
ബോളിവുഡ് സുന്ദരി സോനം കപൂറിന് അടുത്ത കാലത്തായി ആത്മവിശ്വാസം അല്‍പ്പം കൂടിയോ എന്നാണ് സംശയം. ഹിന്ദിസിനിമാ രംഗത്തെ പേരും പെരുമയുമുള്ള കുടുംബത്തില്‍ പിറന്നവള് എന്ന ഖ്യാതിയൊക്കെ തൊഴിച്ച് തെറുപ്പിച്ച് അല്‍പ്പ സ്വല്പ്പം ഗ്ളാമറസ് വേഷം ധരിച്ച് സദാചാരവാദികളുടെ നെറ്റി ചുളിച്ച താരം യുവ സുന്ദരന്‍ ആനന്ദ് അഹൂജയുമായി കടുത്ത പ്രണയത്തിലാണെന്നാണ് വാര്‍ത്തകള്‍.
ഇരുവരുടേയും പ്രണയം എങ്ങിനെ പോകുന്നു എന്നാണ് ഇപ്പോള്‍ മുംബൈ ഗോസിപ്പുകാര്‍ നോക്കുന്നത്. ഇതിനായി രണ്ടു പേരുടെയും പിന്നാലെ കൂടിയിരിക്കുകയുമാണ്. തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ആനന്ദ് അഹൂജയുടെ ഒരു സുന്ദരന്‍ വീഡിയോ സോനം പോസ്റ്റ് ചെയ്തത് മുതലാണ് അരമന രഹസ്യമായിരുന്ന പ്രണയകഥ അങ്ങാടിപ്പാട്ടായി മാറിയത്. ഏതാനും നാളായി ഇരുവരും പ്രണയത്തിലാണെന്ന് അണിയറയില്‍ ഒരു സംസാരമൊക്കെ ഉണ്ടായിരുന്നെങ്കിലും അത് അത്രകണ്ട് വിശ്വസിച്ചിരുന്നില്ല.
ഇനിയെല്ലാം മുമ്പത്തേക്കാള്‍ നന്നാകുമെന്നും ഒരോ ചുവടും പിന്നിലേക്ക് പോകുന്നത് കൂടുതല്‍ ചുവട് മുന്നോട്ട് കയറാനാണെന്നുമായിരുന്നും കുറിച്ച് ആനന്ദ് അഹൂജയുമായുള്ള ഒരു വീഡിയോയാണ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
ഇരുവരും എത്ര അടുത്തിരിക്കുന്നെന്ന് ഈ വീഡിയോയാണ് സാക്ഷ്യപ്പെടുത്തുന്നതെന്നാണ് പാപ്പരാസികളുടെ നിഗമനം. അക്ഷയ് കുമാര്‍ നായകനായ റുസ്തത്തിന്റെ വിജയാഘോഷം മുതലാണ് ഇരുവരുടേയും പ്രണയകഥകള്‍ പുറത്തു വന്നു തുടങ്ങിയത്. പിന്നീട് അത് കാട്ടുതീ പോലെ പടരുകയായിരുന്നു. വീരേ ദി വെഡ്ഡിംഗ്, പാഡ് മാന്‍ എന്നിവയാണ് സോനത്തിന്റേതായി ഇനി വരാനിരിക്കുന്ന ചിത്രങ്ങള്‍.






