
കൊച്ചി; വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതില്‍ അമ്മയ്ക്കും പങ്കുണ്ടെന്ന് സിബി ഐ. മക്കളുടെ മുന്നില്‍ വെച്ചാണ് ഒന്നാം പ്രതി അമ്മയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്നും ഇളയകുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയത് അമ്മയുടെ അറിവോടെയെന്നും കൊച്ചി സിബി ഐ കോടതിയില്‍ നല്കിയ കുറ്റപത്രത്തില്‍ അന്വേഷണ സംഘം വ്യക്തമാക്കി.സംസ്ഥാന പൊലീസ് അന്വേഷണത്തിനെതിരെ കുട്ടിയുടെ അമ്മ നല്കിയ ഹര്‍ജിയില്‍ അന്വേഷണം ഏറ്റെടുത്ത സിബിഐ അമ്മയെ രണ്ടാം പ്രതിയും അച്ഛനെ മൂന്നാം പ്രതിയുമാക്കിയാണ് കുറ്റപത്രം നല്‍കിയത്.
13ഉം, 9ഉം വയസ്സുള്ള രണ്ട് പെണ്‍കുട്ടികളെ 52 ദിവസത്തിന്റെ ഇടവേളയില്‍ വീട്ടിലെ ഒറ്റമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കേസിലായിരുന്നു സിബിഐ അന്വേഷണം. അമ്മയുടെ ഹര്‍ജിയില്‍ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം കേസ് ഏറ്റെടുത്ത സിബിഐ കൊച്ചിയിലെ കോടതിയില്‍ നല്കിയ കുറ്റപത്രത്തിലാണ് മനസ്സ് മരവിപ്പിക്കുന്ന കണ്ടെത്തല്‍. അമ്മയും അച്ഛനും അറിഞ്ഞ് കൊണ്ട് തന്നെ രണ്ട് മക്കളെയും പ്രതികള്‍ക്ക് പീഡനത്തിന് ഇട്ട് കൊടുത്തെന്നാണ് സിബിഐ കണ്ടെത്തല്‍. കഴിഞ്ഞ മാസം കൊച്ചി സിബിഐ കോടതിയില്‍ നല്കിയ കുറ്റപത്രത്തിലെ വിശദാംശങ്ങള്‍ രണ്ട് പെണ്‍കുഞ്ഞുങ്ങള്‍ നേരിട്ട ക്രൂരമായ ദുരിതപര്‍വ്വമാണ് വിവരിക്കുന്നത്.
കുട്ടികളുടെ അമ്മ മക്കളുടെ മുന്നില്‍ വെച്ച് ഒന്നാം പ്രതിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. ഇളയ കുട്ടിയെ ഒന്നാം പ്രതി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിന് ഈ അമ്മ തന്നെ സാക്ഷിയാണ്. മൂത്തമകളുടെ മരണത്തിന് കാരണക്കാരന്‍ ഒന്നാം പ്രതിയാണെന്ന് അറിഞ്ഞിട്ടും ഇളയമകളെയും ക്രൂരതയ്ക്ക് ഇട്ട് കൊടുത്തു. കുട്ടികളുടെ അവധി ദിവസങ്ങളില്‍ ഒന്നാം പ്രതിയെ അമ്മ വീട്ടിലേക്ക് വിളിച്ച് വരുത്തിയിരുന്നു. മദ്യം വിളമ്പി മൂത്ത കുട്ടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ സൗകര്യം ഒരുക്കി നല്കി.






