
കോട്ടയം: ജീവിതം കരുപിടിപ്പിക്കാൻ യുകെയിലേക്ക് ചേക്കേറിയപ്പോൾ കോട്ടയം നെല്ലിപ്പിള്ളിൽ ക്രിസ്റ്റിൻ ബേബി-റിയ റോയ് ദമ്പതികൾ ഇങ്ങനൊരു പ്രതിസന്ധി ജീവിതത്തിലുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. വിവാഹം കഴിഞ്ഞ് അധികം താമസിയാതെ കുഞ്ഞ് ജനിച്ചതിന്റെ സന്തോഷത്തിലായിരുന്നു ഇരുവരും. പെട്ടെന്നാണ് സന്തോഷം തല്ലിക്കെടുത്തി വിധിയുടെ വിളയാട്ടം തുടങ്ങിയത്.
യുകെയിൽ വെച്ചായിരുന്നു ഇവർക്ക് ആൺകുഞ്ഞ് ജനിച്ചത്. റോവൻ ക്രിസ്റ്റിൻ എന്നാണ് കുഞ്ഞിന് നൽകിയ പേര്. നാട്ടിലെത്തി മാമോദീസ ചടങ്ങ് നടത്താനിരിക്കെ കുഞ്ഞിന് പെട്ടെന്ന് ഡയേറിയ പിടിപെട്ടു. ജനിച്ച് രണ്ടുമാസം കഴിഞ്ഞപ്പോഴായിരുന്നു അത്. അവിടെ ചികിത്സകൾ പലത് ചെയ്തെങ്കിലും അസുഖം കുറഞ്ഞില്ല.
പിന്നീട് അവർ നാട്ടിലേക്ക് പോരുകയായിരുന്നു. എയർപോർട്ടിൽ വന്നിറങ്ങിയ ഇവർ നേരെ ആശുപത്രിയിലേക്കാണ് പോയത്. അന്നു മുതൽ ചികിത്സക്കായി ആശുപത്രികൾ പലതു മാറി. ഇപ്പോഴും കുഞ്ഞ് ആശുപത്രിയിൽ തുടരുകയാണ്. നിലവിൽ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലാണ് ചികിത്സ നടക്കുന്നത്. സാധാരണ കാണാറുള്ള ഡയേറിയ ആണെന്നാണ് ഡോക്ടർമാരും കരുതിയിരുന്നത്.
എന്നാൽ പിന്നീട് നടത്തിയ വിദഗ്ദ ചികിത്സയിലാണ് കേരളത്തിൽ അധികം ആർക്കും വരാത്ത ഇപെക്സ് സിൻഡ്രം(IPEX Syndrom) എന്ന അസുഖമാണെന്ന് തിരിച്ചറിഞ്ഞത്. കുഞ്ഞിന്റെ ജീവൻ നിലനിർത്താൻ സ്റ്റെം സെൽ ട്രാൻസ്പ്ലാന്റേഷൻ (STEM CELL TRANSPLANTATION) എന്ന ചികിത്സ എത്രയും വേഗം നൽകണമെന്നാണ് ഡോക്ടർമാരുടെ നിർദേശം.
വൈകുന്ന ഓരോദിവസവും കുഞ്ഞിന്റെ ജീവന് തന്നെ ആപത്താണെന്നാണ് ഡോക്ടർമാർ പറയുന്നത്. കുഞ്ഞിന്റെ ജീവൻരക്ഷിക്കാൻ രണ്ടു പ്രതിസന്ധികളാണ് ക്രിസ്റ്റിൻ ബേബി-റിയ റോയ് ദമ്പതികൾക്ക് മുന്നിലുള്ളത്. ആദ്യത്തേത് ദാദാവിനെ കണ്ടെത്തുക എന്നതാണ്. ഇതിനുവേണ്ട സർക്കാർ രജിസ്ട്രേഷൻ കാര്യങ്ങൾ പുരോഗമിക്കുകയാണ്. രണ്ടാമത്തേത് ചികിത്സക്ക് വേണ്ടിവരുന്ന ഭീമമായ ചെലവാണ്.
ഏകദേശം 60 ലക്ഷത്തോളം രൂപ ചെലവുവരുന്ന ഓപ്പറേഷനാണ് കുഞ്ഞിന് ചെയ്യേണ്ടത്. വെല്ലൂർ സിഎംസി ആശുപത്രിയിലോ തിരുവല്ല ബിലീവേഴ്സ് ആശുപത്രിയിലോ ഓപ്പറേഷൻ നടത്താനാണ് തീരുമാനം. കുഞ്ഞിന് അസുഖം ബാധിച്ച അന്നു മുതൽ യുകെയിലും കേരളത്തിലുമായി നിരവധി ആശുപത്രികളിൽ ചികിത്സ നടത്തിയതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കുടുംബം.
കോട്ടയം കാരിത്താസ്, സെന്റ് ജോൺസ് കട്ടപ്പന, അമൃത ആശുപത്രി എറണാകുളം, കോട്ടയം മെഡിക്കൽ കോളജ് എന്നിവിടങ്ങളിലെ ചികിത്സക്കു ശേഷം ഇപ്പോൾ എസ്.ഐ.ടി ആശുപത്രിയിലാണ് ചികിത്സ തുടരുന്നത്. 60 ലക്ഷം രൂപ ചെലവു വരുന്ന ചികിത്സക്കായി സുമനസുകളുടെ സഹായം തേടുകയാണ് കുഞ്ഞ് റോവാൻ ക്രിസ്റ്റിന്റെ മാതാപിതാക്കൾ.
Christin Baby
Account no: 50100642283713
IFSC: HDFC0005532
Branch: Athirampuzha
Bank name: HDFC BANK






