
കോഴിക്കോട്: ആശാവര്‍ക്കര്‍മാരുടെ സമരം ഭരണം അട്ടിമറിക്കാനാണെന്നും ശരിക്കും സമരം നടത്തേണ്ടത് കേന്ദ്രസര്‍ക്കാരിന് എതിരേയാണെന്നും ആരോപിച്ച് സിഐടിയു രംഗത്ത്. ഓണറേറിയം നല്‍കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നും കേന്ദ്രസര്‍ക്കാരിനെതിരേയുള്ള സമരത്തില സിഐടിയുവിനൊപ്പം നില്‍ക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു. ആശാവര്‍ക്കര്‍മാരെ തെറ്റിദ്ധരിപ്പിച്ച് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും തെറി വിളിപ്പിക്കുകയാണെന്നും ജോലിയില്‍ തിരിച്ച് കയറാത്തവര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നും സംഘടന ഭീഷണി മുഴക്കുന്നു.
സംസ്ഥാനത്തെ 26000 ആശമാരില്‍ 20000 പേരും സിഐടിയു അംഗങ്ങളാണ്. ആശാമാര്‍ക്ക് കിട്ടുന്ന ഓണറേറിയത്തില്‍ '60 ശതമാനം ഇന്‍സെന്റീവ് കേന്ദ്രമാണ് നല്‍കേണ്ടത്. കേന്ദ്രം 72 കോടി രൂപയാണ് സര്‍ക്കാരിന് നല്‍കാനുള്ളത്. ആശാകിരണ്‍ പദ്ധതി കേന്ദ്രം ഒഴിവാക്കി. ആരോഗ്യ ഇന്‍ഷൂറന്‍സ് പരിരക്ഷ ഒഴിവാക്കി. ജീവിത ശൈലി സര്‍വേയില്‍ ആദ്യം 23 ചോദ്യങ്ങളും പിന്നീട് 63 ചോദ്യങ്ങളുമാക്കി. 2000 രൂപ ഡിഎച്ച്എസ് ഉറപ്പ് നല്കി. ഇന്‍സെന്റീവ് നല്‍കാതെ അമിത ജോലി എടുപ്പിക്കുകയാണെന്നും ആരോപിക്കുന്നു.
നിലവിലെ ആശമാരുടെ സമരത്തോട് എതിര്‍പ്പില്ലെന്ന് ആശാവര്‍ക്കേഴ്സ് ആന്‍ഡ് ഫെസിലിറ്റേറ്റേഴ്സ് ഫെഡറേഷന് ഓഫ് ഇന്ത്യ (സിഐടിയു) അഖിലേന്ത്യ പ്രസിഡന്റ് പി പി പ്രേമ പ്രതികരിച്ചു. സമരത്തിലെ മുദ്യാവാക്യത്തോട് മാത്രമാണ് വിയോജിപ്പെന്നും പറഞ്ഞു. ആശമാരെ സ്ഥിരം ജീവനക്കാരായി അംഗീകരിക്കുക. സാമൂഹ്യ സുരക്ഷ ഉറപ്പാക്കുക. ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുക. ശൈലീ ആപ്പിന് ഉപകരണം നല്‍കുക. ശൈലീ സര്‍വ്വേക്ക് നിശ്ചയിച്ച ഫണ്ട് അനുവദിക്കുക എന്നീ ആവശ്യങ്ങളും പി പി പ്രേമ ഉന്നയിച്ചു.




