
തിരുവനന്തപുരം: സര്ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭപരിപാടികളുമായി മുന്നോട്ടുനീങ്ങുന്ന യു.ഡി.എഫിനെ ബി.ജെ.പി ബന്ധം ആരോപിച്ച് പ്രതിസന്ധിയിലാക്കാന് സി.പി.എം. കഴിഞ്ഞ കെ.പി.സി.സി നിര്വാഹകസമിതിയില് എ.കെ. ആന്റണി നടത്തിയതായി പറയപ്പെടുന്ന പരാമര്ശത്തിന്റെ കൂട്ടുപിടിച്ച്, ലോ അക്കാദമിസമരവുമായി ബന്ധപ്പെടുത്തിയാണ് പ്രചരണപരിപാടികളെക്കുറിച്ച് ആലോചിക്കുന്നത്. കഴിഞ്ഞദിവസം പാര്ട്ടി മുഖപത്രത്തില് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകഷ്ണന് എഴുതിയ ലേഖനം ഇതിന്റെ തുടക്കമാണ്.
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ കറന്സി നിരോധന തീരുമാനവുമായി ബന്ധപ്പെട്ട് കോണ്ഗ്രസ് സ്വീകരിച്ച സമീപനത്തെ ഉയര്ത്തിക്കാട്ടിയാണ് പ്രചരണത്തിന് അവര് തയാറെടുക്കുന്നത്. ലോ അക്കാദമി സമരം വിദ്യാര്ത്ഥികള്ക്ക് വേണ്ടിയാണ് നടത്തിയതെന്ന് പറയുന്ന യു.ഡി.എഫ് എന്തുകൊണ്ട് കേരളത്തിലെ ജനങ്ങളെ മുഴുവന് ബാധിച്ച കറന്സിനിരോധനവിഷയത്തില് ഇടതുമുന്നണിയുമായി ചേര്ന്ന് നടത്താന് തീരുമാനിച്ച പ്രക്ഷോഭപരിപാടികളില് നിന്നും പിന്മാറിയെന്ന ചോദ്യമായിരിക്കും അവര് ഉയര്ത്തുക.
ലോ അക്കാദമി സമരത്തിലൂടെ ബി.ജെ.പിക്ക് പിന്തുണ നല്കാനാണ് കോണ്ഗ്രസ് ശ്രമിച്ചതെന്ന് വരുത്തിതീര്ക്കും. കടുത്ത സി.പി.എം. വിരോധത്തിന്റെ പേരില് ബി.ജെ.പിയുമായി കൂട്ടുപിടിച്ച് ഒന്നിച്ച് നീങ്ങാനാണ് യു.ഡി.എഫ് പ്രത്യേകിച്ച് കോണ്ഗ്രസ് ശ്രമിക്കുന്നതെന്നായിരിക്കും പ്രചരണത്തിന്റെ കാതല്. ലോ അക്കാദമിയില് കെ.എസ്.യുവും എ.ബി.വി.പിയും ഒന്നിച്ച് നടത്തിയ സമരവും ഉദാഹരണമായി ചൂണ്ടിക്കാട്ടും. മാത്രമല്ല, എ.കെ. ആന്റണിയുള്പ്പെടെയുള്ള നേതാക്കള് അഭിവാദ്യങ്ങളുമായി ബി.ജെ.പി നേതാക്കളെ സന്ദര്ശിച്ചതും എടുത്തുയര്ത്തും. ഇതിന് കോണ്ഗ്രസ് ഉയര്ത്താന് പോകുന്ന വാദഗതികളെ മറികടക്കാനാണ് കറന്സി നിരോധനവുമായി ബന്ധപ്പെട്ട പ്രക്ഷോഭം ഉയര്ത്തിക്കാട്ടുക. ആദ്യഘട്ടത്തില് യു.ഡി.എഫ് ഇടതുമുന്നണിയുമായി സഹകരിച്ച് കേന്ദ്രത്തിനെതിരെ പ്രക്ഷോഭം എന്ന നിലപാടില് എത്തിയതാണ്. മുഖ്യമന്ത്രിയെ അത് അറിയിക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിലാണ് യു.ഡി.എഫ് നേതാക്കളുടെ ആവശ്യപ്രകാരം നിയമസഭയുടെ പ്രത്യേകസമ്മേളനം സര്ക്കാര് വിളിച്ചുചേര്ത്തതും. എന്നാല് പൊടുന്നനെയാണ് കോണ്ഗ്രസ് നിലപാടില് വെള്ളം ചേര്ത്തത്. ഇടതുമുന്നണിയും യു.ഡി.എഫും ഒന്നിച്ച് പ്രക്ഷോഭരംഗത്ത് വന്നിരുന്നെങ്കില് അത് സംസ്ഥാനത്തെ പൊതുവികാരമായി എടുത്തുകാട്ടാമായിരുന്നു. മാത്രമല്ല, സംസ്ഥാനത്തെ എല്ലാ വിഭാഗങ്ങളെയും ബാധിക്കുന്ന വിഷയമായിട്ടുകൂടി രാഷ്ട്രീയ അഭിപ്രായഭിന്നത ഉയര്ത്തിക്കാട്ടി കോണ്ഗ്രസ് പിന്വലിയുകയായിരുന്നു. ഇത് ബി.ജെ.പിയെ സഹായിക്കാനായിരുന്നുവെന്നായിരിക്കും പ്രചരണം. അങ്ങനെയുള്ളവര് ദേശീയതലത്തിലുള്പ്പെടെ പ്രധാനശത്രുവായി കാണുന്ന ബി.ജെ.പിക്ക് ഇവിടെ കരുത്തുപകരുകയായിരുന്നു ലോ അക്കാദമി സമരത്തിലൂടെയെന്ന് വരുത്തിതീര്ക്കും.
ഇതിലൂടെ കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില് തങ്ങളോടൊപ്പം വന്ന ന്യൂനപക്ഷവോട്ടുകള് പിടിച്ചുനിര്ത്താനാകുമെന്ന കണക്കുകൂട്ടലിലാണ് ഇടതുപക്ഷം. മാത്രമല്ല, മുന്നണിയില് നിന്നുകൊണ്ട് എല്ലാ ആനുകൂല്യങ്ങള് പറ്റുന്ന സി.പി.ഐയെ പരോക്ഷമായി പ്രതിരോധത്തിലാക്കാനും ഇതിലൂടെ കഴിയും. പ്രത്യക്ഷത്തില് സി.പി.ഐ പരസ്യമായി ആക്രമിക്കുകയുമില്ല. ഈ പ്രചരണം ശക്തമായ പിന്നെ ലീഗിന് യു.ഡി.എഫില് തുടരുന്നത് ബുദ്ധിമുട്ടാകുമെന്ന വിലയിരുത്തലും ഇടതുക്യാമ്പുകളിലുണ്ട്. ഇതൊക്കെ മുതലാക്കികൊണ്ട് മുന്നോട്ടുപോകുന്നതിനാണ് ലോ അക്കാദമി സമരത്തിലെ കോണ്ഗ്രസ്-ബി.ജെ.പി കൂട്ടുകെട്ട് സി.പി.എം. ആയുധമാക്കുന്നത്.


.jpg&w=256&q=75)




Comments