
കൊച്ചി: ജീവിതത്തില്‍ സ്വപ്നങ്ങള്‍ക്കും ധൈര്യത്തിനും അതിരുകളില്ലെന്ന് തെളിയിക്കുകയാണ് 42 വയസുകാരിയായ ഉമ മഹേഷ്. കന്യാകുമാരിയില്‍നിന്ന് കശ്മീരിലേക്കുള്ള ദീര്‍ഘ ബുള്ളറ്റ് യാത്ര ഉമ പൂര്‍ത്തിയാക്കി. യാത്രകളോടുള്ള പ്രണയം ചെറുപ്പം മുതലേ ഉണ്ടായിരുന്നു. 18-ാം വയസില്‍ ഒരിക്കല്‍ ബുള്ളറ്റില്‍ ഇന്ത്യ മുഴുവന്‍ സഞ്ചരിക്കണമെന്ന ആഗ്രഹം മനസില്‍ പതിഞ്ഞു. എന്നാല്‍ ഒറ്റയ്ക്ക് ഇതു സാധിക്കുമോയെന്ന തോന്നല്‍ പിന്നീട് ഒരു പേടിയായി മാറി.
ജീവിതത്തിന്റെ തിരക്കുകളും ഉത്തരവാദിത്വങ്ങളും കൊണ്ട് വര്‍ഷങ്ങളോളം അത് സ്വപ്നമായി മാത്രം തുടര്‍ന്നു. കുടുംബത്തിന്റെ പിന്തുണയും സുഹൃത്ത് ഷൈനിയുടെ പ്രോത്സാഹനവും ചേര്‍ന്നാണ് ആഗ്രഹം സഫലമായത്.
കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദൃശ്യ കമ്മ്യൂണിക്കേഷന്‍ ഡയറക്ടറായ ഉമയുടെ ബാല്യകാല സ്വപ്നമാണ് യാഥാര്‍ഥ്യമാക്കിയത്.ഒരു വര്‍ഷം മുന്‍പ് സോഷ്യല്‍ മീഡിയയിലൂടെയാണ് കേരളത്തിലെ ആദ്യ വനിതാ ബുള്ളറ്റ് ക്ലബ്ബിന്റെ സ്ഥാപകയും ഐയണ്‍ ബട്ട് നേട്ടം സ്വന്തമാക്കിയ റൈഡറുമായ ഷൈനിയെ ഉമ പരിചയപ്പെട്ടത്. ഷൈനിയുടെ യാത്രാനുഭവങ്ങളും പ്രോത്സാഹനവും ഉമയെ ആത്മവിശ്വാസത്തിലേക്കു നയിച്ചു. ഷൈനിയുടെ യാത്രകളാണ് ഒടുവില്‍ ഉമയെ സ്വന്തം സ്വപ്നം പിന്തുടരാന് പ്രചോദിപ്പിച്ചത്.
ഭാര്യയും രണ്ട് മക്കളുടെ അമ്മയുമായ ഉമയ്ക്ക് കുടുംബമാണ് ഏറ്റവും വലിയ പിന്തുണ. ഭര്‍ത്താവ് മഹേഷിനൊപ്പമുള്ള യാത്രാനുഭവങ്ങളും മക്കളുടെ പ്രോത്സാഹനവും കുടുംബം മുഴുവനും നല്കിയ പിന്തുണയും തന്നെയാണ് സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ കരുത്തായത്. ജീവിതത്തിലെ ഉത്തരവാദിത്വങ്ങള്‍ക്കൊപ്പം സ്വപ്നങ്ങളും മുന്നോട്ടുകൊണ്ടുപോകാം എന്നാണ് ഉമയുടെ സന്ദേശം.
ഷൈനിയുടെയും നിഷിയുടെയും ഒപ്പമാണ് ഇന്ത്യയിലെ പല സംസ്ഥാനങ്ങളും പിന്നിട്ട് ഉമ കാശ്മീരിലെത്തിയത്. 'പ്രായം വെറും സംഖ്യ മാത്രമാണ്. ഒരിക്കലും അത് സ്വപ്നങ്ങള്‍ക്ക് തടസമാവില്ല. ഇനി കൂടുതല്‍ യാത്രകള്‍ ചെയ്യാനാണ് ആഗ്രഹം' -യാത്രാനുഭവങ്ങള്‍ പങ്കുവച്ച് ഉമ പറഞ്ഞു. തിരക്കുകളും ഉത്തരവാദിത്വങ്ങളും അമ്മയെന്ന നിലയിലുള്ള ബാധ്യതകളും ഉണ്ടായിട്ടും, സ്വന്തം സ്വപ്നങ്ങളെ മറക്കാതെ പിന്തുടര്ന്നാല് നേടാനാകാത്തത് ഒന്നുമില്ലെന്ന് ഉമ മഹേഷ് തന്റെ യാത്രയിലൂടെ തെളിയിച്ചിരിക്കുകയാണ്.
സുരഭി സി.എസ്.






