
കൊച്ചി: ജി. സുധാകരന് പാര്‍ട്ടിയില്‍നിന്ന് അകന്നു എന്നതു മാധ്യമ സൃഷ്ടിയാണെന്നു മന്ത്രി സജി ചെറിയാന്. സുധാകരനെ നേരില്‍ കാണുമെന്നും അദ്ദേഹം പറഞ്ഞു. 'സുധാകരന് എന്നെ വിമര്‍ശിക്കാനുള്ള അവകാശമുണ്ട്. ഞങ്ങള്‍ തമ്മിലുള്ളതു നല്ല കെമിസ്ട്രിയാണ്. ആലപ്പുഴയിലെ സി.പി.എം. നേതാക്കള്‍ക്കു വിമര്‍ശനം പുതിയതല്ല. ഏത് വേദിയിലും സുധാകരനു പോയി സംസാരിക്കാം. തെരഞ്ഞെടുപ്പിനെ പാര്‍ട്ടി ഒറ്റക്കെട്ടായി നേരിടും' -സജി ചെറിയാന് പറഞ്ഞു.
പാര്‍ട്ടിയില്‍ തനിക്കെതിരായ പടയൊരുക്കത്തിനു പിന്നില്‍ സജി ചെറിയാന് ആണെന്നായിരുന്നു സുധാകരന്റെ ആരോപണം. തന്നെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയെന്നു പറഞ്ഞു പടക്കംപൊട്ടിച്ച് ടീ പാര്‍ട്ടി നടത്തിയവരില്‍ സജി ചെറിയാനും പങ്കാളിയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പാര്‍ട്ടിയിലുള്ള തന്നോടു പാര്‍ട്ടിയോടു ചേര്‍ന്നു പോകാന്‍ പറഞ്ഞതിനു മന്ത്രി സജി ചെറിയാനെതിരേ പാര്‍ട്ടി നടപടിയെടുക്കണമെന്നും സുധാകരന് ആവശ്യപ്പെട്ടിരുന്നു.






