള്ളം നല്‍കുന്നില്ല, ജനങ്ങള്‍ക്ക് കുടിക്കാന്‍ വെള്ളം കിട്ടുന്നില്ല. എന്നിട്ടാണ് ദിവസം അഞ്ചുലക്ഷം ലിറ്റര്‍ വെള്ളത്തിന് അനുമതി നല്‍കിയിരിക്കുന്നത്. അത് നഗ്നമായ കൊള്ളയാണെന്നും ചെന്നിത്തല പറഞ്ഞു. അതിനിടയില്‍ ബ്രൂവറി വിഷയത്തില്‍ ക്രൈസ്തവ സഭകളുടെ ഇടപെടലുകളും ഉണ്ടായിട്ടുണ്ട്. പാലക്കാട് ബ്രുവറി തുടങ്ങാന്‍ സര്‍ക്കാര്‍ കൊടുത്ത അനുമതി പിന്‍വലിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭമാരംഭിക്കുമെന്നും ക്രൈസ്തവ സഭകളുടെ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.
വിവിധ ക്രൈസ്തവ സഭാവിഭാഗങ്ങളുടെ കൂട്ടായ്മയായ എക്യുമെനിക്കല്‍ ട്രസ്റ്റിന്റെ ഭാരവാഹികളായ സഭാ മേലധ്യക്ഷന്മാരാണ് സംസ്ഥാനസര്‍ക്കാരിന്റെ മദ്യനയത്തെ കടന്നാക്രമിച്ച് രംഗത്തുവന്നത്. സര്‍ക്കാരിന് ഏതുവിധേനയും പണമുണ്ടാക്കുകയെന്ന ലക്ഷ്യം മാത്രമാണുള്ളതെന്നും ഇടതുസര്‍ക്കാരിന്റെ രണ്ടു പ്രകടനപത്രികയിലും മദ്യശാലകളുടെ എണ്ണം കുറയ്ക്കുമെന്നു പറഞ്ഞിട്ട് നേരേ വിപരീതമാണു സംഭവിച്ചതെന്നും ആയിരത്തോളം ബാറുകളാണ് ഇപ്പോള്‍ സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ പറയുന്നു. 13 വയസ്സുള്ള കുട്ടികള്‍ക്ക് പോലും മദ്യം എളുപ്പത്തില്‍ കിട്ടാന്‍ ഇത് ഇടയാക്കിയെന്നും ക്രൈസ്തവ സംഘടനകള്‍ ആരോപിക്കുന്നു.






