
കുവൈറ്റ് സിറ്റി: ഇറാന് കുവൈറ്റില്‍ നടത്തിയ ആക്രമണത്തില്‍ ഇന്ത്യാക്കാരന് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മരിച്ചയാളുമായി ബന്ധപ്പെട്ട വിവരം പുറത്തുവന്നിട്ടില്ല. വൈദ്യുതി നിലയങ്ങളും കടല്‍ വെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്റുകളും കേന്ദ്രീകരിച്ചുള്ള ആക്രമണത്തിലാണ് മരണം. കനത്ത ആക്രമണത്തില്‍ ഒടുവില്‍ കെട്ടിടത്തിന് വലിയ തോതില്‍ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തു.
ആക്രമണത്തില്‍ രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി കുവൈറ്റ് വൈദ്യുതി മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു. ഗള്‍ഫിലെ സംഘര്‍ഷം അതിരൂക്ഷമായി തുടരുകയാണ്. ഞായറാഴ്ച ടെഹ്റാനിലും പരിസര പ്രദേശങ്ങളിലും നടന്ന വ്യോമാക്രമണത്തെത്തുടര്‍ന്ന് വൈദ്യുതി ബന്ധം പൂര്‍ണ്ണമായും തകര്‍ന്നു. യുഎഇയിലും പുലര്‍ച്ചെ ശക്തമായ ആക്രമണമുണ്ടായി.
ബഹ്റൈനില്‍ പുലര്‍ച്ചെ മൂന്ന് തവണ ആക്രമണശ്രമം ഉണ്ടായി. കടല്‍ മാര്‍ഗമുള്ള യാത്ര ഉള്‍പ്പടെ വേണ്ട. മത്സ്യബന്ധനത്തിനുള്‍പ്പടെ നിരോധനമേര്‍പ്പെടുത്തി. വൈകിട്ട് ആറ് മുതല്‍ പുലര്‍ച്ചെ നാല് വരെയാണ് വിലക്ക്.
ഇറാനില്‍ കരയുദ്ധത്തിന് അമേരിക്ക തയാറെടുക്കുന്നതായി സൂചന. ഇറാനില്‍ സൂക്ഷിച്ചിരിക്കുന്ന വന്‍തോതിലുള്ള യുറേനിയം ശേഖരം പിടിച്ചെടുക്കുന്നതിനായി സൈനിക നീക്കത്തിന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്.
ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് സൂചിപ്പിക്കുമ്പോഴും, അമേരിക്ക കരമാര്‍ഗ്ഗമുള്ള അധിനിവേശത്തിന് തയ്യാറെടുക്കുകയാണെന്ന് മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ ആരോപിച്ചു. ഇതിനിടെ, ഒരു മാസമായി തുടരുന്ന യുഎസ്-ഇസ്രായേല്‍-ഇറാന് യുദ്ധം അവസാനിപ്പിക്കാന്‍ വാഷിംഗ്ടണും ടെഹ്റാനും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ തയ്യാറാണെന്ന് പാകിസ്ഥാന് അറിയിച്ചു.
ഇറാനുമായുള്ള യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രായേല്‍ തങ്ങളുടെ പ്രതിരോധ ബജറ്റില്‍ 10 ബില്യണ്‍ ഡോളറിന്റെ വര്‍ദ്ധനവ് വരുത്തി. ഇതോടെ ആകെ സൈനിക ബജറ്റ് 45 ബില്യണ്‍ ഡോളറിന് മുകളിലായി. തലസ്ഥാനമായ ടെഹ്റാനിലും അല്‍ബോര്‍സ് പ്രവിശ്യയിലും വൈദ്യുതി നിലയങ്ങള്‍ ആക്രമിക്കപ്പെട്ടതിനെത്തുടര്‍ന്ന് വലിയ തോതിലുള്ള വൈദ്യുതി തടസ്സം നേരിടുന്നു.
സമാധാന കരാറിന് തയ്യാറായില്ലെങ്കില്‍ ഇറാന്റെ ഊര്‍ജ്ജനിലയങ്ങള്‍ ലക്ഷ്യം വെക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അമേരിക്കന്‍ സൈന്യം കരമാര്‍ഗ്ഗം ആക്രമിക്കാന്‍ മുതിര്‍ന്നാല്‍ കനത്ത തിരിച്ചടി നല്‍കുമെന്ന് ഇറാനിയന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ് മുന്നറിയിപ്പ് നല്കി.
മേഖലയിലേക്ക് 3,500 സൈനികരുമായി യുഎസ് യുദ്ധക്കപ്പല്‍ എത്തിയ സാഹചര്യത്തിലാണിത്. ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടാനുള്ള ഇറാന്റെ നീക്കവും ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെയുള്ള ആക്രമണവും ആഗോള എണ്ണ വിപണിയെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇത് ലോക സമ്പദ്വ്യവസ്ഥയെ തന്നെ ബാധിക്കുമെന്ന ആശങ്ക ഉയര്‍ത്തുന്നു.






