
യൂറോപ്പില്‍ വന്‍ ചോക്ലേറ്റ് മോഷണം. ഇറ്റലിയില്‍ നിന്ന് പോളണ്ടിലേക്ക് അയച്ച നാല് ലക്ഷത്തിലധികം കിറ്റ്കാറ്റ് ചോക്ലേറ്റ് ബാറുകളാണ് മോഷ്ടിക്കപ്പെട്ടത്. നെസ്ല കമ്പനിയുടെ 12 ടണ്ണോളം വരുന്ന ഉല്‍പ്പന്നങ്ങള്‍ കയറ്റിയ ട്രക്ക് സഹിതമാണ് കാണാതായിരിക്കുന്നത്. ഈസ്റ്ററൊക്കെ അല്ലേ, അതിനുവേണ്ടി അയച്ച 4,13,793 ചോക്ലേറ്റ് ബാറുകളാണ് നഷ്ടപ്പെട്ടത്.
ഉത്പാദന കേന്ദ്രത്തില്‍ നിന്ന് പുറപ്പെട്ട വാഹനവും ഉത്പ്പന്നങ്ങളും ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.'കിറ്റ്കാറ്റ് ഉപയോഗിച്ച് ഒരു ഇടവേള എടുക്കാന്‍ ഞങ്ങള്‍ എപ്പോഴും പറയാറുണ്ട്, എന്നാല്‍ കള്ളന്മാര് ആ സന്ദേശം അക്ഷരാര്‍ഥത്തില്‍ എടുത്ത് നടപ്പിലാക്കി' എന്നാണ് നെസ്ല പ്രതിനിധി സംഭവത്തില്‍ പ്രതികരിച്ചത്.
ഇത്രത്തോളം കിറ്റ്കാറ്റുകള്‍ ഉള്ളതിനാല്‍ അനൗദ്യോഗിക വിപണിയിലൂടെ ഇവ വില്ക്കാന് സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ റീട്ടെയിലര്‍മാര്‍ ബാച്ച് കോഡുകള്‍ സ്കാന്‍ ചെയ്ത് പരിശോധിക്കണമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. മോഷണം പോയ ബാച്ചില്‍പ്പെട്ടതാണ് കിറ്റ്കാറ്റുകള്‍ എന്ന് കണ്ടെത്തിയാല്‍ വിവരം കമ്പനിയെ അറിയിക്കണമെന്നും അറിയിപ്പുണ്ട്.






