
പറയേണ്ടകാര്യം ആദ്യമേ പറയുന്നു;
നാളിതുവരെ മലയാളത്തിലിറങ്ങിയിട്ടുള്ള ആഖ്യാനമികവൊത്ത ഹൊറര്‍ ചിത്രങ്ങളുടെ പട്ടികയിലാണ് 'എസ്ര'. ആഖ്യാനരീതിയിലും സാങ്കേതികത്തികവിലും ഹോളിവുഡിനോടു കിടപിടിക്കുന്ന 'എസ്ര' ഉന്നതക്ലാസ് നിലവാരമുള്ള ഇന്ത്യന്‍ ഹൊറര്‍ ചിത്രമാണ്. 'കോണ്‍ജറിങ്' ജനറേഷനിലുള്ള ഏക്സോര്ഷന്( ബാധയൊഴിപ്പിക്കല്‍) ശൈലി പിന്തുടരുമ്പോഴും പശ്ചാത്തലത്തിലെ പുതുമയും ആഖ്യാനത്തിലെ ദൃഢതയും കണ്ടുമടുക്കാത്ത ശൈലികളുമാണ് നവാഗതനായ ജെയ് കെ. സംവിധാനം ചെയ്ത രണ്ടേകാല്‍ മണിക്കൂറുള്ള സിനിമയെ മികച്ച തിയറ്റര്‍ അനുഭവമാക്കുന്നത്.
ഭാര്‍ഗവിനിലയവും മണിചിത്രത്താഴും ഹൊറര്‍-സൈക്കോ ത്രില്ലര്‍ ചിത്രങ്ങളുടെ പട്ടികയില്‍ മലയാളത്തിലെ ബെഞ്ച്മാര്ക്കുകളാണ്. ഇവയൊഴിച്ചാല്‍ മലയാളത്തിലെ ഭൂരിപക്ഷം ഹൊറര്‍ സിനിമകളും ബി ഗ്രേഡ് സൃഷ്ടികളാണ്. കാലംമാറിയിട്ടും മലയാളസിനിമയിലെ പ്രേതങ്ങളുടെ കോലവും മാറിയിട്ടുമില്ല. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത 'പ്രേതം' എന്ന സെമി ഹൊറര്‍ ചിത്രം തിയറ്ററില്‍ വിജയം നേടി വേറിട്ടൊരു പാത സൃഷ്ടിച്ചിരുന്നു.
പേടിപ്പിക്കുന്ന ചിത്രമല്ല, അതൊരു പ്ലെസന്റായ പ്രേതചിത്രമായിരുന്നു. ഹൊറര്‍ കോമഡി എന്നൊക്കെ പറയാം. പക്ഷേ അതേസമയം വെള്ളയുടുത്ത സ്റ്റീരിയോടൈപ്പ് പ്രേതങ്ങളേയും കണ്ണുചുവപ്പിച്ച്, കരിതേച്ച്, തീപ്പന്തത്തിന്റെ ഗ്രാഫിക്സ് കാട്ടിപേടിപ്പിക്കുന്ന വിനയന് മോഡല്‍ എക്സ്പയറി ഡേറ്റ് കഴിഞ്ഞ പ്രേതങ്ങളേയും 'പ്രേതം' പുറന്തള്ളിയിരുന്നു. അതില്‍നിന്ന് ഒരുപടി കൂടി കടന്നാണ് എസ്ര. പേടിക്കുമോ എന്നു ചോദിച്ചാല്‍ പൂര്‍ണമായും നിങ്ങളുടെ മനോനിലയെ അനുസരിച്ചിരിക്കും. പക്ഷേ നെഞ്ചിടിപ്പേറ്റുന്ന ബ്രില്ല്യന്റ് ആയ നിമിഷങ്ങളുണ്ട്. ശരിക്കും ഞെട്ടുന്ന രംഗങ്ങളുണ്ട്. മിഥുനത്തിലെ ഇന്നസെന്റിനെപ്പോലെ മസിലുപിടിച്ചാലോ മിന്നാരത്തിലെ പപ്പുവിനെപ്പോലെ 'പേടിക്കൂല്ലടാ' എന്നുവാശിപിടിച്ചാലോ പിന്നെ പേടിക്കില്ല, അതിനു ഞാന്‍ ഗ്യാരണ്ടി.
