
കൊച്ചി: പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ മൂന്നാംപ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിര്‍മ്മല കുമാരന് നായരുടെ ശിക്ഷാവിധി കോടതി മരവിപ്പിക്കുകയും ജാമ്യം അനുവദിക്കുകയും ചെയ്തു. പ്രതി ഗ്രീഷ്മയുടെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. വധശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ടുള്ള ഗ്രീഷ്മയുടെ അപ്പീലില്‍ പ്രോസിക്യൂഷന് ഹൈക്കോടതി നോട്ടീസ് അയച്ചു.
നിലവില്‍ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലില്‍ കഴിയുകയാണ് ഗ്രീഷ്മ. തെളിവുകള്‍ പരിഗണിക്കുന്നതില്‍ വിചാരണക്കോടതിക്ക് വീഴ്ച പറ്റിയെന്നാണ് പ്രധാന വാദം. വിഷം നല്‍കിയെന്ന് പറയപ്പെടുന്ന സംഭവം തമിഴ്നാട്ടില്‍ വെച്ചാണ്. അതുകൊണ്ട് നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിക്ക് വിചാരണ നടത്താനുള്ള അധികാരമില്ലെന്ന് ഗ്രീഷ്മ ഹൈക്കോടതി ഡിവിഷന് ബെഞ്ചിന് മുന്നില്‍ വാദിച്ചു.
തെളിവുകളില്ലാതെയാണ് വിചാരണക്കോടതിയുടെ വിധിയെന്നും ജ്യൂസില്‍ പാരസെറ്റമോള്‍ മിക്സ് ചെയ്തുവെന്ന് കണ്ടെത്തിയിട്ടില്ലെന്നും പറഞ്ഞു. പ്രോസിക്യൂഷന് കേസിന് വിരുദ്ധമാണ് കേസിലെ വസ്തുതകള്‍ എന്നും ഹൈക്കോടതിയില്‍ വ്യക്തമാക്കി. മരണകാരണം വിഷം ഉള്ളില്‍ ചെന്നതുമൂലമാണെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലില്ല. ഷാരോണിന്റെ രക്ത സാമ്പിളില്‍ നിന്ന് വിഷാംശം ശാസ്ത്രീയമായി കണ്ടെത്തിയിട്ടില്ല.
കൊല്ലാനുള്ള ഉദ്ദേശം ഷാരോണിന് ഉണ്ടായിരുന്നില്ല തുടങ്ങിയവാദങ്ങളാണ് ഉന്നയിക്കപ്പെട്ടിട്ടുള്ളത്. വിവാഹത്തിന് ഷാരോണ്‍ തടസമായിരുന്നുവെന്ന കണ്ടെത്തല്‍ തെറ്റാണ്. ഗ്രീഷ്മയും അമ്മാവനുമായി ക്രിമിനല്‍ ഗൂഡാലോചന നടത്തിയെന്ന വാദം പ്രൊസിക്യൂഷനില്ല. കഷായം നല്കി എന്നതിന് സാഹചര്യ തെളിവുകളില്ല. വധശിക്ഷ നല്കിയ നടപടി തെറ്റാണെന്നും അപ്പീലില്‍ ഗ്രീഷ്മ പറഞ്ഞു.






