
കൊച്ചി; കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് തട്ടിപ്പിലെ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും ഉള്‍പ്പെടെ 8 കേസുകളില്‍ പ്രതികളില്‍ നിന്ന് കണ്ടുകെട്ടിയ സ്വത്തുക്കളും വസ്തുവകകളും ബാങ്കിന് തിരികെ നല്‍കാനായി ആരംഭിച്ചതായി ഇഡി ഉദ്യോഗസ്ഥര്‍.128 കോടി രൂപയുടെ സ്വത്തുകളും ഫണ്ടുകളും കേസില്‍ കണ്ടുകെട്ടിയതായി ഇഡിയുടെ കൊച്ചി സോണല്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കള്ളപ്പണ നിരോധന നിയമ പ്രകാരം പണം ബാങ്കിലേയ്ക്ക് കൈമാറാനായി അനുമതി തേടി കോടതിയെ സമീപിക്കുമെന്നും ഇഡി ഉദ്യോഗസ്ഥന് പറഞ്ഞു.
കേസില്‍ ഇരകളായവര്‍ക്ക് പണം തിരികെ വാങ്ങാന്‍ ബാങ്കിനെ സമീപിക്കാമെന്നും ഇഡി വ്യക്തമാക്കി. കോടതിയുടെ മേല്‍നോട്ടത്തിലാകും ഈ പണം തിരികെ നല്‍കുക. ഇതുവരെ തട്ടിപ്പിന് ഇരയായ അഞ്ച് പേര് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇഡിയെ സമീപിച്ചിട്ടുണ്ടെന്നും കേസിലെ രണ്ടാമത്തെ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിലവില്‍ 89 കോടിയുടെ സ്വത്തുക്കള്‍ ഇഡി വിജയകരമായി തിരിച്ചുപിടിച്ചു. കണ്ടുകെട്ടിയ വസ്തുക്കള്‍ ബാങ്കിന് ലേലം ചെയ്യാം.