ഇരുട്ടിന്റേയും നിഴലിന്റേയും സമര്‍ഥമായ വിന്യാസം, മുഖ്യകഥാപാത്രങ്ങള്‍ താമസിക്കുന്ന വീടിന്റെ സാധ്യതകളെ ഒരു ഹൊറര്‍ മൂഡിലേക്ക് ഒപ്പിയെടുത്ത മികവ്, അതിമനോഹരം എന്നല്ലാതെ മറ്റൊന്നും വിശേഷിപ്പിക്കാനില്ലത്ത സുജിത്ത് വാസുദേവന്റെ ഛായാഗ്രഹണം, കാതടിപ്പിക്കാത്ത, എന്നാല്‍ ഹൃദയത്തില്‍ പെരുമ്പറ കൊട്ടിക്കാന്‍ ശേഷിയുള്ള പശ്ചാത്തലസംഗീതം എന്നിവ സിനിമയ്ക്ക് ഒന്നാംകിട മെയ്ക്കിങ്ങിന്റെ അനുഭവം നല്കുന്നു.
രഞ്ജന്‍-പ്രിയ ദമ്പതികള്‍( പൃഥ്വിരാജ് സുകുമാരന്‍-പ്രിയ ആനന്ദ്) മുംബൈയില്‍ നിന്ന് കൊച്ചിയിലേക്ക് താമസം മാറുകയും തുടര്‍ന്ന് ഇന്റീരിയര്‍ ഡിസൈനറായ പ്രിയ അവര്‍ താമസിക്കുന്ന വീട്ടില്‍ വാങ്ങിക്കൊണ്ടുവയ്ക്കുന്ന ഒരു പുരാതന ജൂതപ്പെട്ടി സൃഷ്ടിക്കുന്ന പ്രശ്നങ്ങളാണ് ഒറ്റവരിയില്‍ പറഞ്ഞാല്‍ സിനിമയുടെ പ്രമേയം. ആണവറിയാക്ടറുകളില്നിന്നുള്ള ആണവ മാലിന്യങ്ങള്‍ കയറ്റിഅയക്കുന്നതു കൈകാര്യം ചെയ്യുന്ന ഒരു കമ്പനിയുടെ പ്രതിനിധിയാണ് രഞ്ജന്‍ മാത്യൂ. നായകന്റെ ജോലിയെക്കുറിച്ചുള്ള ഡീറ്റെയ്ലിങ് പക്ഷേ സിനിമയുടെ പിന്നീടുള്ള രംഗങ്ങളില്‍ വളരെ യുക്തിരഹിതമായാണ് ഉപയോഗിച്ചിട്ടുള്ളത് എന്നുപറയതെ വയ്യ, ആണവവിരുദ്ധസമരങ്ങളെയും, ജനകീയപ്രതിരോധങ്ങളെയും കിട്ടിയ അവസരത്തില്‍ പുച്ഛിക്കാന്‍ ശ്രമിക്കുന്ന സിനിമ നായകന്റെ ഈ തൊഴില്‍ സാഹചര്യത്തെ സിനിമയുടെ പ്ലോട്ടുമായി വളരെ അപക്വമായാണ് കൂട്ടിയിണക്കിയിരിക്കുന്നത്.അതില്കൂടുതല് ഈ കുറിപ്പില്‍ പറയുക സാധ്യമല്ല.
