
എത്ര തവണ കയറിയാലും യാത്രക്കാര്‍ക്ക് വിമാനം എന്നും കൗതുകമാണ്. യാത്ര ചെയ്തിട്ടുണ്ടെന്നാല്ലാതെ വിമാനത്തിന്റെ പൈലറ്റ് സീറ്റ് ഇരിക്കുന്ന കോക്ക്പിറ്റില്‍ കയറിയവര്‍ ആരും തന്നെ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. പൈലറ്റുമാരും ഫ്ലൈറ്റ് അറ്റന്ഡന്റുമാരുമല്ലാത്തവര്ക്ക് കോക്പിറ്റിലേക്ക് കടക്കാന്‍ അനുമതിയില്ലെന്നത് തന്നെ കാരണം. എന്നാല്‍, തനിക്ക് കോക്ക്പിറ്റില്‍ കയറണമെന്ന ആഗ്രഹം ഇന്ത്യക്കാരന് പറഞ്ഞപ്പോള്‍ ഇത്തിഹാദ് ഫ്ലൈറ്റ് അറ്റന്‍ഡന്റ് ആ ആഗ്രഹം അങ്ങ് സാധിച്ച് കൊടുത്തു. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
വിമാനത്തിനുള്ളില്‍ വച്ച് ഒരു ഫ്ലൈറ്റ് അറ്റന്‍ഡന്റിനോട് 'എനിക്ക് കോക്ക്പിറ്റ് കാണാന്‍ എന്തെങ്കിലും സാധ്യതയുണ്ടോ' എന്ന് മാന്യമായി ചോദിക്കുന്ന ഒരു വീഡിയോ വാന്‍ഷ് മോട്വാനി തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ടു. ചോദ്യം കേട്ടപ്പോള്‍ അത് സാധിക്കുമെന്ന വിശ്വാസമൊന്നും വാന്ഷിന് ഇല്ലായിരുന്നു. എന്നാല്‍ ഫ്ലൈറ്റ് അറ്റന്‍ഡന്റ് ഈ സമയം അവിടേയ്ക്ക് എത്തിയ തന്റെ സൂപ്പര്‍വൈസറോട് കാര്യം തിരക്കുന്നു. യാതൊരു ആശങ്കയുമില്ലാതെ യാത്രയ്ക്ക് ശേഷം അതിന് അവസരമൊരുക്കാമെന്ന് അവര്‍ മറുപടി പറയുന്നു. പിന്നാലെ വിമാനയാത്ര കഴിഞ്ഞപ്പോള്‍. വിമാനത്താവളത്തില്‍ വിശ്രമിക്കവെ വാന്ഷിന് കോക്ക്പിറ്റില്‍ കയറാനും അവിടെ നിന്നും പൈലറ്റുമാരോടൊപ്പമുള്ള ദൃശ്യങ്ങള്‍ പകര്‍ത്താനും സാധിച്ചു. ഈ വീഡിയോയായിരുന്നു അദ്ദേഹം തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചത്.
സുരക്ഷാ കാരണങ്ങളാല്‍ വിമാനയാത്രയ്ക്കിടെ അത്തരം അഭ്യര്‍ത്ഥനകള്‍ സാധാരണയായി നിരസിക്കപ്പെടുകയാണ് പതിവ്. എന്നാല്‍, വിമാനം ലാന്‍ഡ് ചെയ്ത ശേഷം അദ്ദേഹത്തിന് കോക്ക്പിറ്റില്‍ കയറാന്‍ കഴിഞ്ഞു. വാന്‍ഷ് വീഡിയോയില്‍ തന്റെ സന്തോഷം മറച്ച് വയ്ക്കുന്നില്ല. ഇത്തിഹാദ് എയര്വൈസിനോട് താന്‍ എപ്പോഴും നന്ദിയുള്ളവനായിരിക്കുമെന്ന് പറഞ്ഞു കൊണ്ടാണ് അദ്ദേഹം വീഡിയോ പങ്കുവച്ചത്. വിമാനത്തിലെ ഓരോ ജീവനക്കാരും വളരെ ദയയുള്ളവരും സ്നേഹമുള്ളവരുമായിരുന്നു. എന്റെ അനുഭവം 100 മടങ്ങ് മികച്ചതാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വീഡിയോ വൈറലായതിന് പിന്നാലെ നിങ്ങളുടെ മനോഹരമായ ഫീഡ്ബാക്കിന് നന്ദിയെന്ന് ഇത്തിഹാദും മറുപടിയുമായെത്തി. യാത്രക്കാരന്റെ വലിയൊരു ആഗ്രഹം സാധിച്ച ഇത്തിഹാദിനെ നിരവധി പേര് അഭിനന്ദിച്ചു.






