
കണ്ണൂര്: പാനൂർ നഗരസഭ, പാട്യം, മൊകേരി ഗ്രാമ പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ കാട്ടുപന്നിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ മേഖലളിൽ ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തിൽ പ്രത്യേക ഡ്രൈവ് നടത്തുമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. ഇതിനായി ടാസ്ക് ഫോഴ്സിന് രൂപം നൽകും. മൊകേരി പഞ്ചായത്ത് ഹാളിൽ കെ പി മോഹനൻ എം എൽ എയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
കാട്ടുപന്നി ഉൾപ്പെടെയുള്ള വന്യജീവികളുടെ ആക്രമത്തിൽ ഉണ്ടായ കൃഷിനാശം വിലയിരുത്തി ജില്ലാ കൃഷി ഓഫീസർ ഒരാഴ്ചയ്ക്കകം വനംവകുപ്പിന് റിപ്പോർട്ട് നൽകണമെന്ന് മന്ത്രി നിർദ്ദേശിച്ചു. റിപ്പോർട്ട് ലഭിക്കുന്ന മുറക്ക് നഷ്ടപരിഹാര തുക സംബന്ധിച്ച കാര്യങ്ങളിൽ തുടർ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. മരണമടഞ്ഞ ശ്രീധരന്റെ കുടുംബത്തിനുള്ള നഷ്ടപരിഹാര തുകയുടെ രണ്ടാം ഗഡു പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്ന മുറയ്ക്ക് നൽകും. കുടുംബത്തിൽ ഒരാൾക്ക് ജോലി നൽകുന്ന കാര്യത്തിൽ വിദ്യാഭ്യാസ യോഗ്യതകൂടി പരിശോധിച്ച് തീരുമാനമെടുക്കും.






