
പത്തനംതിട്ട: സംസ്ഥാനകമ്മറ്റിയില്‍ പരിഗണിക്കാതിരുന്നതിന്റെ പേരില്‍ കഴിഞ്ഞ ദിവസം നടത്തിയ വിവാദ പ്രസ്താവന മയപ്പെടുത്തി സിപിഎം നേതാവ് പത്മകുമാര്‍. അതിവൈകാരികമായി പ്രതികരിച്ചു പോയതാണെന്നും പാര്‍ട്ടി എന്ത് അച്ചടക്ക നടപടിയെടുത്താലും അത് സ്വീകരിക്കുമെന്നും പത്മകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നാളെ നടക്കുന്ന ജില്ലാക്കമ്മറ്റിയില്‍ പങ്കെടുക്കുമെന്നും പറഞ്ഞു.
പറയാനുള്ളത് പാര്‍ട്ടിക്കുള്ളില്‍ പറയേണ്ടിയിരുന്നെന്നും എന്നാല്‍ വൈകാരികമായി പ്രതികരിച്ചു പോയതാണെന്നുമായിരുന്നു പ്രതികരണം. ബിജെപി ക്കാര് വീട്ടിലെത്തിയത് മാധ്യമശ്രദ്ധ കിട്ടാന്‍ വേണ്ടിയാണെന്നും പറഞ്ഞു. ബിജെപിക്കാര്‍ വീട്ടില്‍ വന്നപ്പോള്‍ താന്‍ വീട്ടില്‍ ഇല്ലായിരുന്നു. കഴിഞ്ഞ ദിവസം പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളന വേദിയില്‍ നിന്നും ഇറങ്ങിപ്പോയ ശേഷമായിരുന്നു പത്മകുമാര്‍ വിവാദപ്രസ്താവന ഫേസ്ബുക്ക് പോസ്റ്റായി നടത്തിയത്. 52 വര്‍ഷം പ്രവര്‍ത്തനപാരമ്പര്യമുള്ള തന്നെ തഴഞ്ഞാണ് പാര്‍ട്ടിയില്‍ ഒന്പതുവര്ഷം മാത്രമായ മന്ത്രി വീണാ ജോര്‍ജിനെ സംസ്ഥാന സമിതിയില്‍ പ്രത്യേകക്ഷണിതാവാക്കിയതെന്ന് അദ്ദേഹം വിമര്‍ശിച്ചിരുന്നു.
വിമര്‍ശനം വന്‍ വിവാദമായതിനു പിന്നാലെയാണു ജില്ലാ സെക്രട്ടറി രാജു എബ്രഹാം പത്മകുമാറിനെ ആറന്മുളയിലെ വീട്ടിലെത്തി കണ്ടത്. പിന്നാലെ ബി.ജെ.പി. ജില്ലാ പ്രസിഡന്റ് വി.എ. സൂരജും ജനറല്‍ സെക്രട്ടറി പ്രദീപ് അയിരൂരും അദ്ദേഹത്തിന്റെ വീട്ടിലെത്തിയത് അഭ്യൂഹങ്ങള്‍ക്ക് അഗ്നി പകര്‍ന്നു. ഇന്നലെ വൈകിട്ടാണ് ഇരുവരും പത്മകുമാറിനെ സന്ദര്‍ശിച്ചത്. 15 മിനിട്ടോളം ചര്‍ച്ചനടന്നെങ്കിലും അതേപ്പറ്റി പ്രതികരിക്കാന്‍ പത്മകുമാര്‍ തയാറായില്ല. നാളത്തെ സി.പി.എം. ജില്ലാ കമ്മറ്റി യോഗത്തില്‍ പത്മകുമാറിനെതിരേ നടപടിയുണ്ടായേക്കും.
അതിനുശേഷം ചിത്രം കൂടുതല്‍ വ്യക്തമാകുമെന്നു ബി.ജെ.പി. നേതാക്കള്‍ അവകാശപ്പെടുന്നു. സംസ്ഥാനസമിതി തെരഞ്ഞെടുപ്പില്‍ തഴയപ്പെട്ടതിനേ ത്തുടര്‍ന്ന് ഫെയ്സ്ബുക്കില്‍ നടത്തിയ പ്രതികരണം പത്മകുമാര്‍ പിന്‍വലിച്ചെങ്കിലും പരസ്യപ്രസ്താവന തുടര്‍ന്നു. മന്ത്രിയെന്ന നിലയില്‍ കഴിവ് തെളിയിച്ചയാളാണ് വീണ. തനിക്കത്രയും കഴിവില്ലായിരിക്കും. പ്രായപരിധിക്കു കാത്തുനില്‍ക്കാതെ, 66-ാം വയസില്‍ എല്ലാം ത്യജിക്കുകയാണെന്നും പാര്‍ട്ടി നടപടി നേരിടാന്‍ ഒരുക്കമാണെന്നും പത്മകുമാര്‍ പറഞ്ഞു.
പാര്‍ട്ടി അനുവദിച്ചാല്‍ ബ്രാഞ്ചില്‍ പ്രവര്‍ത്തിക്കും. പാര്‍ട്ടി വിട്ടുപോകില്ല. എഫ്.ബി. പോസ്റ്റ് പിന്‍വലിച്ചെങ്കിലും അതിന്റെ ഉള്ളടക്കത്തില്‍ ഉറച്ചുനില്‍ക്കുന്നു. അതു പറയേണ്ടത് പാര്‍ട്ടി ഘടകത്തിലായിരുന്നു എന്ന കാര്യത്തില്‍ മാത്രമാണു തെറ്റിയത്. പാര്‍ട്ടി എന്ത് നടപടി സ്വീകരിച്ചാലും വിരോധമില്ലെന്നു പത്മകുമാര്‍ മാധ്യമങ്ങളോടു പറഞ്ഞു. പത്മകുമാറിനെതിരായ നടപടി നാളത്തെ ജില്ലാ കമ്മറ്റി യോഗം ചര്‍ച്ചചെയ്യും. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനെതിരേ മുന്‍മന്ത്രി എ.കെ. ബാലന് നടത്തിയ പരാമര്‍ശവും പത്മകുമാര്‍ തള്ളി.
തനിക്ക് പാര്‍ട്ടിയില്‍നിന്നു വാരിക്കോരിത്തന്നെന്നു ബാലന് പറയുന്നു. 15-ാം വയസില്‍ പാര്‍ട്ടി പ്രവര്‍ത്തനമാരംഭിച്ച തനിക്ക് എന്തെല്ലാം ലഭിച്ചെന്നു ജനത്തിനും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമറിയാം. പുന്നപ്ര-വയലാര്‍ സമരത്തില്‍ പങ്കെടുത്തവര്‍ വെറും ബ്രാഞ്ച് സെക്രട്ടറിയായി മരിച്ച ചരിത്രമുണ്ട്. പാര്‍ട്ടി യില്‍ ഇന്നലെയും ഇന്നും നാളെയും പിണറായി തന്റെ നേതാവാണെന്നും പത്മകുമാര്‍ പറഞ്ഞു.






