
ഉദയപുരം സുല്‍ത്താന്‍ റീലോഡഡ്.. അല്ലേല്‍ വേണ്ട കാര്യസ്ഥന്റെ റീമേക്ക്. അതുല്ലെങ്കില്‍ കാര്യസ്ഥന് പ്ലസ് ഉദയംപുരം സുല്‍ത്താന്‍.. ഉറപ്പിച്ചു. മൂന്നുതരം. രണ്ടുസിനിമയും കണ്ടിട്ടുണ്ടേല്‍ 'ഫുക്രി'ക്ക് മാറ്റിവച്ച കാശുലാഭം.
ഇതെന്താണ്, മലയാളം സിനിമയില്‍ റീമേക്ക് സീസണാണോ. ജേക്കബിന്റെ സ്വര്‍ഗരാജ്യം ജോമോന്റെ സുവിശേഷമായിട്ടും അനുരാഗ കരിക്കിന് വെള്ളം മുന്തിരിവള്ളികള്‍ തളിത്തതുമായിട്ട് ആഴ്ച രണ്ടു തികഞ്ഞില്ല, അതിനുമുമ്പേ, അടുത്ത റീമേക്കുമായി പഴയഹിറ്റുകളുടെ തഴമ്പുമാറാതെ ആള്മാറാട്ടക്കഥകള് പറഞ്ഞു മടുക്കാത്ത സിദ്ധീഖ് വരുന്നു. ജയസൂര്യ നായകനായ 'ഫുക്രി'യുമായി.
ഏതാണ്ട് രണ്ടുപതിറ്റാണ്ട്(1999)മുമ്പ് ദിലീപിനെ നായകനാക്കി ജോസ് തോമസ് ഒരുക്കിയ 'ഉദയപുരം സുല്‍ത്താന്‍' എന്ന സിനിമയുടെ ഒട്ടും പരിഷ്കരിക്കാത്ത പതിപ്പാണ്, എന്നുവച്ചാല്‍ രണ്ടുപതിറ്റാണ്ടുകൊണ്ടു സിനിമയിലുണ്ടായ ഒരുമാറ്റവും അംഗീകരിക്കാത്ത(മനസിലാകാത്ത) കാലഹരണപ്പെട്ട ഉദയപുരം സുല്‍ത്താന്‍ ആണ് ഫുക്രി.
സിദ്ധീഖ് ലാലുമാര്‍ ഇന്‍ഹരിഹര്‍ നഗര്‍ ഒരുക്കിയ കാലത്തെ അതേ ആള്‍മാറാട്ടക്കഥ. അല്ലെങ്കില്‍ പ്രിയദര്ശന് ബോയിങ്ങ് ബോയിങ്ങും ചിത്രവും ഒരുക്കിയ കാലത്തോളം പഴക്കമുള്ള ആള്‍മാറാട്ടക്കഥ.
ബൈ ദി ബൈ ചില്ലറ ചെയ്ഞ്ചൊക്കെയുണ്ട്. ഉദയപുരം സുല്‍ത്താനില്‍ തമ്പുരാനായിരുന്നുവെങ്കില്, അതായത് ക്ഷത്രിയരാജക്കാന്മാരായിരുന്നുവെങ്കില് ഇവിടെ മുസ്ലീം രാജകുംടുംബമായ ഫുക്രിയാണ് കേന്ദ്രബിന്ദു. ഉദയപുരം സുല്‍ത്താനില്‍ കിരീടമാണ് കള്ളന്മാര് തേടുന്നതെങ്കില്‍ ഇതില്‍ ഇറിഡിയം ആണ്. എന്താല്ലേ. ഇതില്‍ക്കൂടുതലൊക്കെ വെറൈറ്റി വേണമെന്നൊക്കെ വാശിപിടിക്കുന്നത് കഷ്ടമാണ്.
