
ഇന്‍സ്റ്റാഗ്രാമില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടു വരാന്‍ ഒരുങ്ങി മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ നേതൃത്വത്തിലുള്ള മെറ്റ. സാധാരണ ഉപയോക്താക്കള്‍ക്കായി 'ഇന്‍സ്റ്റാഗ്രാം പ്ലസ്' (Instagram Plus) എന്ന പേരിലുള്ള പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ സേവനം മെറ്റ പരീക്ഷിച്ചു തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. മെക്‌സിക്കോ, ജപ്പാന്‍, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളിലാണ് നിലവില്‍ ഇന്‍സ്റ്റാഗ്രാം പ്ലസിന്റെ പരീക്ഷണം നടക്കുന്നത്. സ്റ്റോറികള്‍ രഹസ്യമായി കാണാനുള്ള സൗകര്യം (Anonymous Story views) ഉള്‍പ്പെടെ നിരവധി സവിശേഷതകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
നിലവിലുള്ള മെറ്റാ വെരിഫൈഡ് (Meta Verified) സബ്‌സ്‌ക്രിപ്ഷനില്‍ നിന്ന് വ്യത്യസ്തമായിരിക്കും ഇതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇന്‍സ്റ്റാഗ്രാം പ്ലസിന്റെ ഇന്ത്യയിലെ വിലയെക്കുറിച്ച് ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. എങ്കിലും നിലവില്‍ പരീക്ഷണം നടക്കുന്ന രാജ്യങ്ങളിലെ കണക്കനുസരിച്ച് ഇന്ത്യയില്‍ ഏകദേശം 100 രൂപ മുതല്‍ 200 രൂപ വരെയായിരിക്കാം പ്രതിമാസ വരിസംഖ്യ. മെക്‌സിക്കോയില്‍ ഏകദേശം 200 രൂപയും ജപ്പാനില്‍ 188 രൂപയും ഫിലിപ്പീന്‍സില്‍ 100 രൂപയുമാണ് നിലവില്‍ ഈടാക്കുന്നത്.
പരസ്യങ്ങളില്‍ നിന്നുള്ള വരുമാനത്തിന് പുറമെ മറ്റ് സ്രോതസ്സുകള്‍ കണ്ടെത്തുക എന്ന മെറ്റയുടെ തന്ത്രത്തിന്റെ ഭാഗമായാണ് ഈ പുതിയ നീക്കം. സ്‌നാപ്ചാറ്റ് പ്ലസ്, എക്‌സ് പ്രീമിയം തുടങ്ങിയ സബ്‌സ്‌ക്രിപ്ഷന്‍ സേവനങ്ങളുടെ വിജയമാണ് മെറ്റയെ ഇതിന് പ്രേരിപ്പിച്ചത്. ഇന്‍സ്റ്റാഗ്രാം പ്ലസ് വരിക്കാര്‍ക്ക് ലഭിക്കുന്ന ഏറ്റവും ആകര്‍ഷകമായ ഫീച്ചര്‍ സ്റ്റോറികള്‍ അജ്ഞാതമായി കാണാനുള്ള സൗകര്യമാണ്. സാധാരണയായി ഒരാളുടെ സ്റ്റോറി കണ്ടാല്‍ അത് പോസ്റ്റ് ചെയ്ത വ്യക്തിക്ക് കാണാന്‍ സാധിക്കും. എന്നാല്‍ ഇന്‍സ്റ്റാഗ്രാം പ്ലസ് വരിക്കാര്‍ സ്റ്റോറി കണ്ടാല്‍ പോസ്റ്റ് ചെയ്തയാള്‍ക്ക് അത് അറിയാന്‍ കഴിയില്ല. കൂടാതെ, നിങ്ങളുടെ സ്റ്റോറി എത്രപേര്‍ വീണ്ടും കണ്ടു (Rewatch count) എന്ന് മനസ്സിലാക്കാനും ഇതിലൂടെ സാധിക്കും.
നിലവില്‍ ഒരു 'ക്ലോസ് ഫ്രണ്ട്‌സ്' ലിസ്റ്റ് മാത്രമേ ഉണ്ടാക്കാന്‍ സാധിക്കൂ എങ്കില്‍, ഇന്‍സ്റ്റാഗ്രാം പ്ലസ് ഉപയോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് ഓഡിയന്‍സ് ലിസ്റ്റുകള്‍ തയ്യാറാക്കാം. സ്റ്റോറികളുടെ കാലാവധി അധികമായി 24 മണിക്കൂര്‍ കൂടി നീട്ടാനും ആഴ്ചയിലൊരിക്കല്‍ നിങ്ങളുടെ സ്റ്റോറി എല്ലാവരുടെയും ലിസ്റ്റില്‍ ആദ്യം വരാന്‍ 'സ്പോട്ട്ലൈറ്റ്' ചെയ്യാനും ഈ സേവനത്തിലൂടെ സാധിക്കും. സ്റ്റോറികളില്‍ അയക്കാന്‍ സാധിക്കുന്ന ആനിമേറ്റഡ് 'സൂപ്പര്‍ ലൈക്കുകളും' വ്യൂവേഴ്‌സ് ലിസ്റ്റില്‍ നിന്ന് പ്രത്യേക വ്യക്തികളെ തിരയാനുള്ള സൗകര്യവും ഇതിലുണ്ട്.






