
മലയാള സിനിമ പല തരത്തിലുള്ള വിമർശനങ്ങളാണ് അടുത്ത കാലത്തായി നേരിടുന്നത്. സിനിമയ്ക്കുള്ളിലെ അരക്ഷിതാവസ്ഥയും സ്ത്രീ പുരുഷ വിഭിന്നതയും വിമർശനങ്ങളായി ഉയർന്നു തുടങ്ങിയിട്ട് കുറച്ചു നാളുകളായി.
അതിനു പിന്നാലെയാണ് സിനിമയിലെ വയലൻസ് കുറ്റകൃത്യങ്ങൾക്ക് കാരണമാകുന്നു എന്ന തരത്തിലുള്ള വിമർശനങ്ങൾ വന്നത്. സിനിമ മേഖലയിൽ ഉള്ളവർ തന്നെ ഇത് തുറന്നു പറഞ്ഞു തുടങ്ങി.
ഇപ്പോഴിതാ സിനിമയിലെ വയലന്‍സ് നാട്ടില്‍ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ക്ക് കാരണമാകുന്നുവെന്ന ചര്‍ച്ചകളോട് പ്രതികരിക്കുകയാണ് നടിയായ രഞ്ജിനി.
മികച്ച തിരക്കഥകളിലൂടെയും ഫിലിം മേക്കിംഗിലൂടെയും അഭിനയത്തിലൂടെയുമൊക്കെ മറ്റ് ഇന്‍ഡസ്ട്രികളെ അസൂയപ്പെടുത്തിയ നമ്മള് കൊറിയന്‍ പാത പിന്തുടരുന്നത് എന്തിന് വേണ്ടിയാണ് എന്നാണ് രഞ്ജിനി ചോദിക്കുന്നത്. നമ്മുടെ സെന്‍സര്‍ ബോര്‍ഡിന് എന്ത് സംഭവിച്ചുവെന്ന് അത്ഭുതം തോന്നുന്നെന്നും അവര്‍ ഉറക്കത്തിലാണോ എന്നുമാണ് രഞ്ജിനി ചോദിക്കുന്നത്.
"അനന്യവും പുരസ്കാരങ്ങള്‍ നേടാറുള്ളതുമായ തിരക്കഥകള്‍, ഫിലിം മേക്കിങ്, അഭിനയം ഇവയ്ക്കൊക്കെ പേര് കേട്ടതായിരുന്നു മലയാള സിനിമകള്‍. മറ്റ് ഭാഷാ സിനിമാ മേഖലകള്‍ അസൂയപ്പെട്ടിരുന്ന സിനിമാ മേഖലയാണ്. കാര്യങ്ങള്‍ അങ്ങനെയാണെന്നിരിക്കെ നാം കൊറിയന്‍, ജാപ്പനീസ്, തെലുങ്ക്, കന്നഡ സിനിമകളുടെ പാത പിന്തുടര്ന്ന് മാര്‍ക്കോ, ആവേശം, റൈഫിള്‍ ക്ലബ്ബ് പോലെയുള്ള സിനിമകള്‍ നിര്‍മ്മിക്കുന്നത് എന്തിനാണ്?
ഞാന്‍ മലയാള സിനിമയുടെ ഭാഗമാണ് എന്നതില്‍ ഏറെ അഭിമാനിക്കുന്ന വ്യക്തിയാണ് ഞാന്‍. സിനിമയുടെയും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സേഴ്സിന്റെയും സ്വാധീനം കൊണ്ടും മോശം പേരന്റിംഗിനാലും ലഹരി ഉപയോഗത്താലും ക്ഷമ നശിച്ച യുവത്വമായി മാറുന്ന നമ്മുടെ കുട്ടികളുടെ അവസ്ഥ എന്റെ മനസിനെ മുറിപ്പെടുത്തുന്നു. നിര്‍ഭാഗ്യവശാല്‍ ഇന്നത്തെ സിനിമകളും ഈ സാമൂഹിക സാഹചര്യം സൃഷ്ടിക്കുന്നതില്‍ പങ്ക് വഹിച്ചിട്ടുണ്ട്.
നമ്മുടെ സെന്‍സര്‍ ബോര്‍ഡിന് എന്ത് സംഭവിച്ചുവെന്ന് അത്ഭുതം തോന്നുന്നു. അവര്‍ ഉറക്കത്തിലാണോ? പ്രിയ കേരളമേ മറക്കാതിരിക്കുക, ജെ സി ഡാനിയേല്‍, കെജി ജോര്‍ജ്, അരവിന്ദന്, എംടി വാസുദേവന്‍ നായര്‍, പത്മരാജന്, ലെനിന് രാജേന്ദ്രന് തുടങ്ങി അനേകം പ്രതിഭാധനര്‍ സൃഷ്ടിക്കപ്പെട്ട ഇടമാണ് ഇത്. തങ്ങളുടെ സിനിമകളിലൂടെ അവര്‍ നമ്മുടെ ജീവിതങ്ങളെ സ്വാധീനിച്ചിട്ടുണ്ട്..." രഞ്ജിനി തന്റെ കുറിപ്പിലൂടെ തന്റെ നിലപാട് അറിയിച്ചത് ഇങ്ങനെയാണ്.