പിന്നെയും വ്യത്യാസങ്ങളുണ്ട്. അവിടെ ഉണ്ണികൃഷ്ണനെന്ന ഹിന്ദുവാണെങ്കില്‍ ഇവിടെ ലുക്മാന് അഥവാ ലക്കി എന്ന മുസ്ലിമാണ് നായകന്. ഉദയപുരം സുല്‍ത്താനില്‍ ദിലീപാണെങ്കില്‍ ഇവിടെ ജയസൂര്യയാണ്. ഇത്രൊയൊക്കെ ചെയ്ഞ്ച് വന്നിട്ടും ചെയ്ഞ്ചില്ല എന്നു പറഞ്ഞാല്‍ ചതിക്കാത്ത ചന്തുവില്‍ ഡാന്‍സ് മാസ്റ്റര്‍ വിക്രം പറഞ്ഞപോലെ ''ഐ കുഡിന്റ് അഫോര്‍ഡ് ദാറ്റ്, ഐ കുഡിന്റ് അഡ്മിറ്റ് ദാറ്റ്, ഐ കുഡിന്റ് അപ്രൂവ് ദാറ്റ്''
അല്ലെങ്കിലും ഉദയപുരം സുല്‍ത്താന്റെ പകര്‍പ്പാണെന്ന ആരോപണം പൂര്‍ണമായി ഉന്നയിക്കാനും സാധിക്കില്ല. കാരണം ഇതില്‍ കുറച്ച് ദിലീപിന്റെ മറ്റൊരു സിനിമയായ കാര്യസ്ഥന് എന്ന സിനിമയില്‍ നിന്ന് കടമെടുത്തിട്ടുണ്ട്. ( ഹോ.. ഇതൊരുമാതിരി സ്റ്റേറ്റ് ബാങ്ക് വന്ന് സഹകരണബാങ്കില്‍ നിന്ന് കടമെടുക്കുന്നതുപോലായെന്നു മാത്രം.) .
കാര്യസ്ഥനിലെപ്പോലെ പണ്ടത്തെ ഒളിച്ചോട്ടത്തിന്റെ പേരില്‍ കലഹിച്ചുകഴിയുന്ന രണ്ടുകുടുംബങ്ങളെ ഒന്നിപ്പിക്കാനുള്ള ഒളിച്ചോടിപ്പോയ മകന്റെ പ്രായശ്ചിത്തം. എങ്ങനുണ്ട്.? ഈ രണ്ടുകഥകളും മിക്സുചെയ്തുവച്ചിരിക്കുകയാണ്. മണ്ണെണ്ണയില്‍ ഫ്യൂറഡാന്‍ മുക്കിയെപോലെ എന്നൊക്കെ പറയാം.
ഒരു വലിയ ബംഗ്ലാവാണ് സിനിമയുടെ പശ്ചാത്തലം. നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല. സാധാരണക്കാരുടെ കഥ പറഞ്ഞു മലയാളത്തിലെ എക്കാലയേത്തയും ജനപ്രിയ സംവിധായകരുടെ പട്ടികയില്‍ കയറിയ സിദ്ധീഖ് ലാലുമാര്‍ ഫ്രണ്ട്സ് എന്ന സിനിമ മുതല്‍ കോടീശ്വരന്മാരെപ്പറ്റിയും രാജാക്കന്മാരെപ്പറ്റിയുമേ കഥ പറയാറുള്ളു.
'ബ്ലഡി ഗ്രാമവാസി പുവര്‍ ഫെലോ'സിനൊക്കെ ഇനിയെന്തു കഥ. സിദ്ധീഖ് രചന നിര്‍വഹിച്ച് ലാല്‍ സംവിധാനം ചെയ്ത കഴിഞ്ഞവര്‍ഷം ഏതാണ്ട് ഇതേസമയത്ത് ഇറങ്ങിയ കിങ് ലയറും നായകന് തട്ടിപ്പാണെങ്കിലും പണക്കാരന്റെ പിണക്കം മാറ്റാനുള്ള ശ്രമമായിരുന്നു. ഫുക്രിയിലും ഏതാണ്ട് അതുപോലാണ്.
സിദ്ധിഖ് അവതരിപ്പിക്കുന്ന സുലൈമാന്‍ ഫുക്രി വലിയ സമ്പന്നനായ, മുസ്ലിം രാജകുടുംബത്തിലെ അംഗമാണ്. ഇയാളുടെ മകന് അലി ഫുക്രി ഒരു ബ്രാഹ്ണയുവതിയെയും കൊണ്ട് ഒളിച്ചോടി( കണ്ടോ കണ്ടോ വ്യത്യാസം കണ്ടോ, ഉദയപുരം സുല്‍ത്താനില്‍ ക്ഷത്രിയയുവതിയെ മുസ്ലീം യുവാവ് തട്ടിക്കൊണ്ടുപോകുവായിരുന്നു.)യതാണ്. ഈ ഫുക്രി തറവാടിനെ കേന്ദ്രീകരിച്ചാണ് സിനിമ നടക്കുന്നത്. അവിടേക്ക് ലുക്മാന് എന്ന ലക്കി ഉദയപുരം സുല്‍ത്താനിലെ ഉണ്ണികൃഷ്ണനെപ്പോലെ യാദൃശ്ചികമായി എത്തിപ്പെടുന്നതും പിന്നീടുണ്ടാകുന്ന ആള്‍മാറാട്ടവുമാണ് സിനിമ പറയുന്നത്.
