
വ്രതാനുഷ്ഠാനത്തിന്റെ പരിസമാപ്തികുറിച്ചാണ് ഈദുല്‍ ഫിത്വര്‍ ആഘോഷിക്കപ്പെടുന്നത്. ഭീതിതമായ അന്തരീക്ഷത്തിലാണ് ഈ വര്‍ഷത്തെ ഈദുല്‍ ഫിത്വര്‍. ഒരു മാസം നീണ്ടുനില്‍ക്കുന്ന പ്രായ പൂര്‍ത്തിയായ മാനസിക പ്രയാസങ്ങളില്ലാത്ത എല്ലാ വിശ്വാസികളുടെ നിര്‍ബന്ധ വ്രതാനുഷ്ഠാനത്തിനുശേഷം ആചരിക്കുന്ന ആഘോഷവും കൂടിയാണ് ചെറിയ പെരുന്നാള്‍ എന്ന പേരിലും അറിയപ്പെടുന്ന ഈദുഫിത്വര്‍.
പ്രഭാത നമസ്‌കാരത്തിന് ശേഷം തക്ബീര്‍ ധ്വനികള്‍ അന്തരീക്ഷം മുഖരിതമാവും. പുതുവസ്ത്രങ്ങള്‍ ധരിച്ച് സുഗന്ധദ്രവ്യങ്ങളുടെ പരിമളത്തോടെ വിശ്വാസികള്‍ പള്ളികളികളിലേക്കും ഈദ് ഗാഹുകളിലേക്കും നീങ്ങിത്തുടങ്ങും.
വ്രതം ആരംഭിച്ചതുമുതല്‍ ലോകത്തില മുഴുവന്‍ ജനങ്ങളും അപ്രതീക്ഷിതവും അന്ത്യന്തം ഭയാനകവുമായ സ്ഥിതി വിശേഷം മാറി കിട്ടുന്നതിനുവേണ്ടി ഒരു മാസം രാപ്പകല്‍ മുഴുവന്‍ പ്രാര്‍ഥനാനിരതരായിരുന്നു. അവരുടെ രക്ഷയ്ക്ക് വേണ്ടി നിശാ പ്രാര്‍ത്ഥനയില്‍ പ്രത്യേകം അവസരം കണ്ടെത്തിയിരുന്നു
മാത്രമല്ല പാവപ്പെട്ടവരുടെ ദാരിദ്ര്യം നീക്കുന്നതിനായി ഗ്രാമ ഗ്രാമാന്തരങ്ങളില്‍ ധനസഹായങ്ങളും മറ്റും നടത്തിയിരുന്നു
ഈദുല്‍ ഫിത്വറിന് മുന്നോടിയായി, ഫിത്വര്‍ സകാത്ത് നല്‍കി റമദാനില്‍ വന്ന പിഴവുകള്‍ക്ക് പ്രായശ്ചിത്തം ചെയ്യുന്നു. അങ്ങനെ ആത്മീയ സംസ്‌കരണം നേടുന്നതോടൊപ്പം സമൂഹത്തോടുള്ള ബാധ്യതകൂടി നിര്‍വഹിക്കപ്പെടുന്നു. അന്നേ ദിവസം ആരും പട്ടിണി കിടക്കാതിരിക്കാനുള്ള മുന്‍കരുതല്‍. രണ്ടാമത്തെ ആഘോഷമായ ബലിപെരുന്നാള്‍ ദിവസം ബലിമൃഗത്തിന്റെ മാംസം വിതരണം ചെയ്യാനുള്ള കല്‍പനയിലും ഈ സാമൂഹ്യമാനം പ്രകടമാണ്.
വൃത്തി വിശ്വാസത്തിന്റെ പകുതിയാണ് (മുസ്‌ലിം) എന്ന് പഠിപ്പിച്ച പ്രവാചകന്‍ പെരുന്നാള്‍ ദിനത്തില്‍നമസ്‌കാരത്തിന് മുന്‍പ് ശരീര ശുദ്ധി വരുത്താര്‍ പ്രത്യേകം പ്രോത്സാഹിപ്പിച്ചതായി കാണാം. അന്നേ ദിവസം പുതു വസ്ത്രം ധരിക്കുന്നതും സുഗന്ധം പൂശുന്നതും സുന്നത്തായി പഠിപ്പിക്കുന്നുണ്ട്. പ്രവാചകന് ജുമുഅ ദിനത്തിലും ഈദ് ദിനത്തിലും ധരിക്കാന്‍ പ്രത്യേകം വസ്ത്രം ഉണ്ടായിരുന്നു എന്ന് ഇബ്‌നു ഖുസൈമയുടെ സ്വഹീഹില്‍ രേഖപ്പെടുത്തിയതായി കാണാം.
