
ന്യൂയോര്‍ക്ക്: ഡൊണാള്‍ഡ് ട്രംപിന്റെ മുഖം എല്ലാദിവസവും പത്രങ്ങളില്‍ കാണുന്നത് മടുത്തെന്നും ഒരു കാര്‍ ഇടിച്ചുകയറുന്നത് വീണ്ടും വീണ്ടും കാണുന്നത് പോലെയാണെന്നും വിഖ്യാത ചലച്ചിത്രകാരന് ജെയിംസ് കാമറൂണ്‍. ട്രംപ് ഭരിക്കുന്ന അമേരിക്കയില്‍ നിന്നും ന്യൂസിലന്റിലേക്ക് ചേക്കേറി അവിടുത്തെ പൗരത്വം സ്വീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണ് അവതാര്‍ സംവിധായകന്.
ഒരു പോഡ് കാസ്റ്റിലാണ് സംവിധായകന് നിലപാട് വ്യക്തമാക്കിയത്. ട്രംപ് പ്രസിഡന്റായിരിക്കുന്ന കാലത്ത് യുഎസില്‍ ജീവിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടെന്നും പത്രങ്ങളില്‍ ട്രംപിന്റെ മുഖം ആദ്യ പേജില്‍ കാണുന്നത് മടുത്തത് കൊണ്ട് താന്‍ അമേരിക്ക വിടുന്നതെന്നും ട്രംപിനെ പേരെടുത്ത് പരാമര്‍ശിക്കാതെ പറഞ്ഞു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി കാമറൂണ്‍ യുഎസിലേക്കാള്‍ കൂടുതല്‍ സമയം ന്യൂസിലന്‍ഡിലായിരുന്നു.
ഒരു പൂര്‍ണ്ണമായ മാറ്റം ആഗ്രഹിക്കുന്നെങ്കില്‍ ആ നാട്ടില്‍ നാം നിക്ഷേപം നടത്തണമെന്നും, അവിടെ തങ്ങള്‍ക്ക് ബഹുമാനവും തുല്യതയും ലഭിക്കുമെന്നും ഉറപ്പ് വരുത്തണമെന്നും കാമറൂണ്‍ പറഞ്ഞു. ''അമേരിക്ക എടുത്ത ചരിത്ര നിലപാടില്‍ നിന്നെല്ലാം പിന്നോക്കം പോകുന്ന ഒരു കാലത്താണ് ഇപ്പോള്‍ നില്‍ക്കുന്നത്. ഇപ്പോഴത്തേത് ഒരു പൊള്ളയായ ആശയമാണ്. ചിലര്‍ സ്വന്തം നേട്ടത്തിനായി അത് കഴിയുന്നത്ര വേഗത്തില്‍ പൊള്ളയാക്കുന്നു. എല്ലാ ദിവസവും ഒന്നാം പേജില്‍ അതിനെക്കുറിച്ച് വായിക്കേണ്ടതില്ലെന്നാണ് എന്റെ തീരുമാനം. മാത്രമല്ല അത് അത്ര സുഖമുള്ള കാര്യ അല്ല. ന്യൂസിലാന്‍ഡിലെ പത്രങ്ങള്‍ കുറഞ്ഞത് ഇതൊക്കെ മൂന്നാം പേജിലെ കൊടുക്കുകയുള്ളൂ. ഒന്നാം പേജില്‍ ഇനി ആ ആളുടെ മുഖം കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അവിടെ ഇപ്പോള്‍ അത് ഒഴിച്ചുകൂടാന്‍ കഴിയാത്ത കാര്യമായി, ഒരു കാര്‍ ഇടിച്ചുകയറുന്നത് വീണ്ടും വീണ്ടും കാണുന്നത് പോലെയാണ് ഇത്,' കാമറൂണ്‍ പറഞ്ഞു.
താന്‍ ന്യൂസിലന്‍ഡ് പൗരത്വം ഉടന്‍ എടുത്തേക്കുമെന്നും അമേരിക്ക വിടാന്‍ പദ്ധതിയിടുകയാണെന്നും കാമറൂണ്‍ കൂട്ടിച്ചേര്‍ത്തു. ടൈറ്റാനിക്, അവതാര്‍ തുടങ്ങിയ വിശ്വ സിനിമകള്‍ ഒരുക്കിയ ജെയിംസ് കാമറൂണ്‍. അവതാര്‍ ചലച്ചിത്ര പരമ്പരയിലെ മൂന്നാം ചിത്രം 'അവതാര്‍ ഫയര്‍ ആന്റ് ആഷ്' പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വര്‍ഷം ഡിസംബറിലാണ് ചിത്രത്തിന്റെ റിലീസ് പ്രതീക്ഷിക്കുന്നത്.






