
തമിഴകത്തെ പ്രിയപ്പെട്ട താരദമ്പതികളാണ് സൂര്യയും ജ്യോതികയും. ഇരുവരും തമ്മിലുള്ള കെമിസ്ട്രി ആരാധകർക്കും ഏറെ ഇഷ്ടമാണ്. പരസ്പര സഹകരണത്തോടെയും പിന്തുണ നൽകിയും മുന്നോട്ടു പോവുന്ന ഇരുവരും ആരാധകരെ സംബന്ധിച്ച് മാതൃകാദമ്പതികളാണ്.
സൂര്യയും ജ്യോതികയും വാർത്തകളിൽ നിറഞ്ഞുനിൽക്കുമ്പോഴും മക്കളായ ദിയയും ദേവും സമൂഹമാധ്യമങ്ങളിലൊന്നും അങ്ങനെ അധികം പ്രത്യക്ഷപ്പെടാറില്ല. അതിനാൽ തന്നെ ദമ്പതിമാരുടെ കുടുംബചിത്രവും വളരെ അപൂർവ്വമായി മാത്രമാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരാറുള്ളത്.
ഇപ്പോഴിതാ, നാലുപേരും ഒന്നിച്ചുള്ള ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. സൂര്യയുടെ ഫാൻസ് പേജിലാണ് ഈ ചിത്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.അച്ഛനും അമ്മയും സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിറഞ്ഞുനിൽക്കുമ്പോളും മക്കളായ ദിയയും ദേവും തങ്ങളുടേതായ തട്ടകങ്ങളിൽ തിളങ്ങുന്നവരാണ്.
അച്ഛനും അമ്മയ്ക്കും പിന്നാലെ ദിയയും അടുത്തിടെ സിനിമയിലേക്ക് ചുവടു വെച്ചിരുന്നു. അഭിനയത്തിലല്ല, സംവിധാനത്തിലാണ് ദിയ തന്റെ കഴിവു തെളിയിച്ചത്. ‘ലീഡിങ് ലൈറ്റ്’ എന്ന പേരിൽ ദിയ ഒരു ഡോക്യുമെന്ററി ഒരുക്കിയിരുന്നു. ഡോക്യുമെന്ററി സംവിധാനം ചെയ്യുക മാത്രമല്ല, മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരവും ബെസ്റ്റ് സ്റ്റുഡന്റ് ഷോർട്ട് ഫിലിമിനുള്ള പുരസ്കാരവും ദിയ സ്വന്തമാക്കുകയും ചെയ്തു.
പതിനൊന്നാം ക്ലാസുകാരിയായ ദിയ സ്കൂളിലെ ഹൗസ് ക്യാപ്റ്റനുമാണ്. ദേവ് ആകട്ടെ കായിക ഇനങ്ങളിലാണ് മികവ് തെളിയിച്ചിരിക്കുന്നത്. മുംബൈയിലെ അസെൻഡ് ഇന്റർനാഷ്നൽ സ്കൂളിലാണ് ദിയയും സഹോദരൻ ദേവും പഠിക്കുന്നത്. പഠനത്തിലും കായിക മേഖലയിലുമൊക്കെ ഏറെ മികവു പുലർത്തുന്നവരാണ് ഇരുവരും.
അടുത്തിടെ, ദേവ് കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് നേടുന്നതിനു സാക്ഷിയാവാൻ എത്തിയ സൂര്യയുടെ വീഡിയോയും ശ്രദ്ധ നേടിയിരുന്നു.
2006ൽ ആണ് സൂര്യയും ജ്യോതികയും വിവാഹിതരായത്. 2007ൽ മകൾ ദിയയും, 2010-ൽ മകൻ ദേവും ജനിച്ചു.
അടുത്തിടെയാണ് സൂര്യയും ജ്യോതികയും മക്കളും ചെന്നൈയിൽ നിന്നും മുംബൈയിലേക്ക് മാറിയത്. ജ്യോതികയുടെ അച്ഛനമ്മമാരുടെ അടുത്ത് കൂടുതൽ സമയം ചെലവിടുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാറ്റം എന്ന് ജ്യോതിക അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.