പുരുഷനില്‍ നിന്ന് വിഭിന്നമായി പട്ടു വസ്ത്രം സ്ത്രീക്ക് ഉപയോഗിക്കാവുന്നതാണ്. ധൂര്‍ത്ത്, അഹങ്കാരം, പൊങ്ങച്ചം മുതലായവ പ്രകടിപ്പിക്കുന്ന തരത്തില്‍ വസ്ത്രം ധരിക്കുവാന്‍ പാടില്ല. വസ്ത്രത്തിന്റെ കാര്യത്തിലും സമൂഹത്തില്‍ പ്രയാസപ്പെടുന്നവര്‍ക്ക് കൈത്താങ്ങായി വര്‍ത്തിക്കാന്‍ വിശ്വാസിക്ക് സാധിക്കണം. തന്റെ മക്കള്‍ക്ക് വില പിടിപ്പുള്ള പുതുവസ്ത്രം വാങ്ങിക്കൊടുക്കുമ്പോള്‍ അയല്‍പക്കത്തുള്ള പാവപ്പെട്ടവന്റെ മുഷിഞ്ഞതും കീറിയതുമാം വസ്ത്രം ധരിച്ച് നടക്കുന്ന കുട്ടികള്‍ക്ക് വസ്ത്രം വാങ്ങിക്കൊടുക്കാന്‍ സമ്പന്നനായ മുസ്‌ലിം സന്മനസ് കാണിക്കേണ്ടതുണ്ട്.
ഈദുല്‍ ഫിത്വര്‍ നമസ്‌കാരത്തിന് മുമ്പ് എന്തെകിലും ഭക്ഷിക്കല്‍ പ്രവാചക ചര്യയില്‍ പെട്ടതാണ്. എന്നാല്‍ ബലിപെരുന്നാള്‍ ദിനം ഭക്ഷണം കഴിക്കാതെയാണ് പ്രവാചകന്‍ ഈദ് നമസ്‌കാരത്തിനായി എത്തിയത്. തക്ബീറിന്റെ അകമ്പടിയോടു കൂടി നമസ്‌കാരത്തിനായി പുറപ്പെടണം. പെരുന്നാള്‍ ആഘോഷത്തിലെ ഏറ്റവും വലിയ ഘടകം നമസ്‌കാരവും അതിനുശേഷമുള്ള ഉദ്‌ബോധനം ശ്രവിക്കലുമാണ് എന്നത് ഇസ്‌ലാമിലെ ആഘോഷം ആരാധനയിലും ദൈവസ്മരണയിലും അധിഷ്ഠിതമാണെന്ന് മനസ്സിലാക്കിത്തരുന്നു. നന്മ കല്‍പിക്കുക, തിന്മ വിരോധിക്കുക എന്ന ഉദാത്തമായ കാര്യം നിര്‍വഹിക്കുക വഴി ആഘോഷം എന്ന പൊതു സങ്കല്‍പത്തിന് ഇസ്‌ലാം സവിവേശഷമായ ഒരു മുഖം നല്‍കുകയാണ്.
. ഈദിന്റെ സന്തോഷം കൂടുതല്‍ പേരുമായി പങ്കുവെക്കുവാനും ആശംസകള്‍ കൈമാറുവാനും വേണ്ടി പ്രവാചകന്‍ ഈദ് നമസ്‌കാരത്തിന് പോകുന്നതും തിരിച്ചു വരുന്നതും വ്യത്യസ്ത വഴികളിലൂടെയായിരുന്നു. രണ്ടു വഴികള്‍ ഉയിര്‍ത്തെഴുനേല്‍പ്പ് നാളില്‍ വിശ്വാസിക്ക് വേണ്ടി സാക്ഷിപറയും എന്ന ഗുണം കൂടി ഇതുവഴി ലഭിക്കും.
ഈദ് ദിനത്തില്‍ നല്ല ഭക്ഷണം കഴിക്കുന്നതും പ്രവാചകന്‍ പ്രത്യേകം ഓര്‍മപ്പെടുത്തിയ കാര്യമാണ്. ഭക്ഷിക്കാനും കുടിക്കുവാനും പറഞ്ഞതിന്റെ കൂടെ അല്ലാഹുവിനെ കൂടുതല്‍ സ്മരിക്കാന്‍ ഓര്‍മ്മപ്പെടുത്തിയത് ശ്രദ്ധേയമാണ്. ഭക്ഷണത്തിലും പാനീയങ്ങളിലും വിശ്വാസി പാലിക്കേണ്ട മിതത്വം പോലുള്ള നന്മകളെ കുറിച്ചുള്ള ഓര്‍മപ്പെടുത്തല്‍, അതിലുണ്ടായേക്കാവുന്ന തിന്മകളെക്കുറിച്ചുള്ള താക്കീത്, ഇതെല്ലാം ഇതിലടങ്ങിയിട്ടുണ്ടെന്ന് മനസിലാക്കാം.
കുടുംബബന്ധങ്ങള്‍ ചേര്‍ക്കുവാനും വിരുന്നുപോയും വിരുന്ന് ക്ഷണിച്ചും ഉറ്റവരെയും ഉടയവരെയും ചേര്‍ത്ത് പിടിക്കാനുമാണ് പെരുന്നാള്‍ ദിനത്തില്‍ പ്രത്യേകിച്ചും ശ്രദ്ധിക്കേണ്ടത്. അതിനേക്കാള്‍ ആനന്ദം നല്‍കുവാന്‍ ഒരു വിനോദത്തിനുമാകില്ല.
* കക്കുളത്ത് അബ്ദുല്‍ ഖാദര്‍