കൊച്ചി മട്ടാഞ്ചേരിയിലെ അവസാന ജൂതപ്രതിനിധിയുടേയും മരണാനന്തരച്ചടങ്ങോടെയാണ് സിനിമ തുടങ്ങുന്നത്. പൊടുന്നനെ തന്നെ ആ മരണവുമായി ബന്ധപ്പെട്ട ഒരു ജൂത ആത്മാവിന്റെ വരവ് സിനിമയെ സംഭവബഹുലമായ അന്തരീക്ഷത്തിലേക്കെത്തിക്കുന്നു. രഞ്ജനും പ്രിയയും പുതിയ വീട്ടിലേക്കു താമസിക്കുമ്പോഴും ഈ ജൂത ദുഷ്ടാത്മാവ് തന്റെ പ്രതികാരം തുടരുന്നതുമായി സംഭവബഹുലമാണ് ഒന്നാംപകുതി. സവിശേഷകരമായ ചിത്രീകരണരീതികൊണ്ടും ഒന്നാംപകുതി എന്‍ഗേജിങ്ങും പ്രതീക്ഷ നല്കുന്നതുമാണ്. എന്നാല്‍ പശ്ചാത്തലകഥകളിലേക്ക് കടക്കുന്ന രണ്ടാംപകുതി ഒന്നാംപകുതിയെ അപേക്ഷിച്ച് സമയദൈര്‍ഘ്യം കുറവായിട്ടും നീട്ടിവലിച്ചതായി അനുഭവപ്പെടുന്നുണ്ട്. ഒപ്പം ക്ളൈമാക്സിലെ ട്വിസ്റ്റ് ദഹിക്കാനൊരല്പ്പം പാടാണ്. വിശദീകരണം വേണ്ട അവിടെ അതൊഴിവാക്കുകയും മറ്റിടങ്ങളില്‍ ദീര്‍ഘവിവരണം നല്‍കുകയും ചെയ്തത് അടിസ്ഥാനപരമായ പിഴവാണ്. എവിടെയൊക്കെയോ ഒരു കോംപ്രമൈസ് എന്നു തോന്നുന്നുണ്ട്, സിനിമയുടെ പൊടുന്നനെയുള്ള ഗമതിമാറ്റം. ക്ളൈമാക്സിലെ അനിവാര്യമായ ബാധയൊഴിപ്പിക്കലിന് പഞ്ച് കുറഞ്ഞുപോയി. 'ഇന്‍ഗോസ്റ്റ് ഹൗസ് ഇന്നി'ന്റെ നിലവാരമേയുള്ളു എന്നുപറയേണ്ടിവരും ജൂത എക്സോര്ഷനിസത്തിന്.
പൊതുവേ കുട്ടികളും സ്ത്രീകളുമാണ് മലയാളസിനിമയിലെ പ്രേതങ്ങളും യക്ഷികളും. ആണുങ്ങള്‍ക്ക് പ്രേതമായാലും വലിയ മാര്ക്കറ്റൊന്നുമില്ലാന്നുസാരം. ഇവിടെ തന്റെ വംശത്തില്‍ അല്ലാത്തവരോട് പകവീട്ടാനിറങ്ങുന്ന ഒരു 'സയണിസ്റ്റ്' പുരുഷപ്രേതമാണ് എസ്ര. എസ്രയുടെ ജൂതപശ്ചാത്തലവും അതിനെ കോര്‍ത്തിണക്കുന്ന പ്രമേയവുമാണ് സിനിമയുടെ യുണീക്ക് ഐഡന്റിഫിക്കേഷന്‍. പശ്ചാത്തലം ജൂതന്റേതാകുമ്പോഴും അതൊരു സങ്കരമായ കഥയാക്കി ഒരു മലയാളചിത്രത്തിന്റെ പശ്ചാത്തലം തന്നെയാക്കുന്നതില്‍ വിജയിച്ചിട്ടുണ്ട് രചനയും നിര്‍വഹിച്ച ജയ്കൃഷ്ണന്.
മലയാളത്തില്‍ ഇറങ്ങിയ ഒട്ടുമിക്ക ഹൊറര്‍ ചിത്രങ്ങളും തമാശ കൂട്ടിക്കലര്‍ന്ന ഭയം സൃഷ്ടിക്കലിനാണു ശ്രമിക്കുന്നത്. എന്നാല്‍ എസ്രയില്‍ ബിസിനിസ് സീരിയസാണ്. ജയ് കെ എന്ന നവസംവിധായകന് സിനിമയോടുള്ള മൊത്തത്തിലുള്ള സമീപനവും അതാണ് എന്നാണു സിനിമയില്‍ നിന്ന് മനസിലാകുന്നത്.
എന്നാല്‍ തീര്‍ത്തും സാധാരണമായ ചുറ്റുപാടുകളില്‍ ജീവിക്കുന്നവരെല്ലാം അതീന്ദ്രിയശക്തി എന്ന യുക്തിയെ ഒരു ചോദ്യംപോലും കൂടാതെ നേരിടുന്നത്, (ടൊവീനോ തോമസ് അവതരിപ്പിക്കുന്ന പോലീസ് ഓഫീസറടക്കം) ദഹിച്ചു എന്നുവരില്ല. കഥാപാത്രങ്ങളുടെ സ്വഭാവഘടന മനസിലാക്കാനാവാത്ത തരത്തിലുള്ള ഒരു തിടുക്കം സംവിധായകന് കാട്ടുന്നുണ്ട്.
