
കായംകുളം: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എംഎല്‍എയുമായ യു. പ്രതിഭക്കെതിരെ അശ്ലീലച്ചുവയോടെ സംസാരിച്ച സംഭവത്തില്‍ യുഡിഎഫ് നിയോജക മണ്ഡലം കണ്‍വീനര്‍ക്കെതിരെ പോലീസ് നടപടി. മുസ്ലിം ലീഗ് നേതാവ് കൂടിയായ ഇര്‍ഷാദ് ചക്കാലശേരിയെ കായംകുളം പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിന് ശേഷം ഇയാള്‍ക്ക് നോട്ടീസ് നല്കി വിട്ടയച്ചു.
യു. പ്രതിഭ നേരിട്ടെത്തി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കല്‍, സോഷ്യല്‍ മീഡിയ വഴി അശ്ലീല ഉള്ളടക്കം പ്രചരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇര്‍ഷാദിനെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിടെയാണ് വിവാദ പ്രസ്താവന ഉണ്ടായത്.
എംഎല്‍എയുടെ മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുന്നതിനിടയില്‍, യു. പ്രതിഭ തന്റെ ശരീര സൗന്ദര്യവും സംസാരശേഷിയും വോട്ടാക്കി മാറ്റാന്‍ ശ്രമിക്കുന്നു എന്ന രീതിയിലുള്ള അധിക്ഷേപകരമായ പരാമര്‍ശമാണ് ഇര്‍ഷാദ് നടത്തിയത്. അതേസമയം തന്റെ വാക്കുകള്‍ സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് ഇര്‍ഷാദിന്റെ വിശദീകരണം.
ഇര്‍ഷാദിന്റെ പരാമര്‍ശത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.ലിജു തള്ളിക്കളഞ്ഞു. ഇത്തരം പ്രസ്താവനകളെ പാര്‍ട്ടി പിന്തുണയ്ക്കില്ലെന്നും ഖേദം പ്രകടിപ്പി ക്കുന്നു വെന്നും വ്യക്തമാക്കി. വ്യക്തിപരമായ അധിക്ഷേപം തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്നും ഇത്തരം സ്ത്രീവിരുദ്ധതക്കെതിരെ മാപ്പ് നല്കാന് കഴിയി ല്ലെന്നും യു. പ്രതിഭ പ്രതികരിച്ചു. പാര്‍ട്ടിയുടെ സല്‍പേരിന് കളങ്കമുണ്ടാക്കിയ നടപടിയെ തുടര്‍ന്ന് ഇര്‍ഷാദ് ചക്കാലശേരിയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും മുസ്ലിം ലീഗ് സസ്പെന്‍ഡ് ചെയ്തു.