ഏതാണ്ട് എല്ലാവരും(കാഴ്ചക്കാരായ നമ്മള് ഉള്‍പ്പെടെ) പൊട്ടന്മാരായ കഥാലോകമാണ് മുന്നില്‍ നടമാടുന്നത്. സംവിധായകന് സിദ്ധീഖിനും കഥാപാത്രങ്ങളിലൊന്നായ ആലിയ(അനു സിത്താര)യ്ക്കു മാത്രമേ ബുദ്ധിയുള്ളു. ബുദ്ധീന്നൊക്കെ വച്ചാല്‍ എജ്ജാതി ബുദ്ധിയാണ്. തിരക്കഥ എഴുതിക്കൊണ്ടിരിക്കുമ്പോള് സിദ്ദീഖ് ചാടിയെണീറ്റ് നമസ്കരിച്ച്, സ്വയം തോളത്തുതട്ടി അഭിനന്ദിച്ചിട്ടുണ്ടാകും.
ഒരു ക്ഷേത്രത്തിന്റെ താഴികടക്കൂടം ഇടിമിന്നലേറ്റ് തകരുന്ന ദൃശ്യത്തോടെയാണ് തുടങ്ങുന്നത്. ആ താഴികക്കൂടത്തിനുള്ളില് വിലപിടിപ്പുള്ള ഇറിഡിയം ഉണ്ടെന്നുപറഞ്ഞ് എന്‍ജിനീയറിങ് ഡ്രോപ്പൗട്ടുകളായ( ആരു പറഞ്ഞ് സിദ്ധീഖിന്റെ കഥാപാത്രങ്ങള്‍ ന്യൂജനറേഷനല്ലെന്ന്) ലക്കി(ജയസൂര്യ)യും ഫ്രാങ്കോ(ഭഗത് മാനുവല്‍)യും നടത്തുന്ന ശ്രമങ്ങളാണ് അവരെ ഇവരെ ഫുക്രി ബംഗ്ലാവിലെത്തിക്കുന്നത്.
അതാണ് പറഞ്ഞത്, ആ പഴുതില്ലാത്ത തിരക്കഥ, അതിലെ യുക്തി ഭദ്രത ഒക്കെ കണ്ട് സിദ്ധീഖ് സ്വയം സല്യൂട്ട് ചെയ്തുകാണുമെന്ന്. പിന്നെ കാണുന്ന നമ്മള്‍ക്ക് അത്രയ്ക്കുയര്‍ന്ന നിലവാരമില്ലാത്തതുകൊണ്ട് പറ്റുമെങ്കില്‍ ഒരു 100 പേജിന്റെ ബുക്കും ഒരു പേനയും കരുതുന്നതു നല്ലതാണ്; സിനിമ തുടങ്ങി കുറച്ചുകഴിയുമ്പോള്‍ ഫുക്രി കുടുംബത്തിലെ ആള്ക്കാരെപ്പറ്റി പറയുന്നത് മനസിലാകാണമെങ്കില്‍ മാത്രം.
ഏതായാലും താഴിക്കക്കുടം താഴെ വീഴുമ്പോള്‍ മുതല്‍ കോമഡി ചറപറാന്ന് വരുന്നുണ്ട്. വരുന്നവരും പോകുന്നവരും എല്ലാം കോമഡിയാണ്. ഇടയ്ക്കൊക്കെ ചിരിക്കാനുള്ള വകയുമുണ്ട്. ജയസൂര്യയുടെ വാലായിനടക്കുന്ന സപ്പോര്‍ട്ടിങ് കാസ്റ്റാണ് കോമഡിയുടെ സെക്ഷന്‍. തുടര്‍ച്ചയായി മണ്ടത്തരം പറയുക എന്നതാണ് അവരുടെ ചുമതല. അതേതായാലും നന്നായി നിറവേറ്റുന്നുണ്ട്. പ്രയാഗ മാര്‍ട്ടിനും അനു സിത്താരയുമാണ് നായികമാര്‍. ഇതിനിടയില്‍ പാട്ടുപാടിയും ആട്ടമാടിയും അവര്‍ മുഷിപ്പിക്കാന്‍ ശ്രമിക്കുന്നില്ല.
രണ്ടാംപകുതിയിലെത്തുന്ന അലിയെ അവതരിപ്പിക്കുന്ന ലാലാണ് മറ്റൊരു സുപ്രധാന കഥാപാത്രം. കിങ് ലയറിലെപ്പോലെ ഭയങ്കര 'ഗൗരവ'നാണ് ലാലിന്റെ അലി, താടിയ്ക്കുപോലും ഗൗരവമാണ്. കെ.പി.എ.സി. ലളിത, ജനാര്ദനന് എന്നിവരാണ് പാട്ടി, താത്ത, മാമ ഡിപ്പാര്‍ട്ട്മെന്റുകള്‍ കൈകാര്യം ചെയ്യുന്നത്. ആന്‍ മരിയയിലൂടെ ശ്രദ്ധേയായ ജോണ്‍ കൈപ്പിള്ളീല് എന്നിവരാണു മറ്റുവേഷങ്ങളില്‍. ആരും മോശമാക്കിയിട്ടില്ല.
