
തിരുവനന്തപുരം: 'മധുരമുളള വോട്ട്' തെരഞ്ഞെടുപ്പ് ക്യാംപെയ്നുമായി തെരഞ്ഞെടുപ്പ് കമ്മീഷന്. കന്നി വോട്ടര്‍മാര്‍ക്ക് ബൂത്തുകളില്‍ ഹല്‍വ വിതരണം ചെയ്യും. തിരഞ്ഞെടുത്ത ബൂത്തുകളിലാണ് യുവ വോട്ടര്‍മാര്‍ക്ക് മധുരം നല്‍കുക. യുവാക്കളെ തിരഞ്ഞെടുപ്പിലേക്ക് ആകര്‍ഷിക്കാനാണ് നടപടി. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്കി.
കേരളത്തിന്റെ വിധി നിര്‍ണയിക്കുന്നതില്‍ ജെന്‍സി വോട്ടര്‍മാര്‍ നിര്‍ണായക ഘടകമാകും. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ പ്രസിദ്ധീകരിച്ച നിയമസഭാ തെരഞ്ഞെടുപ്പിനുളള അന്തിമ വോട്ടര്‍പട്ടിക പ്രകാരം 4,66,408 കന്നി വോട്ടര്‍മാരാണ് സംസ്ഥാനത്തുളളത്. ഇവര്‍ ഓരോ സ്ഥാനാര്‍ത്ഥിയുടെയും വിധി നിര്‍ണയത്തില്‍ പ്രധാന പങ്കുവഹിക്കും.
ക്യാമ്പസ്സുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ ഭാഗമാണെങ്കിലും സംസ്ഥാന ഭരണത്തെക്കുറിച്ചും പ്രതിപക്ഷത്തെക്കുറിച്ചുമെല്ലാം ഇവര്‍ വച്ചു പുലര്‍ത്തുന്ന നിലപാടുകള്‍ പൊതുവെ രഹസ്യമാണ്. പരസ്യമായ രാഷ്ട്രീയ സംവാദത്തിനോ പൊതു പ്രവര്‍ത്തനത്തിനോ താല്പര്യം കാണിക്കാത്തതാണ് ഈ തലമുറയുടെ പൊതു സ്വഭാവം. വീട്ടുകാരുടെ അതേ രാഷ്ട്രീയ നിലപാട് പിന്തുടരുന്ന പഴയ തലമുറയുടെ പൊതു സ്വഭാവം ഇവര്‍ക്കില്ലെന്നതാണ് പ്രത്യേകത.
രാഷ്ട്രീയ പാര്‍ട്ടികളുടെ പൊതുയോഗങ്ങളിലോ റാലികളിലോ ജെന്‍സി പങ്കാളിത്തം വളരെ കുറവാണ്. എന്നാല്‍ ഡി ജെ പോലെ ആവേശം കൊള്ളിക്കുന്ന റോഡ് ഷോകളില്‍ ഇവരെ കാണുന്നുണ്ട്. ഒന്നും തുറന്നു പറയാത്ത ഈ തലമുറ പുതിയ സര്‍ക്കാറിനെ സൃഷ്ടിക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കും. ഏപ്രില്‍ ഒന്‍പതിനാണ് സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് നാലിനാണ് വോട്ടെണ്ണല്‍.






