
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ, എസ്.ഡി.പി.ഐ.യുമായുള്ള ബന്ധം ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കുന്നു. കേരളത്തിലെ ഒരു പ്രധാന മുന്നണിയുമായി രഹസ്യധാരണയുണ്ടെന്ന് എസ്.ഡി.പി.ഐ. അഖിലേന്ത്യാ പ്രസിഡന്റ് എം.കെ. ഫൈസി നടത്തിയ വെളിപ്പെടുത്തലാണ് എല്‍.ഡി.എഫിനെ വെട്ടിലാക്കിയിരിക്കുന്നത്.
സി.പി.എം. - ബി.ജെ.പി. 'ഡീല്‍' ആരോപണത്തിന് പിന്നാലെയാണ് എസ്.ഡി.പി.ഐ. ബന്ധം യു.ഡി.എഫ്. ആയുധമാക്കുന്നത്. വര്‍ഗീയതയുമായി വിട്ടുവീഴ്ചയില്ലെന്ന് ആവര്‍ത്തിക്കുമ്പോഴും, എസ്.ഡി.പി.ഐ. വോട്ടുകള്‍ വേണ്ടെന്ന് തറപ്പിച്ചു പറയാന്‍ മുഖ്യമന്ത്രിയോ മറ്റ് ഇടതു നേതാക്കളോ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് പ്രതിപക്ഷം ചോദിക്കുന്നു. സംസ്ഥാനത്താകെ 36 സീറ്റുകളില്‍ മാത്രമാണ് എസ്.ഡി.പി.ഐ. ഇത്തവണ മത്സരിക്കുന്നത്. ഇത് ഇടതുമുന്നണിയെ സഹായിക്കാനുള്ള തന്ത്രമാണെന്നും അവര്‍ ആരോപിക്കുന്നു.
മുന്‍പ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള യു.ഡി.എഫ്. സഖ്യത്തെ രൂക്ഷമായി വിമര്‍ശിച്ച എല്‍.ഡി.എഫ്., ഇപ്പോള്‍ സമാനമായ ആരോപണത്തിന് മുന്നില്‍ മറുപടിയില്ലാതെ പതറുകയാണ്. ഇതിന് പിന്നാലെയാണ് നേമം മണ്ഡലത്തില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി വി. ശിവന്‍കുട്ടിയെ പിന്തുണയ്ക്കുമെന്ന് എസ്.ഡി.പി.ഐ. പരസ്യമായി പ്രഖ്യാപിച്ചതും. 'എല്ലാ വോട്ടുകളും സ്വീകരിക്കും' എന്ന ശിവന്‍കുട്ടിയുടെ മറുപടിയും. വാര്‍ത്താസമ്മേളനത്തില്‍ എസ്.ഡി.പി.ഐ. മായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് മുഖ്യമന്ത്രി അസഹിഷ്ണുവാകുകയൂം ചെയ്യുന്നു.
സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ 102 വാര്‍ഡുകളില്‍ വിജയിക്കുകയും 170 ഇടങ്ങളില്‍ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്ത എസ്.ഡി.പി.ഐക്ക് കൃത്യമായ വോട്ടുബാങ്കുണ്ട്. കേഡര്‍ സ്വഭാവമുള്ള പാര്‍ട്ടി ആയതിനാല്‍ പരസ്യ പ്രചാരണമില്ലാതെ തന്നെ വോട്ടുകള്‍ മറിക്കാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്നാണ് എം.കെ. ഫൈസി വ്യക്തമാക്കുന്നത്. കടുത്ത മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ നിര്‍ണ്ണായകമാകും.






