
കണ്ണൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം പെന്ഷന് കൊടുക്കാത്തതെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്. പെന്ഷന് സമയത്തിന് കൊടുക്കാത്തത് തോല്‍വിക്ക് കാരണമായെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക ഉപരോധം ജനങ്ങളെ ബോധിപ്പിക്കാന്‍ കഴിഞ്ഞില്ലെന്നും എം വി ജയരാജന് പ്രതികരിച്ചു.
'ജനങ്ങള്‍ ചിന്തിച്ചത് ഇടതുപക്ഷം സമയത്തിന് തന്നില്ല എന്നാണ്. കേന്ദ്രമാണ് കാരണക്കാരെങ്കിലും ഇടതുപക്ഷം കൊടുത്തില്ല എന്ന് ജനം ചിന്തിച്ചു. ജനങ്ങളെ ഇത് ബോധിപ്പിക്കുമ്പോഴേക്കും തിരഞ്ഞെടുപ്പ് കഴിഞ്ഞു. രാഷ്ട്രീയ, സംഘടന, ഭരണപരമായ തിരുത്തലുകള്‍ വരുത്തി മുന്നോട്ട് പോകുന്നു', എം വി ജയരാജന് പറഞ്ഞു.
ജനങ്ങളുമായുള്ള ജൈവ ബന്ധത്തിലെ ദൗര്‍ബല്യങ്ങള്‍ തിരുത്തണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ മുന്‍ഗണന വേണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നുണ്ട്. പാവപ്പെട്ടവര്‍ക്കും തൊഴിലാളികള്‍ക്കും വേണ്ടി സര്‍ക്കാര്‍ പണം ചെലവഴിക്കുന്നതില്‍ മുന്‍ഗണന നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിരുന്നു.






