
തിരുവനന്തപുരം: കേന്ദ്ര ജീവനക്കാര്‍ക്കെതിരേയുള്ള അഴിമതി ആരോപണങ്ങളില്‍ അന്വേഷണം തുടരാന്‍ വിജിലന്‍സിനു സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം. അന്വേഷണത്തിന്റെ പേരില്‍ തങ്ങളുടെ ഉദ്യോഗസ്ഥരെ പോലീസ് അകാരണമായി പീഡിപ്പിക്കുന്നതായി കസ്റ്റംസ് പരാതി നല്‍കിയിട്ടുണ്ടെങ്കിലും തല്ക്കാലം സംസ്ഥാന സര്‍ക്കാര്‍ ഇതു ഗൗരവത്തില്‍ എടുക്കില്ലെന്നാണു സൂചന. അഴിമതിക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണമെന്നാണു മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം.
യാതൊരു തെളിവുമില്ലാതെ സംസ്ഥാനത്തെ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീടുകള്‍ റെയ്ഡ് ചെയ്യുകയാണെന്നും പരസ്പര ബഹുമാനവും വിശ്വാസ്യതയും കാത്ത് സൂക്ഷിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് ചീഫ് കസ്റ്റംസ് കമ്മിഷണര്‍ മനോജ് കെ. അറോറ, സംസ്ഥാന പോലീസ് മേധാവിക്ക് കത്ത് നല്‍കിയിരുന്നു. കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് കസ്റ്റംസ് സൂപ്രണ്ട് സന്ദീപ് നെയിന്റെ ക്വാര്‍ട്ടേഴ്സില്‍ നടന്ന വിജിലന്‍സ് റെയ്ഡാണ് കസ്റ്റംസിനെ പ്രകോപിപ്പിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ അഴിമതി സംസ്ഥാനത്ത് കൂടുതലാണെന്ന് സര്‍ക്കാര്‍ വിലയിരുത്തിയിരുന്നു.
ഇതേത്തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരേയും വിജിലന്‍സിന്റെ നിരീക്ഷണത്തിലാക്കിയത്. കൊച്ചിയില്‍നിന്നു കേന്ദ്ര തൊഴില്‍ വകുപ്പിലെ ഉദ്യോഗസ്ഥനെ കൈയോടെ പിടിക്കുകയും ചെയ്തു. കസ്റ്റംസ് ചീഫ് കമ്മിഷണറുടെ കത്ത് സര്‍ക്കാരിന്റെ ശ്രദ്ധയിലും വന്നെങ്കിലും നടപടിയുമായി മുമ്പോട്ട് പോകാനാണു വിജിലന്‍സിന് സര്‍ക്കാര്‍ നല്കുന്ന നിര്‍ദേശം. അഴിമതിക്കാരായ കേന്ദ്ര ഉദ്യോഗസ്ഥര്ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ യോഗഷ് ഗുപ്തയും നിര്‍ദേശിച്ചു. ജനുവരി 18നാണ് കോഴിക്കോട് കസ്റ്റംസ് സൂപ്രണ്ട് സന്ദീപ് നെയിന്റെ ക്വാര്‍ട്ടേഴ്സില്‍ വിജിലന്‍സ് റെയ്ഡ് നടന്നത്. പത്ത് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ രാവിലെ ഏഴു മുതല്‍ വൈകിട്ട് നാലു വരെ ക്വാര്‍ട്ടേഴ്സ് റെയ്ഡ് ചെയ്തു.
കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. ഉദ്യോഗസ്ഥന്റെ ഇലക്ട്രോണിക് ഉപകരണങ്ങളടക്കം കൊണ്ടുപോയെന്നും തിരിച്ചുനല്‍കിയിട്ടില്ലെന്നും ആരോപണമുണ്ട്. അതേസമയം, നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് വിജിലന്‍സ്. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ വീടുകളിലെ പരിശോധന നിയമം പാലിച്ചാണെന്നും അത് തുടരുമെന്നും വിജിലന്‍സ് വ്യക്തമാക്കി. കോടതിയുടെ അനുമതിയോടെയാണ് പരിശോധന നടത്തിയത്. നിയമപ്രകാരം അന്വേഷണ ഉദ്യോഗസ്ഥന് ഏതുസ്ഥലത്തും പരിശോധിക്കാമെന്ന് വിജിലന്‍സ് വ്യക്തമാക്കി.






