
പാട്ട് മാത്രമല്ല അഭിനയവും വഴങ്ങുമെന്ന് തെളിയിച്ച ആളാണ് വിധു പ്രതാപ്. യൂട്യൂബ് ചാനലിലും റിയാലിറ്റി ഷോകളിലുമൊക്കെയായി സജീവമാണ് വിധു. കോമഡി വഴങ്ങുമെന്ന് തെളിയിച്ചപ്പോള്‍ മുതല്‍ തന്നോട് ആളുകള്‍ ചോദിച്ചിരുന്ന ചോദ്യത്തിന് ഉത്തരവുമായെത്തിയിരിക്കുയാണ് ഗായകന്.
അതേ ഞാനൊരു അഭിനേതാവായി നിങ്ങളുടെ മുന്നിലേക്ക് എത്തുകയാണ്. ഒരു ജാതി ജാതകം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് വിധു അഭിനേതാവായത്. വിനീത് ശ്രീനിവാസനും നിഖില വിമലുമാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. എം.കെ മോഹനാണ് ചിത്രം സംവിധാനം ചെയ്തിട്ടുളളത്.
താന്‍ അഭിനയിച്ച ആദ്യ സിനിമ തിയറ്ററുകളിലേക്ക് എത്താന്‍ പോവുന്ന സന്തോഷം പങ്കുവെച്ച് വിധു എത്തിയിരുന്നു. സോഷ്യല്‍മീഡിയയിലൂടെ ഇതിനകം തന്നെ വിധുവിന്റെ കുറിപ്പ് വൈറലായിക്കഴിഞ്ഞിട്ടുണ്ട്.
യൂട്യൂബില്‍ എന്റെ ഓരോ സ്കെച്ച് വീഡിയോയും ഇറങ്ങുമ്പോഴും നിരന്തരം കേള്‍ക്കുന്ന ഒരു ചോദ്യമാണ് ഇനി എപ്പോഴാണ് സിനിമയിലേക്കെന്ന്. എന്നാല്‍ എല്ലാവരും കേട്ടോളൂ ഞാന്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രം 'ഒരു ജാതി ജാതകം' നാളെ തിയറ്ററുകളിലേക്ക് എത്തുകയാണ്.
മോഹനേട്ടന്റെയും, വിനീതിന്റേയും, നിഖിലയുടെയും, ഞങ്ങള്‍ടെ എല്ലാവരുടെയും ജാതകം നാളെ നിങ്ങളിലേക്ക്.എല്ലാവര്ക്കും അവരുടെ ആദ്യത്തെ ചിത്രം ഏറെ പ്രിയപ്പെട്ടതായിരിക്കും അതുപോലെ തന്നെ എന്റെ ആദ്യ ചിത്രം നല്ലൊരു അനുഭവമാക്കിത്തന്ന ഈജ്ജാതി ടീമിന് ഒരുപാട് സ്നേഹം.
വിനീതാണ് എന്നെ ഈ ചിത്രത്തിലേക്ക് നിര്‍ദേശിച്ചതും 'ഒരു ജാതി ജാതകത്തി'ലേക്ക് അങ്ങനെയാണ് ഞാന്‍ എത്തിപ്പെടുന്നതും. ഈ ചിത്രത്തില്‍ Cameo role ചെയ്യാനായി എന്നെ വിശ്വസിച്ചേല്പിച്ച മോഹനേട്ടനും ഒരുപാടൊരുപാട് നന്ദി.
ഒരു കാര്യം പ്രത്യേകം പറഞ്ഞോട്ടെ, എന്റെ സര്‍പ്രൈസ് എന്‍ട്രി മിസ്സാകാതിരിക്കാന്‍ ''ശ്വാസ കോശം സ്പോഞ്ച് പോലെ ' ക്ക് മുന്നേ നിങ്ങള്‍ തീയേറ്ററില്‍ എത്തുമല്ലോ? അപ്പോ ഇനി സ്ക്രീനില്‍ കാണാം എന്നാണ് വിധു പ്രതാപ് കുറിച്ചത്. നിരവധിപേരാണ് പോസ്റ്റിന് താഴെയായി വിധുവിന് ആശംസ അറിയിച്ചിട്ടുളളത്.






