
മലയാള സിനിമാപ്രേക്ഷകര്‍ക്ക് ശ്രവണസുന്ദരമായ ഒരുപാട് ഗാനങ്ങള്‍ നല്കിയ സംഗീത സംവിധായകനാണ് ശരത്. 1990ൽ പുറത്തിറങ്ങിയ ‘ക്ഷണക്കത്ത്’ എന്ന ചിത്രത്തിലൂടെയാണ് ശരത്തിന്റെ സംഗീത സപര്യ ആരംഭിച്ചത്. തുടർന്ന് നിരവധി ചിത്രങ്ങൾക്കു വേണ്ടി സംഗീതം പകർന്ന ശരത് മലയാള ചലച്ചിത്ര സംഗീത മേഖലയിലെ സജീവസാന്നിധ്യമായി. റിയാലിറ്റി ഷോകളില്‍ ജഡ്ജായും ശരത് പ്രേക്ഷകമനസ്സുകളില്‍ ഇടം പിടിച്ചിട്ടുണ്ട്. ശരത്തിന്റെ സംഗീതസംവിധാനത്തില്‍ എന്നും കേള്‍ക്കാനിഷ്ടപ്പെടുന്ന ഒരുപാട് മെലഡികള്‍ ജനിച്ചിട്ടുണ്ട്.
ഇപ്പോഴിതാ ഒഎൻവി സാർ എഴുതിയ വാലിമേല്‍ പൂവും എന്ന പാട്ട് പാടുമ്പോള്‍ കിട്ടുന്ന വൈബ് വേറെയാണെന്ന് പറയുകയാണ് സംഗീത സംവിധായകൻ ശരത്. ‘‘വാക്കുകള്‍ എനിക്ക് സെറ്റാവുന്നില്ലെങ്കില് അത് മാറ്റിയെഴുതാമോ എന്ന് ഒഎൻവി സാറിനോട് ചോദിക്കാനുള്ള ധൈര്യം എനിക്കില്ല. അതുകൊണ്ട് മാറ്റേണ്ട വാക്കുകള്‍ ബോറായി പാടും. അപ്പോള്‍ സാർ തന്നെ മറ്റേവരി മാറ്റാം ശരതേ എന്ന് പറയും. ഈ പാട്ടിലെ തന്നെ വേശുക്കിളിമകളേ എന്ന വാക്ക് അസാധ്യമാണ്. അതെന്ത് കിളിയാണെന്ന് ഞാൻ രാജുവേട്ടനോട് ചോദിച്ചിട്ടുണ്ട്. ഇവനൊക്കെ ഇത്രയേ വിവരമുള്ളോയെന്ന് കരുതിയാല്ലോയെന്ന് വിചാരിച്ച് ഒഎൻവി സാറിനോട് അത് എന്താണെന്ന് ചോദിക്കുകയുമില്ല. അർഥമില്ലാതെ അദ്ദേഹം ചുമ്മാ എഴുതില്ലല്ലോ. അതുകൊണ്ട് വേശുക്കിളിമകളേ നല്ല സുഖമാണെന്ന് പറയും...
ശ്രീരാഗമോ എന്ന പാട്ടിന്റെ പ്ലസ് ഒഎൻവി സാറിന്റെ വരികളും ദാസേട്ടന്റെ പാട്ടുമായിരുന്നു. പാട്ട് കണ്ടിട്ട് ദാസേട്ടൻ പറയുകയാണ് നീ എന്നെ കൊന്ന് പാടിയ സ്വരങ്ങളെല്ലാം അവർ പച്ചക്കറി അരിയുകയാടായെന്ന്. പക്ഷേ അതാണ് പാട്ടിന്റെ ഹൈലൈറ്റെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേവസഭാതലം എന്ന പാട്ടിന് പിന്നണിയിലും ചില കഥകളുണ്ടായിരുന്നു. അന്ന് റെക്കോർഡിങ് ചെയ്യാനായി ദാസേട്ടനടക്കമുള്ളവർ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ മുന്നില്‍ വെച്ച് ഞാനും പാടണമെന്ന് ദാസേട്ടൻ പറഞ്ഞു. ഞാനാണെങ്കില്‍ ദാസേട്ടൻ പോയിട്ട് പാടാമെന്നായി. എന്തൊക്കെ പറഞ്ഞിട്ടും അദ്ദേഹം കേള്‍ക്കാതെ നിർബന്ധം പിടിച്ചപ്പോള്‍ ഞാൻ മൂത്രമൊഴിക്കണമെന്ന് പറഞ്ഞ് പോയി. പിന്നീട് അദ്ദേഹം തിരിച്ചുപോയതിന് ശേഷമാണ് ഞാൻ മൂത്രപ്പുരയില്‍ നിന്നിറങ്ങിയതും എന്റെ ഭാഗം റെക്കോർഡ് ചെയ്തതും...’’ ശരത് പറഞ്ഞു. അക്ഷരോത്സവ വേദിയിലാണ് ശരത് തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചത്.






