
തിരുവനന്തരപുരം: ശക്തമായ ത്രികോണ മത്സരം നടക്കുന്ന നേമത്ത് ഇടതുപക്ഷ ക്യാമ്പിലെ വിള്ളലുകള്‍ പുറത്തുവിട്ട് പാര്‍ട്ടി സ്ഥാനാര്‍ത്ഥി വി. ശിവന്‍കുട്ടിക്കെതിരെ സി.പി.എം ബ്രാഞ്ച് സെക്രട്ടറി വിമതനായി മത്സരിക്കുന്നു. ആറന്നൂര്‍ എ ബ്രാഞ്ച് സെക്രട്ടറി ജി.എസ്. രാജീവ് കുമാറാണ് പാര്‍ട്ടി ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്കെതിരെ രംഗത്ത് വന്നത്. 'വാട്ടര്‍ ടാങ്ക്' ചിഹ്നത്തില്‍ മത്സരത്തിനൊരുങ്ങുന്നത്.
പാര്‍ട്ടിക്കുള്ളിലെ രൂക്ഷമായ ഗ്രൂപ്പ് പോരിന്റെ ഒടുവിലത്തെ ഉദാഹരണമായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. സ്ഥാനാര്‍ത്ഥി ശിവന്‍കുട്ടിക്ക് പറ്റിയ എതിരാളി അല്ലെങ്കിലും ബി.ജെ.പിക്ക് ശക്തമായ സ്വാധീനമുള്ള നേമത്ത്, സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലെ ഈ ഭിന്നത വോട്ടുചോര്‍ച്ചയ്ക്ക് കാരണമാകുമോ എന്ന ആശങ്കയിലാണ് എല്‍.ഡി.എഫ് നേതൃത്വം. അനുനയിപ്പിക്കാനുമുള്ള നീക്കങ്ങള്‍ ജില്ലാ നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും തുടങ്ങിയിരിക്കുകയാണ്.
ആറന്നൂര്‍ വാര്‍ഡിലെ സജീവ പ്രവര്‍ത്തകനായ രാജീവ് കുമാര്‍, മുന്‍ കൗണ്‍സിലര്‍ ഉണ്ണികൃഷ്ണന്റെ അടുത്ത അനുയായി ആയാണ് അറിയപ്പെടുന്നത്. ആറന്നൂരിലെ നിലംനികത്തലുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്നാണ് അദ്ദേഹം പാര്‍ട്ടിയുമായും വി. ശിവന്‍കുട്ടിയുമായും അകന്നത്. ഈ വിഭാഗീയതയാണ് ഇപ്പോള്‍ പരസ്യമായ മത്സരത്തിലേക്ക് വഴിമാറിയിരിക്കുന്നത്.
നേരത്തെ കമ്പ്യൂട്ടര്‍ സ്ഥാപനം നടത്തിയിരുന്ന രാജീവ് കുമാര്‍, പിന്നീട് അത് അവസാനിപ്പിച്ച് കോര്‍പ്പറേഷന്റെ ഹൈമാസ്റ്റ് ലൈറ്റുകളുടെ കരാര്‍ ജോലികളിലേക്ക് തിരിഞ്ഞു. ഉന്നത നേതാക്കളുടെ സ്വാധീനം ഉപയോഗിച്ചാണ് ഇയാള്‍ കരാറുകള്‍ നേടിയെടുത്തിരുന്നതെന്ന് ആക്ഷേപമുണ്ട്. പതന്നെ പരാജയപ്പെടുത്താന്‍ പാര്‍ട്ടിക്കുള്ളിലെ ഒരു വിഭാഗം ആസൂത്രിതമായി ശ്രമിക്കുന്നുണ്ടെന്ന് വി. ശിവന്‍കുട്ടി നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ട്. മുന്‍പ് സമാനമായ പരാതിയെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ ചീഫ് ഇലക്ഷന് ഏജന്റിനെ തന്നെ മാറ്റേണ്ടി വന്നിട്ടുണ്ട്.






