
അടൂര്‍: സംസ്ഥാനത്ത് സിപിഐഎം - ബിജെപി ഡീല്‍ ആരോപിച്ച് ദേശീയ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി വീണ്ടും. കേരളത്തില്‍ ബിജെപിയ്ക്ക് ഒരു അദൃശ്യകരമുണ്ടെന്നും മോഡി എല്‍ഡിഎഫിന്റെ താല്‍പ്പര്യം സംരക്ഷിക്കുന്ന ഭരണാധികാരിയാണെന്നും പറഞ്ഞു. സര്‍വം ഡീല്‍ മയമാണെന്നും കേരളത്തില്‍ കോണ്‍ഗ്രസ് നേരിടുന്നത് ബിജെപി പിന്തുണയ്ക്കുന്ന എല്‍ഡിഎഫിനെയാണെന്നും പറഞ്ഞു.
അടൂര്‍ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. സിപിഎമ്മിനെതിരേയോ കേരളത്തിലെ മുഖ്യമന്ത്രിക്ക് എതിരേയോ ബിജെപി ഒന്നും പറയുന്നില്ലെന്നും പറഞ്ഞു. പ്രധാനമന്ത്രിയാണ് മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നതെന്നും പറഞ്ഞു. ഇന്നലെ തൃശൂരും പാലക്കാടും പ്രചരണത്തിനായി വന്ന നരേന്ദ്രമോദി ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് അക്ഷരം മിണ്ടിയോ എന്നും ചോദിച്ചു.
കേരളത്തില്‍ ഭരിക്കുന്ന എല്‍ഡിഎഫും കേന്ദ്രത്തില്‍ ഭരിക്കുന്ന മോദിയും ഒരുപോലെയാണ്. മോദി പിണറായി വിജയന് സിപിഎമ്മിനെ രക്ഷിക്കാനായി ബിജെപി സ്വര്‍ണക്കൊള്ള നടത്തിയവരെ സംരക്ഷിക്കുകയാണ്. ബിജെപിയെ എതിര്‍ക്കുന്നവരെ കേന്ദ്രസര്‍ക്കാര്‍ ഭീഷണിപ്പെടുത്തുന്നു. തനിക്കെതിരേയുള്ള 36 കേസുകളാണ് ഉള്ളത്. ഇതില്‍ ഒരു കേസില്‍ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്തത്. എന്നാല്‍ പിണറായിക്കെതിരേ ഏതെങ്കിലും പ്രശ്നത്തില്‍ കേസുണ്ടോയെന്നും ചോദിച്ചു.
യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ശബരിമല സ്വര്‍ണ്ണക്കൊള്ള നടത്തിയവരെ പിടികൂടുമെന്നും പറഞ്ഞു. എല്‍ഡിഎഫിന് ദേശീയതലത്തില്‍ ബിജെപിയെ എതിര്‍ക്കാന്‍ ശക്തിയില്ലെന്നും ബിജെപിയ്ക്ക് കേരളത്തില്‍ കോണ്‍ഗ്രസ് വരണമെന്നില്ലെന്നും പറഞ്ഞു. നരേന്ദ്രമോദി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കീഴടങ്ങിയെന്നും ട്രംപാണ് ഇന്ത്യയുടെ തീരുമാനം എടുക്കുന്നതെന്നും പറഞ്ഞു.