സാധാരണക്കാരനായ ഒരു ചെറുപ്പക്കാരനെ, ഭയത്തിന്റെ പശ്ചാത്തലത്തില്‍ പൊടുന്നനെ ജീവിതം മാറിമറിയുന്ന ചെറുപ്പക്കാരനെ പൃഥ്വിരാജ് ഭദ്രമായി അവതരിപ്പിക്കുന്നുണ്ട്. പ്രിയയുടെ റോളില്‍ അന്യഭാഷയില്നിന്നെത്തിയ പ്രിയ ആനന്ദും അനുയോജ്യം. ബാബു ആന്റണി, സുദേവ് നായര്‍, സുജിത് ശങ്കര്‍, താരകല്യാണ്‍, വിജയരാഘവന്, അലന്‍സിയര്‍ ലോപ്പസ്, പ്രതാപ് പോത്തന് തുടങ്ങി സമ്പന്നമായൊരു താരനിരയുണ്ട് സിനിമയില്‍. ഞാന്‍ സ്റ്റീവ് ലോപ്പസ്, മഹേഷിന്റെ പ്രതികാരം എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സുജിത് ശങ്കറാണ് ബാധയൊഴിപ്പിക്കാനെത്തുന്ന ജൂതപുരോഹിതനെ അവതരിപ്പിക്കുന്നത്.
സിനിമയിലെ ഏറ്റവും മികവാര്‍ന്ന ഘടകം സുജിത്ത് വാസുദേവന്റെ ഛായാഗ്രഹണമാണ്. കളര്‍ ടോണിലടക്കം ഫ്രഷ്നെസ് അനുഭവപ്പെടുന്ന ചിത്രീകരണവൈദഗ്ധ്യം ഹൈക്ലാസാണ്. പ്രത്യേകിച്ച് രാത്രിദൃശ്യങ്ങളുടെ ചാരുത. സുശീന്‍ ശ്യാമും രാഹുല്‍ രാജുമാണ് സംഗീതം. പശ്ചാത്തലസംഗീതത്തിന് അതീവപ്രാധാന്യമുള്ള സിനിമയാണ്.
പിഴവില്ലാത്ത കാഴ്ചയാണ് എസ്ര എന്നര്‍ഥമില്ല. സമഗ്രതയില്‍ സിനിമ അവസാനത്തോട് അടുക്കുമ്പോള്‍ വിശദീകരണങ്ങളില്ലാതെ വീണുപോകുന്നുണ്ട്. ഇങ്ങനൊക്കെയാണെങ്കിലും എസ്രയെ ഒരു ജനറേഷന് ചെയ്ഞ്ചറാക്കുന്ന ചില ഘടകങ്ങളുണ്ട്. ജയ്കെ എന്ന നവാഗത സംവിധായകന്റെ അരങ്ങേറ്റം പ്രസക്തമാകുന്നതും അവിടെയാണ്. പൊതുവേ ഫലിപ്പിക്കാന്‍ പ്രയാസമുള്ള കഥകളാണ് ഹൊറര്‍-പ്രേതകഥകള്‍. അത്ഭുതവും ഭയവും അവസാനിച്ച പുതിയ തലമുറയെ തീയറ്ററിലെത്തിച്ച് അത്തരത്തിലൊരു കഥ പറഞ്ഞ് വിശ്വസിപ്പിക്കുക എന്ന വെല്ലുവിളി നിലവാരമുള്ള സൃഷ്ടിയൊരുക്കി എസ്ര മറികടക്കുന്നുണ്ട്. പ്രമേയപരമായി പുതുമ അവകാശപ്പെടാനാവില്ലെങ്കിലും ക്വാളിറ്റിയുടെ മുദ്രയുള്ളതാണ് എസ്ര. മലയാളത്തില്‍ ഇന്നുവരെ ഇറങ്ങിയിട്ടുള്ള ഹൊറര്‍ സിനിമകള്‍ക്കൊന്നിനും അവകാശപ്പെടാനാവാത്ത ലോകനിലവാരമുള്ള ക്വാളിറ്റി. അതുകൊണ്ടുതന്നെ ഭയമുണ്ടാക്കിയില്ലെങ്കിലും ഇല്ലെങ്കിലും എസ്ര ഒരു തിയറ്റര്‍ എക്സ്പീരിയന്‍സാണ്.