താരതമ്യേന പുതുമുഖങ്ങളുടെ കൂടെ പ്രവര്‍ത്തിച്ച് കുറച്ചുവേറിട്ട ചിത്രങ്ങള്‍ അടുത്തകാലത്ത് സൃഷ്ടിച്ചിട്ടുള്ള നടനാണ് ജയസൂര്യ. പക്ഷേ സിനിമയില്‍ രജതജൂബിലി പിന്നിട്ട സംവിധായകന്റെ സിനിമയില്‍ ജയസൂര്യയ്ക്കായി ഒരുക്കിയത് തൊണ്ണൂറുകളില്‍ അപ്രസക്തമായിപ്പോയ ആള്‍മാറാട്ടക്കാരന്റെ വേഷമാണ്.
മോശം സ്ക്രിപ്പ്റ്റായിട്ടും ജയസൂര്യ ആവേശം ചോരാതെ അഭിനയിച്ചിട്ടുണ്ട്. അഭിനന്ദനീയമാണ് ആത്മാര്‍ഥത. മേക്കോവര്‍ കൊണ്ട് സിദ്ധീഖി(നടന്)നെ ശ്രദ്ധേയമാക്കുന്നുവെങ്കിലും ശുഷ്കമാണ് ടൈറ്റില്‍ കഥാപാത്രമായ ഫുക്രി. സുദീപ് ഇളയിടം, വിശ്വജിത്ത്, ഗോപീ സുന്ദര്‍ എന്നിവരാണ് സംഗീതം. ശരാശരിയിലും താഴ്ന്ന നിലവാരം. വിജയ് ഉലഗനാഥന്റെ ദൃശ്യങ്ങളും സാധാരണം.
മലയാളസിനിമയില്‍ ഇപ്പോഴും പ്രേക്ഷകരെ കിട്ടുന്ന അപൂര്‍വം സീനിയര്‍ സംവിധായകരിലൊരാളായ സിദ്ധീഖ്, കാലത്തിന്റെ മാറ്റം വേഗത്തില്‍ പ്രതിഫലിക്കുന്ന സിനിമയുടെ മാറിയ പരിസരവും തിയറ്ററിലെത്തുന്ന ആസ്വാദകരുടെ നിലവാരത്തേയും സ്വാദുകളേയും പരിഗണിക്കാതെയുള്ള സിനിമകളാണ് ഇപ്പോള്‍ സൃഷ്ടിക്കുന്നതെന്നേ ഫുക്രി കണ്ടശേഷം നിരാശയോടെ പറയാന്‍ പറ്റു. ക്രോണിക് ബാച്ചിലറും ബോഡിഗാര്‍ഡും, ഭാസ്കര്‍ ദ് റാസ്കലും, കിങ് ലയറും എല്ലാം ഒരേ അച്ചില്‍ വാര്‍ത്ത, കാലഹരണപ്പെട്ട, സിദ്ധീഖിന്റെ ലഗസിയില് മാത്രം രക്ഷപ്പെട്ടുപോയ സിനിമകളാണ്.
ഇതില്‍ ഭാസ്കര്‍ ദ് റാസ്കല്‍ മാത്രമേ ആള്മാറാട്ടമല്ലാതുള്ളു. സിദ്ധീഖ് ഇപ്പോഴും കാബൂളിവാലയുടെ കാലത്തെ കുട്ടിയെ തട്ടിയെടുത്ത നാടോടിയെക്കുറിച്ചുള്ള സ്വപ്നകഥകളാണ് ഒരുക്കുന്നത്. അതില്‍ ഹാസ്യത്തിനെന്ന പേരില്‍ ടെലിവിഷന്‍ കോമഡി സ്കിറ്റുകാര് നാണിക്കുന്ന ചില പേക്കൂത്തും. ഏതായാലും സൂപ്പര്‍താരത്തിന്റെ പിന്തുണയില്ലാതെ സിദ്ധിഖ് ഇപ്പോള്‍ നടത്തിയ ചൂതാട്ടത്തിന് മേല്പറഞ്ഞ സിനിമകള്‍ക്കുള്ള ആനുകൂല്യവും ലഭിക്കാനിടയില്ല.
evshibu1@gmail.com