
മലപ്പുറം: താനൂരില്‍ നിന്നും പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ പെണ്‍കുട്ടികള്‍ക്കൊപ്പം ട്രെയിനില്‍ യാത്ര ചെയ്ത ഇന്‍സ്റ്റഗ്രാം സുഹൃത്തിനെ ഇന്ന് കസ്റ്റഡിയില്‍ എടുത്തേക്കും. മലപ്പുറം എടവണ്ണ സ്വദേശി റഹിം അസ്ലമിനെ താനൂര്‍ പൊലീസ് ഇന്ന് ചോദ്യം ചെയ്യുക. മുംബൈയില്‍ നിന്നും ഇന്ന് നാട്ടിലെത്തുന്ന ഇയാള്‍ക്ക് പെണ്‍കുട്ടികള്‍ നാടുവിട്ടതില്‍ പങ്കുണ്ടോ എന്ന് ചോദിച്ചറിയും.
മുംബൈയില്‍ നിന്ന് പൊലീസ് കണ്ടെത്തിയ പെണ്‍കുട്ടികളെ ഇന്ന് ഉച്ചയോടെ താനൂരിലെത്തിക്കും. കോടതിയില്‍ ഹാജരാക്കിയ ശേഷം രക്ഷിതാക്കള്‍ക്കൊപ്പം വിടും. വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിങും രക്ഷിതാക്കള്‍ക്ക് ബോധവല്‍ക്കരണവും നല്‍കും. ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടികള്‍ നാടുവിട്ടതില്‍ പങ്കുണ്ടെന്ന് വ്യക്തമായാല്‍ റഹിം അസ്ലമിനെ പൊലീസ് അറസ്റ്റ് ചെയ്യും.
അതേസമയം കുട്ടികള്‍ ഉല്ലാസത്തിനുവേണ്ടി മാത്രമാണ് മുംബൈയില്‍ വന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ നിഗമനമെന്നാണ് പോലീസ് നല്കുന്ന സൂചന. മറ്റെന്തെങ്കിലും കാരണത്തിനുള്ള സാഹചര്യതെളിവുകള്‍ ഇല്ല. നാട്ടിലെത്തിയശേഷം വിശദമായി അന്വേഷിക്കും. കുട്ടികളുമായി മാതാപിതാക്കള്‍ വീഡിയോകോള്‍ വഴി സംസാരിച്ചിരുന്നു. ഇരുവരും സുരക്ഷിതമാണെന്ന് ബോദ്ധ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
സ്കൂളില്‍ പരീക്ഷയെഴുതാന്‍ പോകുന്നെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ താനൂര്‍ സ്വദേശിനികളായ പ്ലസ്ടു വിദ്യാര്‍ത്ഥിനികളെ കാണാതായത് കഴിഞ്ഞ ബുധനാഴ്ചയായിരുന്നു. ഇവരെ പിന്നീട് മുംബൈ ലോണാവാലയില്‍ നിന്നും കണ്ടെത്തി. മുംബൈ-ചെന്നൈ എഗ്മേര്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ റെയില്‍വേ പൊലീസാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്.






